പാക്കിസ്ഥാന്‍ ലോകകപ്പിന്! താരങ്ങൾക്ക് ശ്രീലങ്കയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റുമെടുത്തു: പ്രസ് റിലീസ് ചോർന്നതിനു പിന്നാലെ മുക്കി പിസിബി

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 31, 2026 11:55 AM IST

1 minute Read

മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം 
(Photo by Sajjad HUSSAIN / AFP)
മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം (Photo by Sajjad HUSSAIN / AFP)

Follow Us

Facebook

WhatsApp

ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ട്വന്‍റി 20 ലോകകപ്പിൽ പങ്കെടുക്കുമെന്ന് സൂചന. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങൾ ഉള്ളത്. ലോകകപ്പിനുള്ള പാക്ക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയർ ലങ്ക വിമാനത്തിൽ പുറപ്പെടുമെന്നും അതേ വിമാനത്തിൽ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക്ക് മാധ്യമപ്രവർത്തകരടക്കം ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

എന്നാൽ നിമിഷങ്ങൾക്കകം ഈ കുറിപ്പ് പിൻവലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഇതിൽ യാത്രാ തീയതിയും ഫ്ലൈറ്റ് വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പിൽ പങ്കെടുക്കുന്നതിൽ പാക്കിസ്ഥാൻ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നാണ് ഇതിൽ പിസിബിയുടെ ഭാഷ്യം. ഇത് കളവാണെന്നും അനാവശ്യമായി തീരുമാനം നീട്ടുക മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ട്വന്‍റി 20 ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ജനുവരി 30നോ ഫെബ്രുവരി 2നോ അന്തിമതീരുമാനം അറിയിക്കുമെന്നാണ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി കഴിഞ്ഞദിവസം അറിയിച്ചത്.

മൊഹ്സിൻ നഖ്‌വി പാക്ക് മന്ത്രിസഭയിൽ കൂടി അംഗമായതിനാൽ രാഷ്ട്രീയ തീരുമാനങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിൽ കൂടുതലായും നടപ്പിലാകുന്നത്. ബംഗ്ലദേശിനോട് ഐസിസി ഇരട്ടത്താപ്പ് കാണിച്ചെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനും ബഹിഷ്കരണ ഭീഷണി ഉയർത്തിയത്. എന്നാൽ ഐസിസി നിലപാട് കടുപ്പിച്ചതോടെ പിസിബി ഒറ്റപ്പെട്ടു. പാക്കിസ്ഥാൻ ലോകകപ്പിനില്ലെങ്കിൽ പകരക്കാരായി ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാനും ഐസിസി ശ്രമങ്ങൾ നടത്തിയിരുന്നു. ബഹിഷ്കരണ നീക്കവുമായി പാക്കിസ്ഥാൻ മുന്നോട്ട് പോയാൽ രാജ്യാന്തര മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്താനും വൻ പിഴ ഈടാക്കാനും പിസിഎല്ലിന് വിദേശ താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുമായിരുന്നു ഐസിസിയുടെ നീക്കം. ഈ ഭീഷണിക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഴങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐപിഎൽ 2026 സീസണിൽ ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ കളിപ്പിക്കേണ്ടെന്ന ബിസിസിഐ നിർദ്ദേശത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലദേശ് നിലപാടെടുത്തത്. ലോകകപ്പിനുള്ള മത്സരവേദികളും മറ്റു ക്രമീകരണങ്ങളും മാസങ്ങൾക്ക് മുൻപേ പൂർത്തിയായതാണെന്നും വേദി മാറ്റാൻ കഴിയില്ലെന്നും ഐസിസി നിലപാടെടുത്തു. ഒടുവിൽ ബംഗ്ലദേശ് പുറത്താവുകയും പകരം സ്കോട്ട്ലൻഡിന് ലോകകപ്പിലേക്ക് വഴി തെളിയുകയുമായിരുന്നു.

English Summary:

Pakistan cricket squad T20 World Cup information is indicated, with leaked accusation suggesting question dates and flights. Despite archetypal ambiguity and a retracted property release, the Pakistan Cricket Board's latest statements suggest a willingness to enactment successful the upcoming tournament.

Read Entire Article