പണം ഇറക്കണമെങ്കിൽ പാക്ക് താരങ്ങളെ പുറത്താക്കണം! ‘ദ് ഹണ്ട്രഡിൽ’ അപ്രഖ്യാപിത വിലക്ക്, ഒഴിവാക്കാൻ ‘ഇന്ത്യൻ’ ടീമുകൾ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: February 20, 2026 02:45 PM IST

1 minute Read

 ARIF ALI / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ. Photo: ARIF ALI / AFP

ലണ്ടന്‍∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ‘ദ് ഹണ്ട്രഡിൽ’ പാക്ക് ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കാന്‍ സാധ്യത. ഹണ്ട്രഡിൽ ഐപിഎൽ ടീമുകളുടെ ഉടമസ്ഥതയിലുള്ള ടീമുകളാണ് പാക്ക് താരങ്ങൾ കരാർ നൽകേണ്ടെന്ന തീരുമാനത്തിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം നടക്കുന്ന താരലേലത്തിൽ പാക്ക് താരങ്ങളെ ഈ ഫ്രാഞ്ചൈസികൾ വാങ്ങില്ല. ജൂലൈ 21 മുതൽ ഓഗസ്റ്റ് 16 വരെ നടക്കുന്ന ടൂർണമെന്റിൽ താരങ്ങളുടെ വരുമാനത്തിലടക്കം വലിയ വർധനയാണു പ്രതീക്ഷിക്കുന്നത്. സ്വകാര്യ നിക്ഷേപം വന്നതോടെയുള്ള ആനുകൂല്യം പാക്ക് താരങ്ങളും പ്രതീക്ഷിച്ചിരിക്കെയാണ് ഫ്രാഞ്ചൈസികൾ നിർണായക തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.

നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് 2009ന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിപ്പിച്ചിട്ടില്ല. ‘ഹണ്ട്രഡിൽ’ ഇന്ത്യൻ  ഉടമകൾ പാക്കിസ്ഥാൻ താരങ്ങളെ മാറ്റിനിർത്തിയാൽ, നാലു ടീമുകളിൽ താരങ്ങൾക്കു കളിക്കാൻ സാധിക്കില്ല. എട്ടു ടീമുകൾ കളിക്കുന്ന ടൂർണമെന്റിൽ, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, എംഐ ലണ്ടൻ, സതേൺ ബ്രേവ്, സൺറൈസേഴ്സ് ലീ‍ഡ്സ് ടീമുകളുടെ ഉടമകൾ ഇന്ത്യക്കാരാണ്.

അതേസമയം ലീഗിലേക്ക് ഇന്ത്യൻ നിക്ഷേപം കൊണ്ടുവരുന്നതിനായി, പാക്ക് താരങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് അനൗദ്യോഗികമായി ധാരണയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. 18 രാജ്യങ്ങളിൽനിന്നായി ആയിരത്തോളം താരങ്ങളാണ് ‘ദ് ഹണ്ട്രഡ്’ ലേലത്തിനായി റജിസ്റ്റർ ചെയ്തത്. മുഹമ്മദ് ആമിർ, ഷഹീൻ ഷാ അഫ്രീദി, ശതാബ് ഖാൻ, ഹാരിസ് റൗഫ് തുടങ്ങി പ്രധാന പാക്ക് താരങ്ങളെല്ലാം ഹണ്ട്രഡ് ടൂർണമെന്റിൽ കളിക്കുന്നവരാണ്.

അതേസമയം യുഎഇയിലെ ട്വന്റി20 ലീഗിൽ ഇന്ത്യൻ ഫ്രാഞ്ചൈസികൾ നിയന്ത്രിക്കുന്ന എംഐ ലണ്ടനിലും സതേൺ ബ്രേവിലും നാലു സീസണുകളിലായി ഒരു പാക്ക് താരത്തെപ്പോലും കളിപ്പിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗിലും പാക്കിസ്ഥാൻ താരങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ലീഗിലെ ആറു ടീമുകൾക്കും ഇന്ത്യൻ ഉടമകളാണ്.

Read Entire Article