നവി മുംബൈ∙ 7ന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരം ഇന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കും. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴു മുതലാണ് മത്സരം. കഴിഞ്ഞ ലോകകപ്പിനു ശേഷം നടന്ന എല്ലാ ട്വന്റി20 പരമ്പരകളിലും ഏഷ്യാ കപ്പ് ടൂർണമെന്റും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സംഘം. അവസാനം കളിച്ച ന്യൂസീലൻഡിനെതിരെ ട്വന്റി20 പരമ്പരയിലും മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എങ്കിലും ആദ്യമത്സരത്തിനു മുൻപുള്ള അവസാനവട്ട ഒരുക്കത്തിന് സന്നാഹ മത്സരം സഹായിക്കും.
ഐസിസി നിയമപ്രകാരം സന്നാഹ മത്സരങ്ങള്‍ക്ക് രാജ്യാന്തര പദവിയില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ നേടുന്ന റണ്ണുകളോ റെക്കോര്‍ഡുകളോ കണക്കിലെടുക്കാറില്ല. ടോസ് സമയത്ത് മത്സരത്തിനുള്ള അന്തിമ ഇലവനെ ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കേണ്ടതുമില്ല. ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം.
ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുന്ന സഞ്ജു സാംസണാണ് സന്നാഹമത്സരം ഏറ്റവും നിർണായകം. ഇന്നു കൂടി തിളങ്ങിയില്ലെങ്കിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുകയേ വേണ്ട. കിവീസിനെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 46 റൺസാണ് സഞ്ജുവിന്റെ ആകെ സമ്പാദ്യം. ആദ്യ നാലു മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ സ്ഥാനം നിലനിർത്തിയിരുന്ന സഞ്ജുവിന് അവസാന മത്സരത്തിൽ അതും നഷ്ടമായി. സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് അഞ്ചാം മത്സരത്തിൽ കീപ്പ് ചെയ്തത്.
എന്നാൽ ഇഷാന്റെ കീപ്പിങ് മികവ് സംബന്ധിച്ച് ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നു. ഈ സാഹചര്യത്തിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ നിലനിർത്തുമോ എന്നതിലാണ് ആകാംക്ഷ. വലംകയ്യൻ ബാറ്ററാണെന്നതും സഞ്ജുവിന് മുൻതൂക്കം നൽകുന്നു. ഓപ്പണിങ്ങിൽ ലെഫ്റ്റ്–റൈറ്റ് കോംബിനേഷനാണ് ടീം മാനേജ്മെന്റ് മുൻഗണന നൽകുന്നത്. പക്ഷേ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
പരുക്കിനു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ തിലക് വർമയ്ക്കും സന്നാഹമത്സരം പ്രധാനപ്പെട്ടതാണ്. യുഎസ്എയ്ക്കെതിരെ സന്നാഹമത്സരം കളിച്ച ഇന്ത്യ എ ടീമിൽ തിലകമുണ്ടായിരുന്നു. 24 പന്തിൽ 38 റൺസെടുത്ത താരം ഫോമിലാണെന്ന് സൂചന നൽകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ അത് ഉറപ്പിക്കുകയാകും താരത്തിന്റെ ലക്ഷ്യം.
പരുക്കിലായ വാഷിങ്ടൻ സുന്ദറിനെ സംബന്ധിച്ച യാതൊരു വിവരവും ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരം ഇന്നു കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. വാഷിങ്ടനു പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താരം പുറത്തായാൽ മൂന്നു താരങ്ങളെയാണ് പകരക്കാരനായി പരിഗണിക്കുന്നത്. ആയുഷ് ബദോനി, രവി ബിഷ്ണോയ്, റിയാൻ പരാഗ് എന്നിവരാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. മൂവരും ഇന്ത്യ എ ടീമിനു വേണ്ടി കളത്തിലിറങ്ങിയിരുന്നു. ന്യൂസീലൻഡിനെതിരെ പരമ്പരയിൽ കളിച്ച രവി ബിഷ്ണോയ് മികവ് തെളിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, വാഷിങ്ടൻ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്.
English Summary:







English (US) ·