പാരാ അത്‌ലറ്റിക്സ് 100 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടി ദിലീപ് ഗവിത്, മുഹമ്മദ് ബാസിലിനു വെള്ളി

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: July 30, 2026 04:07 PM IST

2 minute Read

gavit

ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരങ്ങൾക്ക് വെള്ളിത്തിളക്കം. ഇന്നു പുലർച്ചെ നടന്ന പുരുഷ ലോങ് ജംപിൽ പാലക്കാട് സ്വദേശി എം.ശ്രീശങ്കറും (8.09 മീറ്റർ) പാരാ അത്‌ലറ്റിക്സ് 100 മീറ്ററിൽ (ടി47 വിഭാഗം) മലപ്പുറം സ്വദേശി മുഹമ്മദ് ബാസിലുമാണ് (10.83 സെക്കൻഡ്) വെള്ളി നേടിയത്. ടി47 വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ ദിലീപ് ഗവിത് ഗെയിംസ് റെക്കോർഡോടെ (10.71 സെക്കൻഡ്) സ്വർണം നേടി. ഇതിനു പുറമേ, പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്ങും (27:49.78 മിനിറ്റ്) വനിതകളുടെ വെയ്റ്റ്ലിഫ്റ്റിങ്ങിൽ (69 കിലോഗ്രാം) ഹർജീന്ദർ കൗറും ഇന്നലെ വെള്ളി നേടി. കോമൺവെൽത്ത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ താരം 10000 മീറ്ററിൽ മെഡൽ നേടുന്നത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 71 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ഹർജീന്ദർ, ഇത്തവണ പുതിയ ഭാരവിഭാഗത്തിലാണ് മത്സരിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി ( 3 സ്വർണം, 9 വെള്ളി, 3 വെങ്കലം).

ബോക്സിങ്ങിൽ വിവിധ വിഭാഗങ്ങളിലായി സെമിഫൈനലിൽ കടന്ന 9 ഇന്ത്യൻ താരങ്ങൾ മെഡൽ ഉറപ്പിച്ചു. വനിതകളിൽ പ്രീതി പവാർ (54 കിലോഗ്രാം), പ്രിയ ഘംഘാസ് (60 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), അരുന്ധതി ചൗധരി (70 കിലോഗ്രാം), ജാസ്മിൻ ലംബോറിയ (57 കിലോഗ്രാം) എന്നിവരും പുരുഷൻമാരിൽ ജാദുമണി സിങ് (55 കിലോഗ്രാം), നരേന്ദ്ര ബേർവാൽ (90+ കിലോഗ്രാം), അംകുശ് പംഘാൽ (80 കിലോഗ്രാം), സച്ചിൻ സിവാച് (60 കിലോഗ്രാം) എന്നിവരുമാണു മെഡൽ ഉറപ്പാക്കിയത്.

ആവേശ ജംപ്

കഴിഞ്ഞ തവണത്തെ വെള്ളി മെഡൽ ഇത്തവണ സ്വർണമാക്കാൻ ഉറപ്പിച്ചാണ് മലയാളി താരം എം.ശ്രീശങ്കർ ഗ്ലാസ്ഗോയിലെ കോമൺവെൽത്ത് ഗെയിംസ് വേദിയിലെത്തിയത്. പുരുഷ ലോങ് ജംപിലെ ആദ്യ 3 റൗണ്ടുകൾ പിന്നിടുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായ ശ്രീശങ്കർ (8.09 മീറ്റർ) സ്വർണത്തിളക്കത്തോടെ നാട്ടിലേക്കു മടങ്ങുമെന്ന് ഇന്ത്യൻ ആരാധകരും ഉറപ്പിച്ചു. 

എന്നാൽ, നാലാം റൗണ്ടിൽ 8.15 മീറ്റർ ചാടിയ ജമൈക്കയുടെ ടജയ് ഗെയ്ൽ ശ്രീശങ്കറിന്റെയും ഇന്ത്യയുടെയും പ്രതീക്ഷകൾ ചാടിക്കടന്നു. അതോടെ ഇരുപത്തിയേഴുകാരൻ മലയാളി താരത്തിനു തുടർച്ചയായ രണ്ടാം ഗെയിംസിലും വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടിവന്നു. സ്കോട്‌ലൻഡിന്റെ സ്റ്റീഫൻ മക്കൻസിക്കാണു (8.08) വെങ്കലം. കഴിഞ്ഞ ഗെയിംസിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്.

ആദ്യ ശ്രമത്തിൽ 8.03 മീറ്റർ ചാടിയ ശ്രീശങ്കർ തുടക്കം മികച്ചതാക്കി. സ്റ്റീഫൻ മക്കൻസി, ടജയ് ഗെയ്ൽ (ഇരുവരും 8.08 മീറ്റർ) മാത്രമായിരുന്നു ആദ്യ റൗണ്ടിൽ ശ്രീശങ്കറിനു മുന്നിലുണ്ടായിരുന്നത്. 7.97 മീറ്റർ ചാടിയ ഇന്ത്യയുടെ ലോകേഷ് സത്യനാഥൻ ആദ്യ റൗണ്ടിൽ നാലാമതായിരുന്നു. രണ്ടാം റൗണ്ടിൽ 8.09 മീറ്റർ കണ്ടെത്തിയ ശ്രീശങ്കർ ലീഡ് നേടി. മെക്കൻസിക്കും ഗെയ്‌ലിനും രണ്ടാം ശ്രമത്തിൽ 8 മീറ്റർ താണ്ടാൻ സാധിച്ചില്ല. രണ്ടാം ശ്രമത്തിൽ ദൂരം മെച്ചപ്പെടുത്താൻ ലോകേഷിനും കഴിഞ്ഞില്ല. ഗെയ്‌ലിന്റെയും ശ്രീശങ്കറിന്റെയും അടുത്ത ശ്രമങ്ങൾ ഫൗളിൽ അവസാനിച്ചു. മൂന്നാം ശ്രമത്തിലും ലോകേഷിന് 8 മീറ്റർ മറികടക്കാൻ സാധിച്ചില്ല.

നാലാം റൗണ്ടിലെ ആദ്യ ചാട്ടത്തിൽ 8.15 മീറ്റർ താണ്ടിയ ഗെയ്ൽ, ലീഡ് തിരിച്ചുപിടിച്ചു. ശ്രീശങ്കറിന്റെ നാലാം ശ്രമം ഫൗളായതോടെ ഇന്ത്യൻ ക്യാംപിൽ നിരാശ. അഞ്ചാം ജംപിലും  8 മീറ്റർ മറികടക്കാ‍ൻ ശ്രീശങ്കറിനു സാധിച്ചില്ല. ഇതോടെ എല്ലാ കണ്ണുകളും ശ്രീയുടെ അവസാന ചാട്ടത്തിലേക്ക്. എന്നാൽ ഇത്തവണയും 8 മീറ്ററിൽ താഴെ ചാട്ടം അവസാനിപ്പിച്ച ശ്രീശങ്കറിനു വെള്ളിയുമായി തൃപ്തിപ്പെടേണ്ടിവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article