Published: March 21, 2026 07:41 PM IST
1 minute Read
ജനീവ∙ ഇസ്രയേലിന്റെ ഔദ്യോഗിക ഫുട്ബോൾ സംഘടനയ്ക്ക് വൻ തുക പിഴ ചുമത്തി ഫിഫ. വിവേചന വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനാണ് ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ (ഐഎഫ്എ) 1,50,000 സ്വിസ് ഫ്രാങ്ക് (1.76 കോടി രൂപ) പിഴ ചുമത്തിയത്. പലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ (പിഎഫ്എ) പരാതിയിലാണ് നടപടി.
ഇസ്രയേലി ക്ലബ്ബായ ബീതാർ ജെറുസലേമിലെ ആരാധകർക്കിടയിൽ നിലനിൽക്കുന്ന വംശീയ പെരുമാറ്റങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിൽ ഐഎഫ്എ പരാജയപ്പെട്ടു, ഫുട്ബോൾ വേദികളിൽ രാഷ്ട്രീയവും സൈനികവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടഞ്ഞില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ വെസ്റ്റ് ബാങ്കിൽ ഫുട്ബോൾ ക്ലബ്ബുകളെ അനുവദിച്ചതിന് ഇസ്രയേലിനെ ഫിഫയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന പലസ്തീന്റെ ആവശ്യം അംഗീകരിച്ചില്ല.
പിഴയ്ക്ക് പുറമെ, വിവേചനത്തിനെതിരെ വിപുലമായ പ്രതിരോധ പദ്ധതി നടപ്പിലാക്കാനും അടുത്ത മൂന്നു രാജ്യാന്തര മത്സരങ്ങളിൽ വിവേചന വിരുദ്ധ ബാനറുകൾ പ്രദർശിപ്പിക്കാനും ഫിഫ ഉത്തരവിട്ടിട്ടുണ്ട്. അടുത്ത മൂന്നു രാജ്യാന്തര മത്സരങ്ങളിൽ (എ ലെവൽ മത്സരങ്ങൾ) സ്റ്റേഡിയത്തിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ ‘ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കുന്നു - വിവേചനത്തിന് സ്ഥാനമില്ല (Football Unites the World – No to Discrimination) എന്നെഴുതിയ ബാനർ പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവ്. ബാനറിന്റെ വലിപ്പവും അത് എവിടെ സ്ഥാപിക്കണം എന്നതും മത്സരത്തിന് 15 ദിവസം മുൻപ് ഫിഫയെ അറിയിച്ച് അനുവാദം വാങ്ങണം.
പിഴത്തുകയുടെ മൂന്നിലൊന്ന് ഭാഗം നേരിട്ട് ഫിഫയ്ക്ക് നൽകുന്നതിന് പകരം വിവേചനവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇസ്രയേൽ അസോസിയേഷൻ തന്നെ ചെലവഴിക്കണം. ഇത് 60 ദിവസത്തിനുള്ളിൽ നടപ്പിലാക്കി തുടങ്ങണം. ബാക്കി തുക 30 ദിവസത്തിനുള്ളിൽ ഫിഫയ്ക്ക് അടയ്ക്കണം. സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ പോലും മനുഷ്യത്വം, സമത്വം എന്നീ മൂല്യങ്ങൾ സംരക്ഷിക്കാൻ കായിക സംഘടനകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഉത്തരവിൽ ഫിഫ വ്യക്തമാക്കി. തീരുമാനത്തിനെതിരെ ഇസ്രയേലിന് ഫിഫ അപ്പീൽ കമ്മിറ്റിയെ സമീപിക്കാൻ സാധിക്കും.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധമുണ്ടായപ്പോൾ റഷ്യയെ ഉടനടി സസ്‌പെൻഡ് ചെയ്ത ഫിഫ, ഇസ്രയേലിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്‌രീൽ റജൂബ് പ്രതികരിച്ചു. തർക്കപ്രദേശമായ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ക്ലബ്ബുകൾ കളിക്കുന്നത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്നും പലസ്തീൻ ചൂണ്ടിക്കാട്ടി.
English Summary:







English (US) ·