Published: July 05, 2026 02:25 AM IST Updated: July 05, 2026 05:41 AM IST
1 minute Read
ഫിലഡൽഫിയ ∙ ആദ്യ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായി ചുരുങ്ങിയ ഫ്രഞ്ച് പട, 70 ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ക്വാർട്ടർ ഫൈനലിൽ (1–0). പാരഗ്വായ്ൻ മിഡ് ഫീൽഡർ ഡിയേഗോ ഗോമസിന്റെ ഫൗളിൽ അനുവദിച്ച പെനാൽറ്റി കിലിയൻ എംബപെയാണ് ഗോളാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150 ാം ഗോളാണിത്. ബ്രസീൽ (246), ജർമനി (243), അർജന്റീന (163) എന്നീ ടീമുകളാണ് മുന്നിൽ. ഈ ലോകകപ്പിൽ എംബപെയുടെ ഏഴാം ഗോളാണിത്. എഴു ഗോളും രണ്ട് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ ലയണൽ മെസ്സിയെ (7 ഗോൾ) മറികടന്ന് എംബപെ വീണ്ടും മുന്നിലെത്തി. മൂന്നു ലോകകപ്പുകളിലെ 19 മത്സരങ്ങളിൽ നിന്ന് എംബപെയ്ക്ക് ആകെ 19 ഗോളായി. 20 ഗോളുമായി മെസ്സിയാണ് ഒന്നാമത്. ജയത്തോടെ കഴിഞ്ഞ നാലു ലോകകപ്പുകളിലും ക്വാർട്ടർ ഫൈനലിൽ കടന്ന ആദ്യ ടീമായി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.
What you should work next
മത്സരത്തിന്റെ തുടക്കത്തിലെ ആധിപത്യം സ്ഥാപിച്ച ഫ്രാൻസ് ആദ്യ പത്തു മിനിറ്റ് പാരഗ്വായ്‌യുടെ പാതിയിൽ തമ്പടിച്ച് മുന്നേറ്റം നടത്തി. എന്നാൽ പാരഗ്വായ് തീർത്ത ശക്തമായ പ്രതിരോധത്തിൽ വലഞ്ഞ ഫ്രാൻസിന് 22 ാം മിനിറ്റിലാണ് പെനാൽറ്റി ഏരിയയ്‌ക്കു പുറത്തു നിന്നു പോലും ആദ്യ ഗോൾശ്രമം നടത്താനായത്. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ രണ്ട് തുടർശ്രമങ്ങളുമായി പാരഗ്വായ് ഫ്രഞ്ച് പാതിയിൽ കടന്നുകയറി. ഇതിനിടെ പ്രത്യാക്രമണത്തിൽ പന്തുമായി കുതിക്കുന്നതിനിടെ കയ്യിൽ പിടിച്ച് മുന്നറ്റം തടഞ്ഞ ആന്ദ്രേ കുബാസിനെ സൂപ്പർതാരം കിലിയൻ എംബപെ കൈ കൊണ്ട് തള്ളിമാറ്റിയതോടെ ഇരുടീമുകളിലെയും മറ്റു താരങ്ങളും ചുറ്റംകൂടി. പിന്നാലെ റഫറിയെത്തി പിന്തിരിപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യാവസാനം പരുക്കൻ കളി പുറത്തെടുത്ത ഫ്രഞ്ച്, പാരഗ്വായ്ൻ താരങ്ങൾ തമ്മിൽ പല തവണ കയ്യാങ്കളിയുടെ വക്കിലെത്തി.
ആദ്യ പകുതിയിൽ പെനാൽറ്റി ഏരിയയിൽ നിന്നുള്ള ഒരു ഷോട്ട് ഉൾപ്പെടെ ആകെ അഞ്ച് ഗോൾ ശ്രമങ്ങൾ മാത്രമാണ് ഫ്രാൻസിന് നടത്താനായത്. മത്സരത്തിലാകെ 5 ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ 15 ഗോൾശ്രമങ്ങൾ ഫ്രാൻസ് നടത്തിയപ്പോൾ ഒരു ഓൺടാർജറ്റ് ഷോട്ട് ഉൾപ്പെടെ ആകെ 5 ഗോൾശ്രമങ്ങളാണ് പാരഗ്വായ് നടത്തിയത്. 582 പാസുകളുമായി ഫ്രാൻസ് കളംനിറഞ്ഞപ്പോൾ 181 മാത്രമാണ് പാരഗ്വായ്‌യുടെ പേരിലുള്ളത്. 12 വീതം കോർണറുകളും ഫ്രീകിക്കുകളും ഫ്രാൻസിന് അനുവദിക്കപ്പെട്ടപ്പോൾ രണ്ട് കോർണറും 10 ഫ്രീകിക്കുമാണ് പാരഗ്വായ്‌ക്ക് ലഭിച്ചത്.
English Summary:





English (US) ·