ലണ്ടൻ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി ഇറ്റാലിയൻ താരം യാനിക് സിന്നർ. നാലു സെറ്റുകൾ നീണ്ട മത്സരത്തിൽ നാലു മണിക്കൂറോളം പൊരുതിയ ശേഷമാണ് സിന്നർ വീണ്ടും വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ പിന്നിലായിപ്പോയ ഇറ്റാലിയൻ താരം, ജര്‍മനിയുടെ അലക്സാണ്ടർ സ്വരേവിനെതിരെ തുടർച്ചയായി മൂന്നു സെറ്റുകൾ വിജയിച്ച് തിരിച്ചെത്തുകയായിരുന്നു. സ്കോർ 6–7 (7-9), 7-6 (7-2), 6-3, 6-4. മത്സരത്തിനിടെ കാലിനു പരുക്കേറ്റതു സ്വരേവിനു തിരിച്ചടിയായി.
24 വയസ്സുകാരനായ സിന്നറുടെ കരിയറിലെ അഞ്ചാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്. ഓപ്പണ്‍ എറയിൽ പുരുഷ സിംഗിൾസിൽ വിമ്പിൾഡൻ കിരീടം നിലനിർത്തുന്ന പത്താമത്തെ താരം കൂടിയാണ് സിന്നർ. 2026ലെ ഫ്രഞ്ച് ഓപ്പൺ കിരീട വിജയവുമായി കരിയറിലെ ആദ്യ ഗ്രാൻഡ് സ്‍ലാം സ്വന്തമാക്കിയ 29-വയസ്സുകാരൻ സ്വരേവിന്റെ കരിയറിലെ ഗ്രാൻഡ് സ‍്‍ലാം ഫൈനലുകളിലെ നാലാം തോൽവിയാണിത്. 2020 യുഎസ് ഓപ്പണ്‍, 2024 ഫ്രഞ്ച് ഓപ്പൺ, 2025 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലുകളിലും സ്വരേവ് തോൽവി വഴങ്ങിയിരുന്നു. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പൺ കലാശപ്പോരിൽ ഫ്ലാവിയോ കോബോലിയെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് സ്വരേവ് ആദ്യ കിരീടം വിജയിച്ചത്.
നിലവിലെ ചാംപ്യനായ യാനിക് സിന്നറാണ് മത്സരത്തിലെ ആദ്യ പോയിന്റു സ്വന്തമാക്കിയത്. യാനിക് സിന്നറെ വിറപ്പിച്ചു തുടങ്ങിയ അലക്സാണ്ടർ സ്വരേവ് ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം പൊരുതി. സിന്നറിൽ സമ്മര്‍ദമേറ്റുക ലക്ഷ്യമിട്ട് സ്വരേവ് നെറ്റിനു സമീപത്തേക്കു കയറിനിന്ന് പൊരുതിയപ്പോൾ മനോഹരമായൊരു ലോബിലൂടെ സിന്നർ മറുപടിയൊരുക്കി. ഇതോടെ 2–1ന് സിന്നർ മുന്നിലെത്തി. തുടർന്ന് ഒരു ഘട്ടത്തിലും സ്വരേവിന് ലീഡ് നൽകാതിരുന്നെങ്കിലും, ആദ്യ സെറ്റിൽ തന്നെ പോരാട്ടം ടൈ ബ്രേക്കറിലെത്തി. എന്നാൽ സിന്നർക്കു സംഭവിച്ച പിഴവുകൾ മുതലെടുത്ത സ്വരേവ് ടൈ ബ്രേക്കറിൽ 9–7ന് മുന്നിലെത്തി. ആദ്യ സെറ്റ് 7–6ന് ജർമൻ താരം സ്വന്തമാക്കി.
രണ്ടാം സെറ്റിൽ നാലു പോയിന്റുവരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് സിന്നറും സ്വരേവും നടത്തിയത്. ഇരുവരും നിന്നുപൊരുതിയതോടെ രണ്ടാം സെറ്റും ടൈ ബ്രേക്കറിൽ കലാശിച്ചു. എന്നാൽ ടൈ ബ്രേക്കറിൽ സ്വരേവിനു മേൽ ആധിപത്യം സ്ഥാപിച്ച സിന്നർ 7–6 (7–2)ന് രണ്ടാം സെറ്റ് ജയിച്ച് മത്സരത്തിലേക്കു തിരികെയെത്തി.
മൂന്നാം സെറ്റിന്റെ തുടക്കത്തിലും സിന്നറും സ്വരേവും തകര്‍പ്പൻ പോരാട്ടമാണു കാഴ്ചവച്ചത്. സ്കോർ 4–3ന് സിന്നർ മുന്നിട്ടുനിൽക്കെ, കോർട്ടിൽ വീണ സ്വരേവിന്റെ കാൽമുട്ടിനു പരുക്കേറ്റിരുന്നു. മത്സരം തുടരാൻ സ്വരെവ് തീരുമാനിക്കുകയായിരുന്നു. എന്നാൽ മത്സരത്തിലേക്കു തിരികെയെത്തി മികച്ച പ്രകടനം തുടരാൻ സ്വരേവിനു സാധിച്ചില്ല. മൂന്നാം സെറ്റ് 6–3ന് സ്വന്തമാക്കിയ സിന്നർ പോരാട്ടത്തിൽ 2–1നു മുന്നിലെത്തി. നാലാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച സ്വരേവ് ഒരു ഘട്ടത്തിൽ 2–3ന് മുന്നിലായിരുന്നു. എന്നാൽ തിരിച്ചടിച്ച സിന്നർ നാലാം സെറ്റും കിരീടവും സ്വന്തമാക്കി. നാലാം സെറ്റിൽ 6–4നായിരുന്നു സിന്നറിന്റെ വിജയക്കുതിപ്പ്.
English Summary:





English (US) ·