Published: April 22, 2026 06:14 PM IST Updated: April 22, 2026 07:50 PM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ, ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുലിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 243 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഓപ്പണറായി ഇറങ്ങിയ രാഹുൽ, 23 പന്തിൽ 37 റൺസെടുത്തു പുറത്തായിരുന്നു. മൂന്നു സിക്സുകളും ഒരു ഫോറുമാണു താരം ബൗണ്ടറി കടത്തിയത്. മത്സരത്തിൽ ഹൈദരാബാദ് 47 റൺസ് വിജയം നേടിയതോടെയാണ് രാഹുലിനെതിരായ വിമർശനം ശക്തമായത്. ഹൈദരാബാദിനെതിരെ രാഹുൽ എത്ര അറ്റാക്കിങ് ഷോട്ടുകൾ കളിച്ചുവെന്നതു പ്രധാനമാണെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
‘‘ഈ ചോദ്യം ചോദിക്കേണ്ടതാണെന്നു തോന്നുന്നു. 23 പന്തുകളിൽ 37 റൺസാണു രാഹുൽ നേടിയത്. എന്നാൽ ശരിക്കും എത്ര അറ്റാക്കിങ് ഷോട്ടുകൾ രാഹുൽ കളിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ 240 ന് മുകളിൽ സ്കോർ ചേസ് ചെയ്യുമ്പോൾ, പവർപ്ലേ ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ കളി നിങ്ങൾ 99.5 ശതമാനവും തോറ്റുകഴിഞ്ഞു. ഒരു പർവതമാണു കയറാനുള്ളത്. പക്ഷേ അതിനു വേണ്ടിയുള്ള ദൃഢനിശ്ചയം ഇല്ലായിരുന്നു. ഇത്രയും വലിയ സ്കോർ പിന്തുടരുമ്പോൾ ഏറ്റവും മികച്ച പ്രകടനം തന്നെ വേണം, എന്നാൽ അതുണ്ടായില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി.
വിക്കറ്റ് കീപ്പിങ്ങിനിടെ അഭിഷേക് ശർമയെ പുറത്താക്കാൻ ലഭിച്ച അവസരം രാഹുൽ പാഴാക്കിക്കളഞ്ഞതായും ചോപ്ര വ്യക്തമാക്കി. ‘‘ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. എന്നാല്‍ എന്റെ അഭിപ്രായത്തിൽ വിക്കറ്റ് കീപ്പിങ് ചെയ്യുന്ന ബാറ്ററാണ് രാഹുൽ. അല്ലാതെ തിരിച്ചല്ല. കീപ്പർമാരെല്ലാം പ്രധാന പരിഗണന വിക്കറ്റ് കീപ്പിങ്ങിനാണു നൽകുന്നത്. അതു കഴിഞ്ഞാണു ബാറ്റിങ്. പിഴവുകൾ ആർക്കും സംഭവിക്കാം. എന്നാൽ കീപ്പറായി അവസരങ്ങൾ നഷ്ടമാക്കിയാൽ, ബാറ്റിങ്ങിൽ എന്തു ചെയ്താലും അത് അംഗീകരിക്കപ്പെടില്ല.’’– ആകാശ് ചോപ്ര പ്രതികരിച്ചു.
English Summary:







English (US) ·