Published: May 16, 2026 02:35 PM IST
1 minute Read
മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇല്ലാതിരിക്കുമ്പോൾ മുംബൈ ഇന്ത്യന്‍സ് ടീമിൽ കൂടുതൽ ഐക്യം അനുഭവപ്പെടുന്നുണ്ടെന്ന് മുൻ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പരുക്കുള്ളതിനാൽ കഴിഞ്ഞ മത്സരങ്ങളിൽ പാണ്ഡ്യ ടീമിനെ നയിച്ചിരുന്നില്ല. സൂര്യകുമാർ യാദവും ജസ്പ്രീത് ബുമ്രയുമായിരുന്നു പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റൻമാർ. ജസ്പ്രീത് ബുമ്ര നയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ആറു വിക്കറ്റ് വിജയം നേടിയിരുന്നു. ഈ പോരാട്ടത്തിൽ മുംബൈ താരങ്ങളിൽ ഒരു പ്രത്യേക ഊർജം കാണാമായിരുന്നെന്നാണ് ശ്രീകാന്തിന്റെ കണ്ടെത്തൽ.
‘‘ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനാക്കിയത് മികച്ചൊരു തീരുമാനമായിരുന്നു. തീർച്ചയായും മുംബൈ ഇന്ത്യൻസിൽ എന്തോ ഒരു പ്രശ്നമുണ്ട്. പാണ്ഡ്യയില്ലാത്തപ്പോൾ ടീമിന്റെ മനോഭാവം തന്നെ മാറിയതുപോലെയാണ്. മുംബൈ ഇന്ത്യൻസിൽ ഇപ്പോൾ ഒരു ഐക്യം വന്നിട്ടുണ്ട്. സൂര്യകുമാർ യാദവ് വ്യക്തിപരമായ കാരണങ്ങളാൽ ഈ മത്സരം കളിച്ചിരുന്നില്ല. ദീപക് ചാഹർ നന്നായി പന്തെറിയുന്നു. യുവതാരം രാജ് അങ്കത് ബാവ മോശമാക്കാതെ കളിച്ചു. എല്ലാവരും മികച്ച പ്രകടനം നടത്തുകയാണ്. മുംബൈയ്ക്ക് വിജയിക്കണമെന്ന വാശി ഈ മത്സരത്തിൽ ഉണ്ടായിരുന്നു.’’– കൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയിൽ പറഞ്ഞു.
‘‘ജസ്പ്രീത് ബുമ്ര നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ബോളർമാർക്കു നല്ലപോലെ ആത്മവിശ്വാസം നൽകുന്നുണ്ട്. ദീപക് ചാഹറിനെപ്പോലുള്ള ആളുകളിൽ ബുമ്രയുടെ ക്യാപ്റ്റൻസിയാണു വലിയ മാറ്റം കൊണ്ടുവന്നതെന്നാണു ഞാൻ കരുതുന്നത്. അല്ലെങ്കിൽ ഷാർദൂൽ ഠാക്കൂറൊക്കെ റൺസ് വളരെയധികം വഴങ്ങാറുണ്ട്. കഴിഞ്ഞ മത്സരത്തിൽ എല്ലാ മുംബൈ ബോളർമാരും വിക്കറ്റുകൾ വീഴ്ത്താൻ പരിശ്രമിക്കുന്നുണ്ടായിരുന്നു.’’ ശ്രീകാന്ത് വ്യക്തമാക്കി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മുംബൈ താരങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
പരുക്കിനെ തുടർന്ന് മുംബൈ ക്യാംപ് വിട്ട പാണ്ഡ്യ, കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു. പക്ഷേ കളിക്കാൻ ഇറങ്ങിയില്ല. സീസണിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാലു വിജയങ്ങൾ നേടാൻ മാത്രമാണ് മുംബൈയ്ക്കു സാധിച്ചത്. എട്ടു തോൽവികൾ വഴങ്ങിയ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.
English Summary:







English (US) ·