Published: February 10, 2026 06:18 PM IST
1 minute Read
ലഹോർ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സമ്മർദത്തിനു വഴങ്ങി, ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാമെന്നു സമ്മതിച്ച പാക്കിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഐസിസിയും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡും മണിക്കൂറുകളോളം ചർച്ച നടത്തിയശേഷമാണ് ഇന്ത്യയെ നേരിടാമെന്നു പാക്കിസ്ഥാൻ സമ്മതിച്ചത്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ– പാക്ക് പോരാട്ടം നടക്കേണ്ടത്. പാക്കിസ്ഥാന്റെ അഭിമാനം പിസിബി ഇന്ത്യയുടെ കാൽക്കീഴിൽ വച്ചതായി ഷാഹിദ് അഫ്രീദി ഒരു ചാനൽ ചർച്ചയിൽ പ്രതികരിച്ചു.
‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’–ഷാഹിദ് അഫ്രീദി ആഞ്ഞടിച്ചു. നാലു ഗുജറാത്തികൾ ചേർന്നാണ് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അഫ്രീദി ആരോപിച്ചു.
ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറുന്നതായി പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നു.’’– വാർത്താക്കുറിപ്പിൽ പറഞ്ഞു.
ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൽ ഇസ്‌ലാം പിസിബക്കു കത്ത് നൽകിയിരുന്നു. ലോകകപ്പിന്റെ സഹആതിഥേയരായ ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇതേ ആവശ്യം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ചു. നിലവിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്, പാക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയത്.
English Summary:







English (US) ·