ജയ്പുർ ∙ കഴിഞ്ഞ മത്സരത്തിൽ 75 റൺസിന് ഓൾഔട്ടായതിന്റെ ക്ഷീണം 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് ഡൽഹി തീർത്തു. രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കുശേഷമാണ് വിജയവഴിയിലേക്ക് ഡൽഹി തിരിച്ചെത്തിയത്. എട്ടു പോയിന്റുമായി ചെന്നൈയെ മറികടന്ന് ആറാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. പോയിന്റ് ടേബിളിൽ ഒന്നാമതാകാനുള്ള അവസരമാണ് രാജസ്ഥാനു നഷ്ടമായത്. 12 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്ത് തുടരുന്നു.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർണാരായ പാത്തും നിസ്സങ്കയും കെ.എൽ.രാഹലും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്കു നൽകിയത്. കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കണമെന്ന ലക്ഷ്യബോധത്തോടെ തന്നെ ഇരുവരും ബാറ്റു വീശിയപ്പോൾ പവർപ്ലേ അവസാനിക്കുമ്പോൾ ഡൽഹി സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 70ൽ എത്തി. രാജസ്ഥാനെതിരെ ഡൽഹിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. 23 പന്തിലാണ് നിസ്സങ്ക ഐപിഎലിലെ തന്നെ കന്നി അർധസെഞ്ചറി കുറിച്ചത്. പത്താം ഓവറിൽ നിസ്സങ്കയെ വിക്കറ്റിനു മുന്നിൽ കുരുക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് തകർക്കുമ്പോൾ ഡൽഹി സ്കോർ 110ൽ എത്തിയിരുന്നു. 3 സിക്സും ആറു ഫോറുമടങ്ങുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിങ്സ്.
മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയും രാഹുലിന് ഉറച്ച പിന്തുണ നൽകിയതോടെ റൺറേറ്റ് താഴാതെ ഡൽഹി കുതിച്ചു. 27 പന്തിലാണ് സീസണിലെ മൂന്നാം അർധസെഞ്ചറി രാഹുൽ പൂർത്തിയാക്കിയത്. രണ്ടാം വിക്കറ്റിൽ രാഹുലും റാണയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. അടുത്ത ഓവറുകളിൽ റാണയെ തുഷാർ ദേഷ്പാണ്ഡെയും രാഹുലിനെ ജോഫ്ര ആർച്ചറുമാണ് വീഴ്ത്തിയത്. എന്നാൽ അപ്പോഴേയ്ക്കും ഡൽഹി ഏകദേശം വിജയത്തിന് അടുത്തെത്തിയിരുന്നു. നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സ്– അശുതോഷ് ശർമയും കരുതലോടെ ബാറ്റു വീശിയതോടെ ഡൽഹിക്ക് സീസണിലെ നാലാം ജയം.
∙ പകരം വീട്ടി പരാഗ്ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ സീസണിലെ ആദ്യ അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗ് (50 പന്തിൽ 90), അവസാന ഓവറുകളിൽ കത്തിക്കയറിയ ഡൊണോവൻ ഫെരേര (14 പന്തിൽ 47*), ധ്രുവ് ജുറേൽ (30 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്കോറിലെത്തിച്ചത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 225 റൺസ് നേടിയത്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും (3 പന്തിൽ 6) വൈഭവ് സൂര്യവംശിക്കും (2 പന്തിൽ 4) ഇന്നു തിളങ്ങാനായില്ല. ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ ഇരുവരെയും മിച്ചൽ സ്റ്റാർക്കും കൈൽ ജാമിസനും ചേർന്നു പറഞ്ഞയച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജുറേൽ–പരാഗ് സഖ്യത്തിന്റെ സെഞ്ചറി കൂട്ടുകെട്ട് രാജസ്ഥാന് മികച്ച അടിത്തറ നൽകുകയായിരുന്നു. ഇരുവരും ചേർന്ന് 102 റൺസ് കൂട്ടിച്ചേർത്തു. 12–ാം ഓവറിൽ ജുറേൽ പുറത്താകുമ്പോൾ രാജസ്ഥാൻ സ്കോർ 114ൽ എത്തിയിരുന്നു.
പിന്നീട് രവീന്ദ്ര ജഡേജയുമായി (14 പന്തിസൽ 20) ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ടും പരാഗ് സൃഷ്ടിച്ചു. അഞ്ച് സിക്സും എട്ടു ഫോറുമടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്സ്. ഇ–സിഗരറ്റ് വലിച്ചതിനു പിഴശിക്ഷയടക്കം ലഭിച്ചശേഷമുള്ള ആദ്യ മത്സരത്തിലായിരുന്നു ബാറ്റുകൊണ്ട് പരാഗിന്റെ മറുപടി. 17–ാം ഓവറിൽ മിച്ചൽ സ്റ്റർക്കാണ് പരാഗിനെയും ജഡേജയെയും വീഴ്ത്തിയത്. എന്നാൽ ആറാമനായി ഇറങ്ങിയ ഡൊണോവൻ ഫെരേരയുടെ ‘മിന്നൽ’ ബാറ്റിങ് രാജസ്ഥാൻ ടോട്ടൽ 225ൽ എത്തിക്കുകയായിരുന്നു. 18–ാം ഓവറിൽ 20 റൺസ്, 19 ഓവറിൽ 14 റൺസ്, 20 ഓവറിൽ 18 റൺസ് എന്നിങ്ങനെെയാണ് രാജസ്ഥാൻ നേടിയത്. ആറു സിക്സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഫെരേരയുടെ ഇന്നിങ്സ്. ഈ സീസണിൽ ആദ്യ മത്സരം കളിച്ച മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കൈൽ ജാമിസൻ, അക്ഷർ പട്ടേൽ, ടി.നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary:







English (US) ·