പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ പരുക്ക് അഭിനയിക്കും: പാക്കിസ്ഥാൻ ഓപ്പണർക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സിലക്ടർ

2 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: August 30, 2026 08:41 AM IST

1 minute Read

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇമാം ഉൾ ഹഖിന് പരുക്കേറ്റപ്പോൾ. Photo by DARREN STAPLES / AFP
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇമാം ഉൾ ഹഖിന് പരുക്കേറ്റപ്പോൾ. Photo by DARREN STAPLES / AFP

ലണ്ടൻ∙ പാക്കിസ്ഥാൻ ഓപ്പണർ ഇമാം ഉൾഹഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പാക്ക് ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ മുഹമ്മദ് വാസിം. വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റു ചെയ്യുന്നത് ഒഴിവാക്കാൻ പാക്കിസ്ഥാൻ ഓപ്പണർ പരുക്ക് അഭിനയിക്കാറുണ്ടെന്നാണ് മുഹമ്മദ് വാസിമിന്റെ ആരോപണം. ലോ‍ർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിൽ ഇമാം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 110 റൺസിന് ഓൾഔട്ടായപ്പോഴായിരുന്നു ഇമാം ബാറ്റു ചെയ്യാതെ മാറിയിരുന്നത്. എന്നാൽ താരത്തിന് പരുക്കുണ്ടെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക വിശദീകരണം.

What you should work next

2022ൽ ഇംഗ്ലണ്ടിനെതിരെ തന്നെ നടന്ന മുൾട്ടാൻ ടെസ്റ്റിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് വിഡിയോയിൽ മുഹമ്മദ് വാസിം ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. എന്നാൽ ഇമാം ഉൾ ഹഖിന്റെ പേര് പരാമർശിക്കാൻ വാസിം തയാറായില്ല.‘‘2022 മുൾട്ടാൻ ടെസ്റ്റിൽ ഈ ബാറ്റർ പരിക്ക് അഭിനയിക്കുമെന്ന് ടീം ഫിസിയോ എനിക്കു മുന്നറിയിപ്പു നൽകിയതാണ്. അതു തന്നെ സംഭവിച്ചു. ആ താരത്തിന് ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. മുൻ‍പും ഇതു സംഭവിച്ചിട്ടുണ്ടെന്നാണു ടീം ഫിസിയോ എന്നോടു പറഞ്ഞത്. പരിശീലകർ ഈ ബാറ്ററെക്കുറിച്ച് പരാതി പറയാറുണ്ട്. ഇത്തരം താരങ്ങളെ മാറ്റിനിർത്തുകയാണു വേണ്ടത്. കാരണം ഇതു മറ്റുള്ളവർക്കും ഉള്ള സന്ദേശമാകണം.’’

‘‘ആഭ്യന്തര ക്രിക്കറ്റിലും പുല്ല് ഉള്ള പിച്ചുകളാണെങ്കിൽ ഈ താരങ്ങൾ ബാറ്റ് ചെയ്യാൻ ഇറങ്ങില്ല. പിച്ചുകൾ ഫ്ലാറ്റാകുമ്പോഴാണ് ഇവർ ബാറ്റിങ്ങിന് തയാറാകുക. ചരിത്രം നോക്കിയാൽ ആരൊക്കെയാണ് ഇതു സ്ഥിരമായി ചെയ്യുന്നതെന്നു നിങ്ങൾക്കു മനസ്സിലാകും.’’– വാസിം ആരോപിച്ചു. 2022 മുൾട്ടാൻ ടെസ്റ്റിൽ നാലാം ഇന്നിങ്സിൽ അഞ്ചാമനായാണ് ഇമാം ഉൾഹഖ് ബാറ്റിങ്ങിന് ഇറങ്ങിയത്. 104 പന്തുകൾ നേരിട്ട താരം 60 റണ്‍സടിച്ചു പുറത്തായിരുന്നു. ഈ മത്സരത്തിൽ കാലിനു പരുക്കേറ്റ ഇമാം ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങുകയായിരുന്നെന്നാണു വിവരം.

What you should work next

കാൽമുട്ടിന് പരുക്കുള്ളതിനാലാണ് ലോർഡ്സ് ടെസ്റ്റിൽ ഇമാം കളിക്കാത്തതെന്നാണ് പാക്ക് ക്രിക്കറ്റ് ബോർ‍ഡിന്റെ വിശദീകരണം. ‘‘രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ഇമാമിന് കാൽമുട്ടിന് പരുക്കേറ്റത്. മെഡിക്കൽ ടീമിന്റെ സഹായത്തോടെ ഇമാം ചികിത്സയിലാണ്. പരുക്കുമാറിയതിനു ശേഷമാകും അദ്ദേഹം കളിക്കാൻ ഇറങ്ങുക.’’– പിസിബി പ്രസ്താവനയിൽ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാൻ 53 റണ്‍സ് തോൽവി വഴങ്ങിയിരുന്നു.

English Summary:

Imam-ul-Haq accused of ‘faking injuries’ by ex-Pakistan selector

Read Entire Article