പതിനെട്ടുകാരന്റെ ലോങ് റേഞ്ചർ, പകരക്കാരന്റെ കിടിലൻ ഗോൾ; ബോസ്‌നിയ‌യ്‌ക്ക് തകർപ്പൻ ജയം, ഖത്തർ പുറത്ത് (3-1)

3 weeks ago 4

ജെഫിൻ പി. മാത്യു

ജെഫിൻ പി. മാത്യു

Published: June 25, 2026 01:50 AM IST Updated: June 25, 2026 07:50 AM IST

2 minute Read

ഫിഫ ലോകകപ്പിൽ ഖത്തറിനെതിരെ ഗോൾ നേടിയ ബോസ്‌നിയ താരം കെരിം അലാജ്ബെഗോവിച്ച് (ഇടത്). (Photo by Stu Forster / GETTY IMAGES NORTH AMERICA / Getty Images via AFP)
ഫിഫ ലോകകപ്പിൽ ഖത്തറിനെതിരെ ഗോൾ നേടിയ ബോസ്‌നിയ താരം കെരിം അലാജ്ബെഗോവിച്ച് (ഇടത്). (Photo by Stu Forster / GETTY IMAGES NORTH AMERICA / Getty Images via AFP)

സിയാറ്റിൽ∙ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെ 3-1 ന് തോൽപ്പിച്ച് ബോസ്നിയ. വിജയത്തോടെ ബോസ്നിയ നോക്കൗട്ട് (റൗണ്ട് ഓഫ് 32) സാധ്യതകൾ സജീവമാക്കിയപ്പോൾ ഖത്തർ ടൂർണമെന്റിൽനിന്നു പുറത്തായി. കെരിം അലാജ്ബെഗോവിച്ച് (29), ഇർമിൻ മഹ്മിച് (80') എന്നിവർ ബോസ്‌നിയയ്ക്കു വേണ്ടി സ്കോർ ചെയ്തപ്പോൾ ഖത്തർ താരം സുൽത്താൻ അൽ ബ്രേക്ക് (34') സെൽഫ് ഗോൾ വഴങ്ങി. ക്യാപ്റ്റൻ ഹസ്സൻ അൽ ഹെയ്ദോസാണ് ഖത്തറിന്റെ ആശ്വാസ ഗോൾ നേടിയത്. മലയാളി താരം തഹ്‌സീൻ മുഹമ്മദിന് ഈ മത്സരത്തിലും അവസരം ലഭിച്ചില്ല. ഇതോടെ ലോകകപ്പിൽ ഒരു മലയാളി പന്തുതട്ടുന്നതിനുള്ള കാത്തിരിപ്പ് നീളും.

What you should work next

തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്ന ബോസ്നിയ ആദ്യ 35 മിനിറ്റിൽ തന്നെ രണ്ടു ഗോളുകളുടെ ലീഡ് നേടി. ഇതിലൊരെണ്ണം ഖത്തറിന്റെ സെൽഫ് ഗോളാണ്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഖത്തർ ഒരു ഗോൾ മടക്കി തിരിച്ചടിച്ചു. 29–ാം മിനിറ്റിൽ പതിനെട്ടുകാരനായ യുവതാരം കെരിം അലാജ്ബെഗോവിച്ചാണ് ബോസ്നിയയ്ക്കായി ആദ്യ ഗോൾ നേടിയത്. ഇവാൻ ബാസിച്ചിന്റെ അസിസ്റ്റിൽ നിന്ന് ഖത്തർ പ്രതിരോധനിരയെ മറികടന്ന് ബോക്സിന് പുറത്തുനിന്ന് അലാജ്ബെഗോവിച്ച് തൊടുത്ത ലോങ് റേഞ്ചർ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ പതിക്കുകയായിരുന്നു.

ബോസ്നിയയുടെ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ഖത്തർ താരം സുൽത്താൻ അൽ ബ്രേക്കിന്റെ പിഴവിൽനിന്നാണ് ബോസ്നിയയ്ക്ക് രണ്ടാം ഗോൾ ലഭിച്ചത്. 34–ാം മിനിറ്റിൽ എഡിൻ ഡിസെക്കോ ബോക്സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ അൽ ബ്രേക്കിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. സ്കോർ 2–0.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഖത്തർ ഒരു ഗോൾ മടക്കിയത്. എഡ്മിൽസൺ ജൂനിയർ നൽകിയ ലോ ക്രോസ് സ്വീകരിച്ച് ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ ഹെയ്ദോസ് പന്ത് വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത്, ഖത്തറിന് സമനില പിടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. അക്രം അഫീഫിന്റെ പാസിൽ നിന്ന് പെഡ്രോ മിഗ്വൽ തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. ഇതോടെ ഹാഫ് ടൈമിന് വിസിൽ മുഴങ്ങുമ്പോൾ സ്കോർ 2–1.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഖത്തർ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഖത്തറിന്റെ സൂപ്പർ താരം അക്രം അഫീഫിന്റെ നേതൃത്വത്തിൽ സമനിലയ്ക്കായി അവർ മികച്ച മുന്നേറ്റങ്ങൾ നടത്തി. കളിയിൽ ഖത്തർ സമ്മർദ്ദം ചെലുത്തിയതോടെ ബോസ്നിയൻ ക്യാംപ് പതറി. എന്നാൽ 64-ാം മിനിറ്റിൽ ബോസ്നിയൻ കോച്ച് വരുത്തിയ തന്ത്രപരമായ മാറ്റങ്ങൾ കളിയുടെ ഗതി മാറ്റി. നായകൻ എഡിൻ ഡിസെക്കോയെ പിൻവലിച്ച് ഇർമിൻ മഹ്മിചിനെ കളത്തിലിറക്കിയത് ബോസ്നിയയ്ക്ക് ഗുണം ചെയ്തു. 80-ാം മിനിറ്റിൽ മഹ്മിച് നേടിയ ഗോൾ ഖത്തറിന്റെ തിരിച്ചുവരവ് പ്രതീക്ഷകളെ പൂർണമായി തകർത്തു.

ഇവാൻ ബാസിച്ചിന്റെ ഫ്രീക്കിക്കിൽ നിന്ന് ഡെന്നിസ് ഹാഡ്ജികാഡുനിച് നൽകിയ പാസ് സ്വീകരിച്ച ഇർമിൻ മഹ്മിച്, ഖത്തർ ഗോൾകീപ്പർ അബുനാദയെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ഗോൾ നേട്ടത്തിന് ശേഷം ജഴ്സി ഊരി ആഹ്ലാദം പ്രകടിപ്പിച്ചതിന് മഹ്മിചിന് റഫറി മഞ്ഞക്കാർഡ് നൽകി. എങ്കിലും ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ബോസ്‌നിയയ്ക്ക് ആഹ്ലാദം തന്നെ. ഒരു മത്സരം പോലും ജയിക്കാനാകാതെ ഖത്തറിന് നിരാശയോടെ മടക്കം.

English Summary:

FIFA World Cup 2026: Bosnia and Herzegovina vs Qatar LIVE Updates

Read Entire Article