Published: April 27, 2026 05:30 PM IST
1 minute Read
ലക്നൗ∙ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശിക്കു വൻ തുക പിഴ ചുമത്തി ഐപിഎൽ സംഘാടകർ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ പോരാട്ടത്തിനിടെ എതിർ ടീമിന്റെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് യുവതാരത്തെ അംപയർമാർ പുറത്താക്കിയിരുന്നു. ഡഗ്ഔട്ടിലേക്കു മടങ്ങുന്നതിനിടെ രഘുവംശി ഹെൽമറ്റ് വലിച്ചെറിഞ്ഞു രോഷം പ്രകടിപ്പിച്ചിരുന്നു. രഘുവംശിയുടെ ഔട്ടിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് താരത്തിനെതിരെ നടപടി വരുന്നത്. മാച്ച് ഫീയുടെ 20 ശതമാനം അംഗ്ക്രിഷ് രഘുവംശി പിഴയായി അടയ്ക്കേണ്ടിവരും.
വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ ഫിൽഡ് തടസ്സപ്പെടുത്തിയതിനാണ് താരം ഔട്ടാണെന്ന് തേഡ് അംപയർ വിധിച്ചത്. കൊൽക്കത്ത ഇന്നിങ്സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് രഘുവംശി തട്ടിയിട്ടു. സിംഗിളിനായി ഓട്ടം തുടങ്ങുകയും ചെയ്തു. എന്നാൽ മറുവശത്തുണ്ടായിരുന്ന കാമറൂൺ ഗ്രീൻ, താരത്തെ തിരിച്ചയച്ചു. പക്ഷേ തിരിഞ്ഞോടിയപ്പോൾ ഓട്ടം, പിച്ചിന്റെ മറുവശത്തു കൂടിയായി.
ഇതേസമയം മുഹമ്മദ് ഷമി സ്റ്റംപിലേക്ക് ബോൾ ഡയറക്ട് ത്രോ നടത്തി. എന്നാൽ ക്രീസിലേക്ക് ഡൈവ് ചെയ്ത് രഘുവംശിയുടെ അടിയിൽപ്പെട്ട് ബോളിന്റെ ചലനം നിന്നു. ഇതോടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. പന്തിന്റെ ദിശ മനസ്സിലാക്കി, രഘുവംശി മനഃപൂർവം ഫീൽഡ് തടസ്സപ്പെടുത്തിയെന്നായിരുന്നു ലക്നൗവിന്റെ പരാതി. തുടർന്ന് തീരുമാനം തേഡ് അംപയർക്കു വിട്ടു. രഘുവംശി പന്തിലേക്ക് നോക്കുന്നുണ്ടായിരുന്നെന്നും ലൈൻ മാറിയാണ് ഓടിയതെന്നും അദ്ദേഹം വിലയിരുത്തി. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു.
എന്നാൽ അംഗ്ക്രിഷ് രഘുവംശിയും കൊൽക്കത്ത ടീമും തീരുമാനത്തിൽ അസംതൃപ്തരായിരുന്നു. രോഷാകുലനായ രഘുവംശി ബൗണ്ടറി ലൈൻ കടക്കുമ്പോൾ തന്റെ ഹെൽമറ്റ് വലിച്ചെറിഞ്ഞു. ബൗണ്ടറി കുഷ്യനിൽ ബാറ്റ് ആഞ്ഞടിക്കുകയും ചെയ്തു. താരത്തെ പുറത്താക്കിയതിൽ വൻ വിമർശനമാണ് ഐപിഎൽ സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട അംഗ്ക്രിഷ് ഒൻപതു റൺസെടുത്താണു പുറത്താകുന്നത്. നിശ്ചിത ഓവറുകളിൽ ഇരുടീമുകളും 155 റൺസ് വീതം നേടിയതോടെ, സൂപ്പർ ഓവറിലാണ് കൊൽക്കത്ത മത്സരം സ്വന്തമാക്കുന്നത്.
English Summary:







English (US) ·