Published: February 01, 2026 02:36 PM IST Updated: February 01, 2026 06:50 PM IST
1 minute Read
മെൽബൺ∙ 25–ാം ഗ്രാൻഡ് സ്‍ലാം കിരീടത്തിനായുള്ള നൊവാക് ജോക്കോവിച്ചിന്റെ കാത്തിരിപ്പ് ഇനിയും നീളും. ഓസ്ട്രേലിയന്‍ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച് സ്പാനിഷ് യുവതാരം കാര്‍ലോസ് അൽകാരസിനു കിരീടം. വിജയത്തോടെ കരിയർ ഗ്രാൻസ്‍ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും 22 വയസ്സുകാരനായ അല്‍കാരസിന്റെ പേരിലായി. ഫൈനലിൽ 2–6, 6–2, 6–3, 7–5 എന്ന സ്കോറിനായിരുന്നു അൽകാരസിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ വെറ്ററൻ താരം ജോക്കോവിച്ചിന് ആധിപത്യമുണ്ടായിരുന്നു.ആദ്യ സെറ്റ് ജോക്കോ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ താരത്തിനെതിരെ ജോക്കോവിച്ച് 4–2ന് മുന്നിലെത്തിയിരുന്നു. ആറാം ഗെയിമിൽ മികച്ച ഷോട്ടുകൾ കളിച്ചാണ് സ്പാനിഷ് താരം മത്സരത്തിലേക്കു തിരികെയെത്തിയത്. അപ്പോഴും ജോക്കോയ്ക്ക് മത്സരത്തിൽ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. തകർത്തുകളിച്ച ജോക്കോ 6–2ന് ഒന്നാം സെറ്റ് പിടിച്ചെടുത്തു.
രണ്ടാം സെറ്റിന്റെ തുടക്കം മുതൽ ഇരു താരങ്ങളും തകർത്തുകളിച്ചതോടെ തുടക്കത്തിൽ സ്കോർ 1–1 എന്ന നിലയിലായിരുന്നു. അൽകാരസ് 3–1ന് മുന്നിലെത്തിയതിനു പിന്നാലെ സ്കോർ 3–2 ആക്കാൻ ജോക്കോയ്ക്ക് സാധിച്ചെങ്കിലും സെറ്റ് പിടിച്ച് സമ്മർദം ഒഴിവാക്കാൻ അൽകാരസ് ഉറച്ച മട്ടായിരുന്നു. 4–2ന് ജോക്കോ പിന്നോട്ടു പോയി. ഒടുവിൽ 6–2ന് സെറ്റ്പിടിച്ചെടുത്ത് സ്പാനിഷ് യുവതാരത്തിന്റെ ശക്തമായ തിരിച്ചുവരവ്.
മൂന്നാം സെറ്റിനും പോരാട്ടത്തിനു കുറവുണ്ടായിരുന്നില്ല. തുടക്കത്തിൽ സ്കോർ 2–2. 3–2ന് മുന്നിലെത്തിയ അൽകാരസിനു മുന്നിൽ പൊരുതിയ ജോക്കോവിച്ച് സ്കോർ 4–3 വരെ എത്തിച്ചെങ്കിലും മൂന്നാം സെറ്റ് സ്വന്തമാക്കാൻ സാധിച്ചില്ല. 6–3ന് സ്പാനിഷ് യുവതാരം മൂന്നാം സെറ്റും പിടിച്ചെടുത്തു.
നാലാം സെറ്റിന്റെ തുടക്കത്തിൽ അൽകാരസിനായിരുന്നു മേധാവിത്വം. ആദ്യ ഗെയിം അൽകാരസ് നേടി. രണ്ടാം ഗെയിം സ്വന്തമാക്കിയ ജോക്കോവിച്ച് മത്സരത്തിലേക്കു തിരിച്ചെത്തി. എന്നാൽ സെറ്റ് 2–1 ആക്കി അൽകാരസിന്റെ മറുപടിയെത്തി. അൽകാരസിന്റെ പിഴവിൽ ജോക്കോയ്ക്ക് തുടർച്ചയായി പോയിന്റുകള്‍ ലഭിച്ചതോടെ സെറ്റ് 2–2 എന്ന നിലയിൽ. അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ സെറ്റിൽ വീണ്ടും അൽകാരസ് മുന്നിലെത്തി. ജോക്കോയും വിട്ടുകൊടുത്തില്ല. സ്കോർ 5–5. സെറ്റ് സ്കോർ 6–5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടു. വാശിയേറിയ പോരാട്ടത്തിൽ 7–5ന് അൽകാരസ് വിജയിച്ചതോടെ, മെൽബണിൽ ചരിത്രം പിറന്നു.
അൽകാരസിന്റെ ഏഴാം ഗ്രാൻഡ്‌സ്‍ലാം കിരീടം കൂടിയാണിത്. ഓസ്ട്രേലിയൻ ഓപ്പണിലെ കന്നിക്കിരീടം. ഫ്രഞ്ച് ഓപ്പൺ (2024,2025), വിമ്പിൾഡൻ (2023, 2024), യുഎസ് ഓപ്പൺ (2022, 2025) ഗ്രാൻഡ്‌സ്‍ലാമുകളിൽ അൽകാരസ് രണ്ടു വീതം കിരീടങ്ങൾ വിജയിച്ചിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ കഴിഞ്ഞ രണ്ടു തവണയും താരം സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.
English Summary:







English (US) ·