പറയുന്നതെല്ലാം അസംബന്ധം, അവൻ ആരാണ്? അർജുനെ തൊട്ട അശ്വിനെതിരെ യോഗ്‍രാജ് സിങ്ങിന്റെ രൂക്ഷവിമർശനം

2 months ago 8

ഓൺലൈൻ ഡെസ്ക്

Published: March 26, 2026 11:51 AM IST

1 minute Read

 X@LSG
അർജുൻ തെൻഡുൽക്കർ യോഗ്‍രാജ് സിങ്ങിനൊപ്പം, അര്‍ജുൻ പരിശീലനത്തിൽ. Photo: X@LSG

മുംബൈ∙ യുവപേസര്‍ അർജുൻ തെൻഡുൽക്കർക്ക് ലക്നൗ സൂപ്പർ ജയന്റ്സിൽ തിളങ്ങാൻ സാധിക്കില്ലെന്നു പറഞ്ഞ ആര്‍. അശ്വിനെതിരെ രൂക്ഷവിമർ‍ശനവുമായി മുൻ‍ ഇന്ത്യൻ‌ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടി കളിക്കുന്ന അർജുൻ കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് ലക്നൗവിൽ ചേർന്നത്. കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നെങ്കിലും ടീമിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 2024 ഐപിഎലിൽ ഒരു മത്സരം മാത്രമായിരുന്നു താരം കളിച്ചത്. മികച്ച ഇന്ത്യൻ പേസര്‍മാർ കളിക്കുന്നതിനാൽ ലക്നൗ പ്ലേയിങ് ഇലവനിൽ അർജുന് അവസരങ്ങൾ പോലും ലഭിക്കില്ലെന്നായിരുന്നു അശ്വിന്റെ പ്രവചനം. എന്നാല്‍ ഇതു രസിക്കാതിരുന്ന യോഗ്‍രാജ് സിങ് രൂക്ഷഭാഷയിൽ അശ്വിനെ വിമർശിക്കുകയായിരുന്നു.

‘‘അയാൾ ഓരോ അസംബന്ധങ്ങൾ വിളിച്ചു പറയുകയാണ്. ഈ അശ്വിൻ ആരായാലും, മറ്റുള്ളവരെക്കുറിച്ച് എന്താണു പറയുന്നതെന്നു മനസ്സിലാക്കണം. ആരെങ്കിലുമൊക്കെ ടിവിയുടെ മുന്നിൽ ഇരുന്ന് അയാൾ അതു ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ പറയുകയാണ്. ഇതൊക്കെ പറയാൻ‍ അശ്വിൻ ആരാണ്?’’– യോഗ്‌രാജ് സിങ് ഒരു മാധ്യമത്തോടു പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് അർജുൻ തെൻഡുൽക്കർ യോഗ്‍രാജ് സിങ്ങിനു കീഴിൽ പരിശീലിച്ചിരുന്നു.

‘‘അവൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നപ്പോൾ അർജുന്‍ മികച്ച ബോളർ അല്ലെന്നു ഞാൻ യുവരാജിനോടു പറഞ്ഞിരുന്നു. അർജുന്റെ നട്ടെല്ലിനു പ്രശ്നങ്ങളുണ്ട്. അർജുനോടും ഗോവ ടീമിലെ അവന്റെ പരിശീലകനോടും ഞാൻ ഇതു പറഞ്ഞിട്ടുണ്ട്. ബാറ്റു ചെയ്യുമ്പോഴെല്ലാം അർജുൻ സിക്സുകളും ബൗണ്ടറികളും അടിക്കുകയാണ്. അർജുനെ എന്റെ അടുത്തേക്ക് അയക്കാൻ ഞാൻ അവന്റെ പരിശീലകനോടു പറഞ്ഞതാണ്. അർജുന്‍ ഇവിടെ ആറു മാസം പരിശീലിച്ചാൽ ലോകത്തിലെ മറ്റു ബാറ്റർമാരെയെല്ലാം അവൻ പിന്തള്ളും. ഇതെന്റെ വെല്ലുവിളിയാണ്. അല്ലെങ്കിൽ ഞാനെന്റെ താടി വെട്ടി ദൂരെ കളയാം.’’– യോഗ്‍രാജ് പറഞ്ഞു.

ലക്നൗ ബോളർമാർക്ക് പരുക്കേറ്റാൽ അല്ലാതെ അർജുനെ അവർ കളിപ്പിക്കില്ലെന്ന് അശ്വിൻ യുട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. ‘‘അർ‍ജുൻ തെൻഡുൽക്കർ കളിക്കാൻ പോകുന്നില്ല. അര്‍ജുൻ ലക്നൗവിലേക്കു പോകരുതായിരുന്നു. ലക്നൗവിൽ മയങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ, മുഹമ്മദ് ഷമി എന്നിവരുണ്ട്. അപ്പോൾ എങ്ങനെയാണ് അർജുനെ കളിപ്പിക്കുക? ടീമിൽ പരുക്കുകളുണ്ടായാൽ അല്ലാതെ അർജുൻ കളിക്കുമെന്ന് എനിക്കു തോന്നുന്നില്ല.’’– അശ്വിൻ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

English Summary:

Yograj Singh Slams R Ashwin Over Arjun Tendulkar Comments

Read Entire Article