പരമ്പരകൾ ഇല്ല, ഏഷ്യാകപ്പിൽനിന്ന് പുറത്താകും, വിദേശ താരങ്ങൾ വരില്ല; ഭീഷണിക്കിടെ പാക്കിസ്ഥാനു മുന്നറിയിപ്പ്

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 25, 2026 03:46 PM IST

1 minute Read

pakistan-cricket-team
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ

ദുബായ്∙ ബംഗ്ലദേശിനു പിന്നാലെ ട്വന്റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്നു ഭീഷണി ഉയർത്തിയ പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. പാക്കിസ്ഥാൻ ക്രിക്കറ്റ് കൗൺസിൽ തലവൻ മൊഹ്‍സിൻ നഖ്‍വിയുടെ പ്രതികരണങ്ങളാണ് ഐസിസിയെ പ്രകോപിപ്പിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ലോകകപ്പ് കളിക്കണോയെന്ന് പാക്ക് പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് നഖ്‍വി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബംഗ്ലദേശിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പാക്കിസ്ഥാന്റെ നീക്കം.

പാക്കിസ്ഥാൻ ലോകകപ്പിൽനിന്ന് പിൻവാങ്ങിയാൽ വിലക്കുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. ഐസിസി അംഗത്വമുള്ള ടീമുകളുമായുള്ള മത്സരങ്ങൾ കളിക്കാൻ പാക്ക് ടീമിന് പിന്നീട് അവസരം ലഭിക്കില്ല. വിദേശ താരങ്ങളെ പാക്ക് സൂപ്പർ ലീഗ് കളിക്കാൻ അനുവദിക്കുന്ന എൻഒസി അനുവദിക്കില്ല. ഏഷ്യാകപ്പിൽനിന്നു പുറത്താക്കൽ നടപടിയും പാക്കിസ്ഥാൻ നേരിടേണ്ടിവരും.

ഐസിസി ബംഗ്ലദേശിനോട് അനീതിയാണു കാണിച്ചതെന്ന് മൊഹ്സിൻ നഖ്‍വി നേരത്തേ പ്രതികരിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ഐസിസി വോട്ടിനിട്ട് തള്ളിയിരുന്നു. പാക്കിസ്ഥാൻ മാത്രമാണ് ഐസിസി യോഗത്തിൽ ബംഗ്ലദേശിന് അനുകൂലമായി വോട്ടു ചെയ്തത്. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് ആവർത്തിച്ചതോടെ ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു പുറത്താക്കി.

പാക്കിസ്ഥാനും ഇന്ത്യയും നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം, ലോകകപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണു നടക്കുന്നത്. ഇന്ത്യയിലേക്കു വരാൻ പാക്കിസ്ഥാൻ എതിർപ്പറിയിച്ചതിനെ തുടർ‌ന്നായിരുന്നു മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തിയത്. പങ്കാളിത്തത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ലോകകപ്പിനുള്ള ടീമിനെ പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. സൽമാൻ അലി ആഗയാണു ടീം ക്യാപ്റ്റൻ.

സീനിയർ താരങ്ങളായ മുഹമ്മദ് റിസ്‍വാനും ഹാരിസ് റൗഫും ടീമിൽ ഇല്ല. അതേസമയം ഫോമിലല്ലാതിരുന്നിട്ടും ബാബർ അസം 15 അംഗ ടീമിൽ ഇടം പിടിച്ചു. എ ഗ്രൂപ്പിൽ ഇന്ത്യ, നെതര്‍ലൻഡ്സ്, യുഎസ്എ, നമീബിയ ടീമുകൾക്കൊപ്പമാണ് പാക്കിസ്ഥാൻ ലോകകപ്പ് കളിക്കേണ്ടത്.

English Summary:

ICC warns Pakistan aft officials threatened to boycott the T20 World Cup pursuing Bangladesh's situation, perchance facing bans and restrictions connected planetary cricket and leagues.

Read Entire Article