Published: June 28, 2026 06:00 AM IST Updated: June 28, 2026 09:05 AM IST
2 minute Read
ഗോൾ ലക്ഷ്യമാക്കി 24 ഷോട്ടുകൾ, അതിൽ ആറെണ്ണം ‘ഓൺ ടാർഗറ്റ്’. ഫിഫ ലോകകപ്പിൽ പോർച്ചുഗലിനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൊളംബിയ മറുപടിയൊരുക്കിയത് ഇങ്ങനെയായിരുന്നു. കെ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനോട് ഗോൾ രഹിത സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊളംബിയ നോക്കൗട്ടിൽ കടന്നു. രണ്ടു വിജയവും ഒരു സമനിലയുമുള്ള കൊളംബിയ ഏഴു പോയിന്റാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയത്. അഞ്ചു പോയിന്റുള്ള പോർച്ചുഗല്‍ രണ്ടാമൻമാരായി റൗണ്ട് ഓഫ് 32 ൽ എത്തി. അടുത്ത റൗണ്ടിൽ കരുത്തരായ ക്രൊയേഷ്യയാണ് പോർച്ചുഗലിന്റെ എതിരാളികൾ. കൊളംബിയ ഘാനയെയും നേരിടും.
What you should work next
ആദ്യ പകുതി ഗോൾ രഹിതംകൊളംബിയയുടെ മുന്നേറ്റത്തോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി തുടങ്ങിയത്. ലൂയിസ് ഡയസും ജോൺ കോർഡോബയും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൊളംബിയയ്ക്കു വല കുലുക്കാൻ സാധിച്ചില്ല. നാലാം മിനിറ്റിൽ പോർച്ചുഗൽ താരം റൂബൻ നെവസ് എടുത്ത വോളി കൊളംബിയ പോസ്റ്റിനു ഭീഷണിയാകാതെ പുറത്തേക്കു പോയി. 17–ാം മിനിറ്റില്‍ കൗണ്ടർ ആക്രമണവുമായി മുന്നേറിയ കൊളംബിയ താരം ജോൺ കോർഡോബ പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന്റെ വെല്ലുവിളി മറികടന്നെങ്കിലും ഗോൾ കീപ്പര്‍ പോർച്ചുഗലിന്റെ രക്ഷകനായി. 24–ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ നീക്കം. കൊളംബിയ താരം ജോൺ അരിയാസിന്റെ ഫൗളിൽ പോർച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക്. എന്നാല്‍ റൊണാൾഡോയുടെ കിക്ക് കൊളംബിയ ഗോളി കമിലോ വർഗാസ് അനായാസം പിടിച്ചെടുത്തു. ആദ്യ 30 മിനിറ്റുകൾക്കു ശേഷം പോർച്ചുഗൽ മത്സരത്തിലേക്കു ശക്തമായി തിരികെയെത്തി. 39–ാം മിനിറ്റിൽ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് ക്ലോസ് റേഞ്ചിൽ എടുത്ത ഷോട്ട് തകർപ്പനൊരു സേവിലൂടെ കൊളംബിയ ഗോളി വർഗാസ് രക്ഷപെടുത്തി. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൂബൻ നെവസും ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 42–ാം മിനിറ്റിൽ പോർച്ചുഗൽ യുവതാരം ജോവോ ഫെലിക്സിന്റെ ഗോൾ നീക്കം ബാറിനു മുകളിലൂടെ പുറത്തേക്കാണു പോയത്. ആദ്യ പകുതിയിൽ നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. എന്നാൽ ഗോൾ അകന്നുനിന്നു.
മിന്നലാക്രമണത്തിൽ വലഞ്ഞ് പോർച്ചുഗൽരണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോർച്ചുഗൽ ടീമിൽ രണ്ടു മാറ്റങ്ങള്‍ പരിശീലകൻ റോബർട്ടോ മാർട്ടിനസ് കൊണ്ടുവന്നു. മിഡ്ഫീൽഡിൽ ജൊവോ നെവസും റൈറ്റ് ബാക്കിൽ ഡിയോഗോ ഡലോട്ടും കളിക്കാനിറങ്ങി. ഗ്രൗണ്ടിലെത്തിയതിനു പിന്നാലെ പോർച്ചുഗലിനായി ഡലോട്ടിന്റെ ഗോൾ നീക്കം വന്നു. ഡലോട്ടിന്റെ ക്രോസിൽ ജോവോ ഫെലിക്സ് ഹെഡ് ചെയ്തെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിയില്ല. 55–ാം മിനിറ്റിൽ കൊളംബിയ താരം ജോൺ അരിയാസിന്റെ ഷോട്ട് പോർച്ചുഗൽ ഗോളി ഡീഗോ കോസ്റ്റ തടഞ്ഞു. 60–ാം മിനിറ്റിൽ കൊളംബിയയ്ക്കായി പകരക്കാരനായി ഇറങ്ങിയ ലൂയിസ് സ്വാരെസ് തുടര്‍ച്ചയായി പോർച്ചുഗൽ ബോക്സിനു ഭീഷണി ഉയര്‍ത്തി. 67–ാം മിനിറ്റിൽ പോർച്ചുഗൽ പോസ്റ്റിനു മുന്നിൽനിന്ന് ജോൺ അരിയാസ് എടുത്ത ഷോട്ട് ഗോളി ഡിയേഗോ കോസ്റ്റ സേവ് ചെയ്തു.
74–ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസ് എടുത്ത ഷോട്ട് പോർച്ചുഗൽ പോസ്റ്റിനു ഭീഷണിയാകാതെ ഗതി മാറി പുറത്തേക്കുപോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പോർച്ചുഗൽ ബോക്സിലേക്കു തുടര്‍ച്ചയായി പന്തുകളെത്തി. രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. പട്ടികയിൽ ഒന്നാമതു വരാൻ കൊളംബിയയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ വിജയത്തിലെത്താൻ ഒന്നിനു പുറമേ ഒന്നായി തുടർച്ചയായ ആക്രമണങ്ങളാണ് കൊളംബിയൻ താരങ്ങൾ തൊടുത്തുവിട്ടത്. ഇൻജറി ടൈമിൽ കോർണറിൽനിന്നു ലഭിച്ച പന്തിൽ തകർപ്പനൊരു ഹെഡറിലൂടെ ഡേവിഡ്സൻ സാഞ്ചസ് പോർച്ചുഗലിന്റെ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. അധിക സമയമായ അഞ്ച് മിനിറ്റ് കൂടി അവസാനിച്ചതോടെ മത്സരം ഗോൾ രഹിത സമനിലയിൽ. കെ ഗ്രൂപ്പില്‍ ഒന്നാമൻമാരായി കൊളംബിയ നോക്കൗട്ടിലേക്ക്. രണ്ടാം സ്ഥാനക്കാരായ പോർച്ചുഗലും നോക്കൗട്ടിൽ കടന്നു.
മറ്റൊരു മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 3–1ന് തോൽപിച്ച് കോംഗോയും നോക്കൗട്ടിലെത്തി. ലോകകപ്പിലെ ആദ്യ വിജയം നേടിയ കോംഗോ, പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായാണു കടന്നുകൂടിയത്. കോംഗോയ്ക്കായി യോനെ വിസ്സ (68, 90+1), ഫിസ്റ്റൻ മയലെ (78) എന്നിവരാണ് ഗോളുകൾ നേടിയത്. 10–ാം മിനിറ്റിൽ എൽഡോർ ഷൊമുദൊറോവാണ് ഉസ്ബക്കിസ്ഥാനു വേണ്ടി വല കുലുക്കിയത്.
What you should work next
English Summary:





English (US) ·