Published: March 31, 2026 09:41 AM IST Updated: March 31, 2026 09:58 AM IST
2 minute Read
ഗുവാഹത്തി ∙ ഐപിഎൽ പരിശീലനം വേണോ പത്താം ക്ലാസ് പരീക്ഷ വേണോ എന്ന ചോദ്യത്തിന് രണ്ടാമതൊന്നു ചിന്തിക്കാതെ ഐപിഎൽ മതിയെന്നായിരുന്നു വൈഭവ് സൂര്യവംശിയുടെ മറുപടി. പരീക്ഷ വരെ മാറ്റിവച്ചു നടത്തിയ പരിശീലനം വെറുതെയായില്ലെന്ന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പതിനഞ്ചുകാരൻ വൈഭവ് തെളിയിച്ചു. 17 പന്തിൽ 5 സിക്സും 4 ഫോറുമടക്കം 52 റൺസുമായി തകർത്തടിച്ച വൈഭവിന്റെ ബലത്തിൽ, രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127ന് ഓൾഔട്ടാക്കിയ രാജസ്ഥാൻ, 12.1 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ചെന്നൈ 19.4 ഓവറിൽ 127ന് ഓൾഔട്ട്. രാജസ്ഥാൻ 12.1 ഓവറിൽ 2ന് 128.
വണ്ടർ വൈഭവ്കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെ നിന്നു തന്നെ ഈ സീസൺ തുടങ്ങാനായിരുന്നു വൈഭവിന്റെ തീരുമാനം. നേരിട്ട ആദ്യ പന്തുമുതൽ അടിതുടങ്ങിയ പതിനഞ്ചുകാരൻ താരത്തിനു മുന്നിൽ ചെന്നൈ ബോളർമാർ വിയർത്തു. മാറ്റ് ഹെൻറിയും ജയ്മി ഓവർടനും ഖലീൽ അഹമ്മദുമെല്ലാം അണിനിരന്ന ചെന്നൈ പേസ് നിരയെ നിർദാക്ഷിണ്യം തല്ലിത്തകർത്ത വൈഭവ്, 15 പന്തിൽ തന്റെ അർധ സെഞ്ചറി പൂർത്തിയാക്കി. ഐപിഎലിലെ വേഗമേറിയ മൂന്നാമത്തെ അർധ സെഞ്ചറിയാണിത്. 2023 സീസണിൽ, 13 പന്തിൽ അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ പേരിലാണ് റെക്കോർഡ്.
പവർപ്ലേയിൽ 74 റൺസാണ് ജയ്സ്വാളിനൊപ്പം (36 പന്തിൽ 38 നോട്ടൗട്ട്) വൈഭവ് കൂട്ടിച്ചേർത്തത്. അംശുൽ കംബോജിന്റെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ, രാജസ്ഥാന് ജയിക്കാൻ 13.4 ഓവറിൽ 52 റൺസ് മാത്രം മതിയായിരുന്നു. 305.88 സ്ട്രൈക്ക് റേറ്റിൽ 5 സിക്സും 4 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. പിന്നാലെ ധ്രുവ് ജുറേലും (9 പന്തിൽ 18) വീണത് രാജസ്ഥാന്റെ വേഗം കുറച്ചെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിനെ (11 പന്തിൽ 14 നോട്ടൗട്ട്) കൂട്ടുപിടിച്ച ജയ്സ്വാൾ മറ്റു പരുക്കുകളില്ലാതെ ടീമിനെ വിജയത്തിൽ എത്തിച്ചു.
വിസിൽ മുഴങ്ങാതെ ചെന്നൈനേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്കായി, അരങ്ങേറ്റ മത്സരം കളിച്ച സഞ്ജു സാംസണ് 7 പന്തിൽ 6 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബോൾഡായി. ജോഫ്ര ആർച്ചർ എറിഞ്ഞ അടുത്ത ഓവറിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ (6) സ്റ്റംപും തെറിച്ചതോടെ ചെന്നൈ അപകടം മണത്തു. പവർപ്ലേ അവസാനിക്കും മുൻപ് രണ്ടു വിക്കറ്റ് കൂടി വീഴ്ത്തിയ രാജസ്ഥാൻ, ചെന്നൈയെ 4ന് 38 എന്ന സ്കോറിലേക്ക് തള്ളിയിട്ടു.
ചെന്നൈയിൽ നിന്ന് ഈ സീസണിൽ രാജസ്ഥാനിലേക്കെത്തിയ രവീന്ദ്ര ജഡേജയുടെ ‘ഷോ’ ആയിരുന്നു പിന്നാലെ ഗുവാഹത്തി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. സർഫറാസ് ഖാനെയും (17) ശിവം ദുബെയെയും (6) പുറത്താക്കിയ ജഡേജ, ചെന്നൈയെ വരിഞ്ഞുകെട്ടി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ചെന്നൈ ഒരുഘട്ടത്തിൽ 100 കടക്കില്ലെന്നു തോന്നിച്ചെങ്കിലും 10–ാം വിക്കറ്റിൽ അംശുൽ കംബോജിനൊപ്പം (7 നോട്ടൗട്ട്) 33 റൺസ് കൂട്ടിച്ചേർത്ത ജയ്മി ഓവർടൻ (43) ടീമിനെ 127 എന്ന സ്കോറിൽ എത്തിച്ചു. ഓവർടൻ, സർഫറാസ്, കാർത്തിക് ശർമ (18) എന്നിവർ ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചില്ല. രാജസ്ഥാനായി ആർച്ചർ, ബർഗർ, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·