പവർപ്ലേയിൽ സ്പിന്നർമാരെ എങ്ങനെ നേരിടും? ഇത് സഞ്ജുവിനെ കൊണ്ടുവരേണ്ട സമയം: പിന്തുണച്ച് മുൻ ഇന്ത്യൻ താരം

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 24, 2026 12:46 PM IST Updated: February 24, 2026 01:00 PM IST

1 minute Read

 X@BCCI
സഞ്ജു സാംസൺ പരിശീലനത്തിനിടെ. Photo: X@BCCI

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യമുയർത്തി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. തിലക് വർമയെ ടീമിൽനിന്നു പുറത്തിരുത്തി സഞ്ജുവിനെ കൊണ്ടുവരണമെന്നാണ് ബദ്രിനാഥിന്റെ നിർദേശം. സിംബാബ്‍വെയ്ക്കെതിരായ പോരാട്ടം ചെന്നൈയിലായതുകൊണ്ടുതന്നെ സാഹചര്യങ്ങൾ സഞ്ജുവിന് കൃത്യമായി ഉപയോഗിക്കാൻ സാധിക്കുമെന്നും ബദ്രിനാഥ് പറഞ്ഞു.

‘‘ചെന്നൈയിലെ ആരാധകർ സഞ്ജുവിനു നൽകുന്ന പിന്തുണ മറക്കരുത്. സഞ്ജു സിംബാബ്‍വെയ്ക്കെതിരെ കളിക്കട്ടെ. തിലകിന് വിശ്രമം നൽകുക. ഇന്ത്യയുടെ ടോപ് ത്രീ ബാറ്റർമാര്‍ ഇപ്പോൾ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പവർപ്ലേയിൽ സ്പിന്നർമാര്‍ വരുമ്പോൾ ഇന്ത്യ എങ്ങനെയാണ് അവരെ നേരിടുക? സഞ്ജുവിനെ തിരികെയെത്തിക്കാനുള്ള ക‍ൃത്യമായ സമയമാണിത്.’’ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് സഞ്ജു. താരലേലത്തിനു മുൻപ്, രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് ചെന്നൈസൂപ്പർ സിങ്സ് സഞ്ജു സാംസണിനെ സ്വന്തമാക്കിയത്.

‘‘അഭിഷേക് ശർമ ഇപ്പോഴും അവസരങ്ങൾ അർഹിക്കുന്നുണ്ട്. അദ്ദേഹം ഒരു എക്സ് ഫാക്ടർ താരമാണ്. ഇഷാൻ കിഷനൊപ്പം അഭിഷേക് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം.’’– ബദ്രീനാഥ് യുട്യൂബ് വി‍ഡിയോയിൽ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ വമ്പൻ തോൽവി വഴങ്ങിയതോടെ, ബാറ്റിങ് ക്രമത്തിൽ മാറ്റങ്ങളുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. എട്ടു പന്തുകളിൽ 22 റൺസടിച്ച് മികച്ച തുടക്കം ലഭിച്ചെങ്കിലും, വലിയ ഇന്നിങ്സിലെത്താൻ സഞ്ജുവിനു സാധിച്ചിരുന്നില്ല.

മത്സരത്തിൽ ഇന്ത്യ 76 റൺസിന്റെ തോൽവിയാണു വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ 111 റൺസെടുത്ത് ഇന്ത്യ ഓൾഔട്ടാകുകയായിരുന്നു. 

English Summary:

Sanju Samson's inclusion successful the T20 World Cup against Zimbabwe is being advocated by erstwhile Indian subordinate S. Badrinath. Badrinath suggests replacing Tilak Varma with Samson, highlighting Samson's imaginable to leverage Chennai's conditions and the crowd's support.

Read Entire Article