പന്തെടുത്തു നൽകാൻ കുനിഞ്ഞ് പാക്ക് ബാറ്റർ, കിട്ടിയ തക്കത്തിന് റൺഔട്ടാക്കി ബംഗ്ലദേശ് ബോളർ, ഗ്രൗണ്ടിൽ രോഷപ്രകടനം- വിഡിയോ

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: March 14, 2026 09:05 AM IST

1 minute Read

 MUNIR UZ ZAMAN / AFP
മെഹ്ദി ഹസന്‍ മിറാസിനോട് തർക്കിക്കുന്ന സൽ‍മാൻ ആഗ. Photo: MUNIR UZ ZAMAN / AFP

മിർപുർ∙ പാക്കിസ്ഥാൻ‍– ബംഗ്ലദേശ് രണ്ടാം ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങള്‍. പാക്കിസ്ഥാന്‍ മധ്യനിര താരം സൽമാൻ അലി ആഗ റൺഔട്ടായതിനു പിന്നാലെ രോഷത്തിൽ ഗ്ലൗവും ഹെൽമറ്റും ഊരിയെറിഞ്ഞു. പന്ത് എടുത്തുകൊടുക്കാൻ ശ്രമിച്ച സൽമാൻ ആഗയെ, ബംഗ്ലദേശ് ബോളർ മെഹ്‍ദി ഹസൻ മിറാസ് തന്ത്രപൂർവം പുറത്താക്കിയതാണ് പാക്ക് ടീം ക്യാംപിനെയാകെ ഞെട്ടിച്ചത്. ട്വന്റി20 ലോകകപ്പിലെ തിരിച്ചടിയുടെ ക്ഷീണം മാറ്റാനാണ്, പാക്കിസ്ഥാൻ ബംഗ്ലദേശിലേക്ക് പര്യടനം നടത്തുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാൻ തോൽവി വഴങ്ങിയിരുന്നു.

രണ്ടാം പോരാട്ടത്തിൽ പാക്കിസ്ഥാൻ താരം ദയനീയമായി പുറത്താകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. സംഭവം ഇങ്ങനെ. മത്സരത്തിന്റെ 39–ാം ഓവറിലെ നാലാം പന്തിലാണ് സൽമാൻ ആഗ പുറത്താകുന്നത്. മെഹ്ദി ഹസൻ മിറാസിന്റെ പന്ത് മുഹമ്മദ് റിസ്‍വാൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കാണു പ്രതിരോധിച്ച് ഇട്ടത്. ഈ സമയത്ത് ക്രീസിനു വെളിയിൽ നിൽക്കുകയായിരുന്ന സൽമാൻ ആഗ ബംഗ്ലദേശ് ബോളർക്കു പന്തെടുത്തു നൽകാന്‍ കുനിയുകയായിരുന്നു. എന്നാൽ കിട്ടിയ തക്കത്തിന് പന്തെടുത്തു ബെയ്ൽ ഇളക്കി ബംഗ്ലദേശ് താരം മെഹ്‍ദി ഹസൻ മിറാസ് വിക്കറ്റിനായി അപ്പീൽ ചെയ്തു.

വിക്കറ്റു പോയപ്പോഴും എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാതെ ഞെട്ടിനിൽക്കുകയായിരുന്നു പാക്ക് ബാറ്റർ. അപ്രതീക്ഷിതമായ ബംഗ്ലദേശ് നീക്കത്തിൽ‍ ക്രീസിലേക്കു കയറാന്‍ പോലും പാക്ക് ബാറ്റർ തയാറായില്ല. ഗ്രൗണ്ടിൽ‍ വച്ചു തന്നെ ഹെൽമറ്റും ഗ്ലൗവും ഊരിയെറിഞ്ഞ സൽമാൻ ആഗ തേർഡ് അംപയർ ഔട്ട് വിളിച്ചതോടെ ഗ്രൗണ്ടില്‍നിന്നു മടങ്ങി. രോഷത്തോടെ മടങ്ങിയ പാക്ക് താരം ഗ്രൗണ്ടിനു വെളിയിലും ഹെൽമറ്റ് വലിച്ചെറിഞ്ഞു. മത്സരത്തിൽ 62 പന്തുകൾ നേരിട്ട സൽമാൻ ആഗ 64 റൺസടിച്ചാണു പുറത്തായത്.

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 47.3 ഓവറിൽ 274 റൺസടിച്ചു പുറത്തായി. മഴയെ തുടര്‍ന്ന് ഡിഎൽഎസ് നിയമ പ്രകാരം വിജയലക്ഷ്യം 243 ആക്കിയെങ്കിലും, ബംഗ്ലദേശ് 23.3 ഓവറിൽ 114 റൺസെടുത്തു പുറത്തായി. പാക്കിസ്ഥാന് 128 റൺസ് വിജയം. ഇതോടെ പരമ്പര 1–1 എന്ന നിലയിലായി.

English Summary:

Cricket Controversy: Mehidy Hasan Miraz's Clever Dismissal of Salman Ali Agha

Read Entire Article