പാണ്ഡ്യ ഇല്ലെങ്കിൽ ‘നോ പ്രോബ്ലം’, തിരിച്ചുവരവിൽ രോഹിത്തിന്റെ തൂക്കിയടി, മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: May 04, 2026 09:50 PM IST Updated: May 04, 2026 11:37 PM IST

2 minute Read

rohit-1
രോഹിത് ശർമ ബാറ്റിങ്ങിനിറങ്ങുമ്പോൾ ഫോട്ടോയെടുക്കുന്ന ആരാധകർ. Photo: X@IPL

മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ പരുക്കുമാറി തിരിച്ചെത്തിയ ഒരു 39 വയസ്സുകാരൻ ഒന്ന് ആഘോഷിച്ചതാ...! ഫലം തോൽവിയില്‍ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം. ലക്നൗ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ എത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന രോഹിത് ശർമയും റയാൻ റിക്കിൾട്ടനും മുംബൈയ്ക്കായി അർധ സെഞ്ചറി നേടി. 44 പന്തുകൾ നേരിട്ട രോഹിത് ഏഴു സിക്സുകളും ആറു ഫോറുകളും ഉൾപ്പടെ 84 റൺസടിച്ചു. 32 പന്തുകൾ നേരിട്ട റയാൻ റിക്കിൾട്ടൻ എട്ട് സിക്സുകളും ആറു ഫോറുകളും അടക്കം 83 റൺസ് സ്വന്തമാക്കി.

മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള മുംബൈ ഒൻപതാം സ്ഥാനത്തുണ്ട്. ലക്നൗ പത്താമത് തുടരുകയാണ്. പരുക്കു കാരണം പുറത്തിരുന്ന ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണർ രോഹിത് ശർമ വെടിക്കെട്ട് തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് പോകാതെ മുംബൈ നേടിയത് 71 റണ്‍സ്. ഓപ്പണിങ് വിക്കറ്റിൽ 143 റൺസാണ് രോഹിതും റയാൻ റിക്കിൾട്ടനും ചേർന്ന് അടിച്ചുകൂട്ടിയത്. മൊഹ്സിൻ ഖാന്റെ പന്തിൽ ജോഷ് ഇംഗ്ലിഷ് ക്യാച്ചെടുത്ത് റയാൻ റിക്കിൾട്ടനെ മടക്കി. 

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മണിമാരൻ സിദ്ധാർഥിനാണ് രോഹിതിന്റെ വിക്കറ്റ്. 11 റൺസെടുത്ത തിലക് വർമയെയും സിദ്ധാർഥ് വീഴ്ത്തി. അവസാന 20 പന്തിൽ 30 റൺസാണ് മുംബൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. 16.4 ഓവറിൽ മുംബൈ 200 കടന്നു. 12 റൺസെടുത്ത മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മുഹമ്മദ് ഷമി, നിക്കോളാസ് പുരാന്റെ കൈകളിലെത്തിച്ചു. എന്നാൽ പിന്നാലെയെത്തിയ നമൻ ധീർ ബൗണ്ടറികൾ കണ്ടെത്തിയതോടെ മുംബൈയുടെ ലക്ഷ്യം 12 പന്തിൽ 11 റണ്‍സായി കുറഞ്ഞു. ആവേശ് ഖാൻ എറിഞ്ഞ 19–ാം ഓവറിലെ നാലാം പന്തിൽ സിക്സർ പറത്തി വിൽ ജാക്സ് മുംബൈയുടെ വിജയമാഘോഷിച്ചു. നമൻ ധീർ (23), വിൽ ജാക്സ് (10) എന്നിവർ പുറത്താകാതെനിന്നു.

നിക്കോളാസ് പുരാൻ ബാറ്റിങ്ങിനിടെ

നിക്കോളാസ് പുരാൻ ബാറ്റിങ്ങിനിടെ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. സീസണിലാദ്യമായി ഫോം കണ്ടെത്തിയ നിക്കോളാസ് പുരാൻ അര്‍ധ സെഞ്ചറി നേടി പുറത്തായി. 21 പന്തുകൾ നേരിട്ട വിൻഡീസ് താരം 63 റൺസാണ് വാങ്കഡെ സ്റ്റേഡിയത്തിൽ നേടിയത്. എട്ട് സിക്സുകൾ താരം അടിച്ചുകൂട്ടി. 25 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് 44 റൺസെടുത്തു.

അവസാന ഓവറുകളിൽ തകർത്തടിച്ച ഹിമ്മത് സിങ്ങും (31 പന്തിൽ 40), എയ്ഡൻ മാർക്രവും (25 പന്തിൽ 31) ലക്നൗ സ്കോർ 200 കടത്തി. സ്കോർ 29 ൽ നിൽക്കെ വിദേശ ഓപ്പണർ ജോഷ് ഇംഗ്ലിഷിനെ മുംബൈയുടെ അഫ്ഗാൻ സ്പിന്നർ അല്ലാ ഗസന്‍ഫർ പുറത്താക്കി. എന്നാൽ മിച്ചൽ മാർഷിനൊപ്പം പുരാനും ചേർന്നതോടെ കളി മാറി. പവർപ്ലേയിൽ 90 റൺസടിച്ച ലക്നൗ, 6.5 ഓവറിൽ 100 പിന്നിട്ടു. 16 പന്തുകളിലാണ് പുരാൻ അർധ സെഞ്ചറി പിന്നിട്ടത്. 

സ്കോർ 123 ൽ നിൽക്കെ പുരാനെ കോർബിൻ ബോഷ് വിക്കറ്റ് കീപ്പർ റയാന്‍ റിക്കിൾട്ടന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഇതേ ഓവറിൽ മിച്ചൽ മാർഷും വീണു. 15 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. തുടർന്ന് മാർക്രം, ഹിമ്മത് സിങ് സഖ്യമാണ് ലക്നൗവിനെ വമ്പൻ സ്കോറിലേക്കെത്തിച്ചത്. മുംബൈയ്ക്കായി കോർബിൻ ബോഷ് രണ്ടും, അല്ലാ ഗസൻഫർ, വിൽ ജാക്സ്, രഘു ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. നാലോവർ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 45 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

English Summary:

Indian Premier League 2026, Mumbai Indians vs Lucknow Super Giants Match Live Updates

Read Entire Article