Published: February 14, 2026 05:36 PM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ കളിക്കണമെന്നാണ് ആഗ്രഹമെന്ന് പാക്ക് ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് വിശ്രമത്തിലുള്ള അഭിഷേക് നമീബിയയ്ക്കെതിരെ കളിക്കാൻ ഇറങ്ങിയിരുന്നില്ല. ടീമിനൊപ്പം കൊളംബോയിൽ എത്തിയിട്ടുണ്ടെങ്കിലും ഞായറാഴ്ച വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോയെന്നു വ്യക്തമല്ല. അഭിഷേക് ഇറങ്ങിയില്ലെങ്കിൽ സഞ്ജു സാംസൺ– ഇഷാൻ കിഷൻ സഖ്യമായിരിക്കും പാക്കിസ്ഥാനെതിരെയും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. അതേസമയം അഭിഷേക് കളിക്കുമെന്നാണു പ്രതീക്ഷയെന്ന് സൽമാൻ ആഗ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
‘‘അഭിഷേക് ശർമ നാളെ കളിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറട്ടെ. ഏറ്റവും മികച്ചവർക്കെതിരെ കളിക്കാനാണു പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്.’’– സൽമാൻ ആഗ പ്രതികരിച്ചു. ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം ഉണ്ടാകുമോ എന്ന ചോദ്യത്തോടു വ്യക്തമായി പ്രതികരിക്കാൻ പാക്ക് ക്യാപ്റ്റൻ തയാറായില്ല. ‘‘നാളത്തെ മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം. മറ്റു കാര്യങ്ങൾ നാളെ നമുക്കു മനസ്സിലാകും.’’– സൽമാൻ ആഗ പ്രതികരിച്ചു.
പാക്ക് സ്പിന്നര്‍ ഉസ്മാൻ താരിഖിന്റെ ബോളിങ് ആക്ഷനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും സൽമാൻ ആഗ വ്യക്തമാക്കി. ‘‘താരിഖ് ഞങ്ങളുടെ ഒരു ബോളർ മാത്രമാണ്. മാധ്യമങ്ങളാണ് അദ്ദേഹത്തിന് ഇത്രയും ഹൈപ്പ് നൽകിയത്. താരിഖിന്റെ ആക്ഷനെക്കുറിച്ച് ആളുകൾ എന്തു പറയുന്നു എന്നതു ഞങ്ങൾക്കു ബാധകമല്ല. അദ്ദേഹം രണ്ടു തവണ അതു തെളിയിച്ചതാണ്. പിന്നെന്തിനാണ് ഇത്രയും ചർച്ചയെന്നു മനസ്സിലാകുന്നില്ല.’’– സൽമാൻ ആഗ വ്യക്തമാക്കി.
സ്പിൻബോളറായ ഉസ്മാൻ താരിഖിനെ ഇന്ത്യൻ ബാറ്റർമാർ എങ്ങനെ നേരിടുമെന്നറിയാൻ ഇരു വിഭാഗങ്ങളിലെയും ആരാധകർ കാത്തിരിക്കുന്നുണ്ട്. ക്രീസിലെത്തിയശേഷം കുറച്ചു നേരം ഹോൾഡ് ചെയ്ത ശേഷം പന്തെറിയുന്ന താരിഖിന്റെ ആക്ഷനാണു പലപ്പോഴും ബാറ്റർമാരെ പ്രതിരോധത്തിലാക്കുന്നത്. അതേസമയം താരിഖ് പന്ത് ‘എറിയുന്നതാണെന്ന്’ ആരോപണവും നിലനിൽക്കുന്നുണ്ട്. മുന്‍ ഇന്ത്യൻ താരം ആർ. അശ്വിൻ താരിഖിനെ പരസ്യമായി പിന്തുണച്ചിരുന്നു.
English Summary:







English (US) ·