Published: February 15, 2026 12:30 PM IST Updated: February 15, 2026 01:09 PM IST
1 minute Read
കൊളംബോ ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ കളിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയ്ക്കു മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘‘അദ്ദേഹം മികച്ച ബാറ്ററാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ അഭിഷേക് കളിക്കണമെന്ന് ശരിക്കും ആഗ്രഹിക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്നും കളിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.’’– ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സൽമാൻ ആഗ പറഞ്ഞു.
ഇതു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സൂര്യകുമാർ യാദവ് മറുപടി പറഞ്ഞത്. പാക്കിസ്ഥാൻ ക്യാപ്റ്റന് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അഭിഷേക് തീർച്ചയായും കളിക്കുമെന്നാണ് സൂര്യകുമാര്‍ മറുപടി നല്‍കിയത്. സൂര്യയുടെ പ്രതികരണം ഇന്ത്യയ്ക്കും ശുഭസൂചനയാണ്. ആരോഗ്യപ്രശ്നങ്ങൾ മാറിയ അഭിഷേക് ഇന്നലെ നെറ്റ്സിൽ ഏറെനേരം പരിശീലനം നടത്തിയിരുന്നു. ഇതോടെ ഇന്നത്തെ മത്സരത്തിൽ താരം ഓപ്പണറായി ടീമിൽ തിരിച്ചെത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ടൂർണമെന്റിൽ, യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് അഭിഷേക് പുറത്തായത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നമീബിയയ്ക്കെതിരെ വിശ്രമം അനുവദിക്കുകയായിരുന്നു.
2024ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച അഭിഷേക്, ഫോർമാറ്റിൽ മികച്ച ഫോമിലാണ്. 38 മത്സരങ്ങളിലെ 37 ഇന്നിങ്സുകളിൽനിന്ന് 37.05 ശരാശരിയിലും 194.74 സ്‌ട്രൈക്ക് റേറ്റിലും 1297 റൺസാണ് അഭിഷേകിന്റെ സമ്പാദ്യം. ഇതിൽ രണ്ട് സെഞ്ചറികളും എട്ട് അർധസെഞ്ചറികളും ഉൾപ്പെടുന്നു, ഉയർന്ന സ്‌കോർ 135 ആണ്.
അഭിഷേക് തിരിച്ചെത്തുന്നതോടെ സഞ്ജു സാംസൺ പുറത്തിരിക്കേണ്ടിവരും. അഭിഷേക് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ്, നമീബിയയ്ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത്. 8 പന്തിൽ 22 റൺസുമായി നന്നായിത്തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്സ് കളിക്കാൻ സാധിക്കാതിരുന്നതിന്റെ നിരാശയുമാണ് മത്സരത്തിൽ സഞ്ജു ക്രീസ് വിട്ടത്.
English Summary:







English (US) ·