Published: February 25, 2026 04:34 PM IST Updated: February 25, 2026 04:41 PM IST
1 minute Read
ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിനായി ടീമിനൊപ്പം ചെന്നൈയിലെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിങ് ക്യാംപിൽ തിരിച്ചെത്തുമെന്ന് ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക്. മത്സരത്തിനു മുന്നോടിയായി ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് സിതാൻഷു ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാണ് റിങ്കു, ഇന്ത്യൻ ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ‘‘റിങ്കുവിന്റെ അച്ഛന് സുഖമില്ല. അതിനാലാണ് അദ്ദേഹം നാട്ടിലേക്കു പോയത്. ഇന്നു വൈകിട്ട് അദ്ദേഹം തിരിച്ചെത്തുമെന്ന് കരുതുന്നു.’’– സിതാൻഷു കൊട്ടക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിങ്കു സിങിന്റെ പിതാവ് ഖാൻചന്ദ് സിങ് അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലാണെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള ഖാൻചന്ദിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്. ഒരു വർഷം മുൻപാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിർത്തിയിരുന്നു.
ലോകകപ്പിൽ ഇതുവരെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിച്ച താരമാണ് റിങ്കു സിങ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യൻ ടീം ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും റിങ്കു സിങ് പരിശീലനത്തിന് എത്തിയില്ല. ഇതോടെയാണ് താരം നാട്ടിലേക്ക് മടങ്ങിയ വിവരം ടീം അധികൃതർ അറിയിച്ചത്. ബുധനാഴ്ച വൈകിട്ട് ടീമിനൊപ്പം ചേരുന്ന താരം, പരിശീലനം പുനഃരാരംഭിക്കും.
എന്നാൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ റിങ്കു പ്ലേയിങ് ഇലവനിൽ ഉണ്ടായേക്കില്ലെന്നും വിവരമുണ്ട്. താരത്തിനു പകരം ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ ഇലവനിൽ ഉൾപ്പെടുത്താനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം തോറ്റ ടീമിൽ മൂന്നു മാറ്റങ്ങൾ എങ്കിലും ഉണ്ടായേക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.
English Summary:







English (US) ·