Published: March 31, 2026 06:05 PM IST
1 minute Read
ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ പാക്കിസ്ഥാൻ താരം ഫഖർ സമാനെതിരെ നടപടിയെടുത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). താരത്തിന് പിഎസ്‌എലിലെ രണ്ടു മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയതായി പിസിബി അറിയിച്ചു. ടൂർണമെന്റിന്റെ പെരുമാറ്റച്ചട്ട പ്രകാരം ‘ലെവൽ 3’ കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പന്തിന്റെ അവസ്ഥയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 2.14ന്റെ ലംഘനമാണ് താരം നടത്തിയത്. മാർച്ച് 29ന് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ലഹോർ ഖലന്ദേഴ്സും കറാച്ചി കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
കറാച്ചി കിങ്സിന്റെ ഇന്നിങ്സിലെ അവസാന ഓവറിന് തൊട്ടുമുൻപ്, ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെയാണ് വിവാദമായ സംഭവം നടന്നത്. ഓവറിന് മുൻപ് ഹാരിസ് റൗഫ്, ഖലന്ദേഴ്സ് ക്യാപ്റ്റൻ ഷഹീൻ അഫ്രീദി എന്നിവരുമായി ഫഖർ സമാൻ ചർച്ച നടത്തുന്നത് കണ്ടിരുന്നു. തൊട്ടുപിന്നാലെ അംപയർ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും, സഹ അംപയറുമായി ചേർന്ന് പരിശോധിച്ച ശേഷം പന്തിൽ കൃത്രിമം നടത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു.
പന്തിൽ കൃത്രിമം കാണിച്ചതിന് ലാഹോർ ഖലന്ദേഴ്സിന് അഞ്ച് റൺസ് പെനൽറ്റി വിധിച്ച അംപയർമാർ തുടർന്ന് പന്തു മാറ്റുകയും ചെയ്തു. ഇതോടെ അവസാന ഓവറിൽ കറാച്ചി കിങ്സിന്റെ വിജയലക്ഷ്യം ഒൻപത് റൺസായി കുറഞ്ഞു. ഹാരിസ് റൗഫിനെ ഒരു ഫോറും സിക്സറും അടിച്ച് അബ്ബാസ് അഫ്രീദി വിജയം ഉറപ്പിച്ചു.
ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, ‘‘ലെവൽ 3 കുറ്റത്തിന് കുറഞ്ഞത് ഒരു മത്സരത്തിലെയോ അല്ലെങ്കിൽ പരമാവധി രണ്ടു മത്സരങ്ങളിലെയോ വിലക്കാണ് ലഭിക്കുക. ഇതിൽ പരമാവധി ശിക്ഷയാണ് ഫഖറിന് ലഭിച്ചത്. ഇതോടെ ഏപ്രിൽ 3ന് ലഹോറിൽ മുൾട്ടാൻ സുൽത്താൻസിനെതിരെയും ഏപ്രിൽ 9ന് കറാച്ചിയിൽ ഇസ്‌ലാമാബാദ് യുണൈറ്റഡിനെതിരെയും നടക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.’’
പന്ത് ചുരണ്ടൽ സംഭവവും ടീം ഹോട്ടലിലെ സുരക്ഷാ വീഴ്ചയും പിസിബി മുതിർന്ന ഉദ്യോഗസ്ഥർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും, പെരുമാറ്റച്ചട്ട നിയമങ്ങൾക്കനുസൃതമായി ഖലന്ദേഴ്സ് മാനേജ്‌മെന്റ് നടപടികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയതായും പിസിബി വൃത്തം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ടീം ഹോട്ടലിൽ പുറത്തുനിന്നുള്ള അതിഥികളെ പ്രവേശിപ്പിച്ചതിന് ലഹോർ ഖലന്ദേഴ്സ് ക്യാപ്റ്റൻ ഷഹീൻ അഫ്രീദിക്ക് പത്തു ലക്ഷം പാക്കിസ്ഥാൻ രൂപ പിഴ ചുമത്തിയിരുന്നു.
English Summary:








English (US) ·