പന്തു തട്ടിയ സ്വപ്നം, മഡ്രിഡിൽ ഫുട്ബോൾ ക്ലബ്ബിന്റെ സഹപരിശീലകനായി കണ്ണൂർ സ്വദേശി

1 month ago 5

സ്പെയിനിന്റെ തലസ്ഥാനം മാഡ്രിഡ് ആണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. കാരണമെന്തെന്നല്ലേ? കാൽപന്തുലോകം അറിയുന്ന ഫുട്ബോൾ ക്ലബ് ഈ നഗരത്തിലാണ്, പേര് റയൽ മാഡ്രിഡ്. സൗത്ത് മാഡ്രിഡിലെ ഫുട്ബോൾ ക്ലബ് എഡി അൽകോർകോൺ ഇപ്പോൾ മലയാളികൾക്കും സുപരിചിതമായിത്തുടങ്ങി. എങ്ങനെയെന്നല്ലേ, ഈ സ്പാനിഷ് ഫുട്ബോൾ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റത് കണ്ണൂർ ചെറുപുഴ സ്വദേശി ജിദിൻ ജനാർദനനാണ്.റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, ഗേറ്റഫെ സിഫ്, റയോവയെക്കാനോ, ലേഗാനേസ് എന്നിവ കഴിഞ്ഞാൽ വലിയ ഫുട്ബോൾ ക്ലബ്. സ്പെയിനിലെ മൂന്നാംഡിവിഷൻ ക്ലബ്. ക്ലബ്ബിന്റെ റിസർവ് ടീം സഹപരിശീലകനാണു ജിദിൻ. നിലവിൽ യൂറോപ്യൻ പ്രഫഷനൽ ഫുട്ബോളിൽ പരിശീലകനാകുന്ന ഒരേയൊരു ഇന്ത്യക്കാരനാണ് ജിദിൻ ജനാർദനൻ. ഫിഫ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന വിദേശ രാജ്യത്തെ ഒരു ടീമിന്റെ പരിശീലക കുപ്പായത്തിലൂടെ ഇന്ത്യൻ ഫുട്ബോളിനുത്തന്നെ അഭിമാനമായി മാറിയിരിക്കയാണ് ഈ മലയോരത്തുകാരൻ.

സ്പെയിനിലേക്ക് പന്തുരുണ്ട വഴി

‘ബിരുദ പഠനത്തിനുശേഷം എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ആഗ്രഹിച്ചു. ഫുട്ബോളിനെ സ്നേഹിക്കുന്ന എനിക്കു സ്പെയിൻ സ്വപ്നഭൂമി കൂടിയാണ്. റയൽ മാഡ്രിഡ് ഗ്രജ്വേറ്റ് സ്കൂളിലെ ഫുട്ബോൾ കോച്ചിങ് ആൻഡ് മാനേജ്മെന്റ് എന്ന കോഴ്സിനെപ്പറ്റി അറിയാനിടയായി. കോഴ്സിന് അപേക്ഷ അയച്ചു. സിലക്ട് ആയി. ഒരു പ്രഫഷനൽ ഫുട്ബോളർ അല്ലാത്ത എനിക്കു ഭാഷയും പ്രഫഷനൽ കോച്ചിങ്ങുമൊക്കെ ആശങ്കയായിരുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ സമ്മർദമില്ലാതെ പഠനം നടത്തി. ഈ സ്കൂളിൽനിന്ന് ഫുട്ബോൾ കോച്ചിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം നേടി. എഡി അൽകോർകോൺ സി ടീമിലെ ഇന്റേൺഷിപ്പാണു വഴിത്തിരിവായത്. ജിദിന്റെ മിടുക്ക് മനസിലാക്കിയ കോച്ച് അലക്സാണ്ടർ തൻചെസ്കി 2023–24 സീസണിൽ ടീമിന്റെ സ്ഥിരം സ്റ്റാഫായി നിയമിച്ചു.  ഈ സീസണിലാണ് അൽകോർകോൺ ബി ടീമിന്റെ സഹപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചത്’ – ജിദിൻ പറയുന്നു.

സ്വപ്നം

ഫുട്‌ബോൾ കരിയറാക്കാൻ ഇന്ത്യയിലെ മാതാപിതാക്കൾ മക്കൾക്കു ധൈര്യം നൽകണമെന്നാണ് ജിദിൻ പറയുന്നത്. ഫുട്‌ബോളിൽനിന്ന് നല്ലൊരു ജീവിതം നേടാനാകില്ല എന്നൊരു ചിന്ത മാതാപിതാക്കൾക്ക് ഉണ്ടാകരുത്. കുട്ടികൾ കളിച്ചുവളരട്ടെയെന്നും അതിലൂടെ നല്ലൊരു ജീവിതം നേടിയെടുക്കട്ടെയെന്നും ചിന്തിക്കുന്ന മാതാപിതാക്കളുണ്ടാകണം. ഫസ്റ്റ് ഡിവിഷനിലെ ഏതെങ്കിലും പ്രധാന ടീമിനെ പരിശീലിപ്പിക്കണമെന്നതും ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി മാറണമെന്നതുമാണു തന്റെ ആഗ്രഹമെന്നു ജിദിൻ പറയുന്നു.

കുടുംബം

പിതാവ് ജനാർദനൻ ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്നു. അമ്മ ദീപ വീട്ടമ്മയാണ്.  ശ്രീഹരിയും പ്രാർഥനയുമാണ് സഹോദരങ്ങൾ. ജിദിൻ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നത് യുഎഇയിൽ. ഷാർജ ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ്സ് വരെ പഠിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കി.

English Summary:

Meet Jidin Janardhanan: The First Indian Coach successful European Professional Football

Read Entire Article