Published: April 23, 2026 02:38 PM IST
2 minute Read
ലക്നൗ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് പേസർ നാന്ദ്രെ ബർഗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. മറ്റൊരു കളിക്കാരനെ അവഹേളിക്കുന്നതോ അല്ലെങ്കിൽ പ്രകോപിപ്പിക്കുന്നതോ ആയ രീതിയിലുള്ള ഭാഷയോ പ്രവൃത്തിയോ ആംഗ്യമോ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 2.5 പ്രകാരമുള്ള ലെവൽ 1 കുറ്റത്തിനാണ് നടപടി. ഏതു സംഭവത്തിലാണ് നടപടിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായ രീതിയിൽ യാത്രയയപ്പ് നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് സൂചന. കുറ്റം സമ്മതിച്ച ദക്ഷിണാഫ്രിക്കൻ താരം, മാച്ച് റഫറി നിർദ്ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു. മത്സരത്തിൽ ലക്നൗവിനെ 40 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്.
ദയനീയ തോൽവി സംബന്ധിച്ച് തനിക്ക് മറുപടിയില്ലെന്നു പറഞ്ഞ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത്, പിച്ച് ശരിയായി മനസ്സിലാക്കുന്നതിൽ തന്റെ ടീമിന് പിഴവു സംഭവിച്ചെന്നും പറഞ്ഞു. ‘‘എനിക്ക് ഉത്തരങ്ങളില്ല. ബാറ്റിങ് ഞങ്ങളെ തളർത്തി. ഒരു ടീം എന്ന നിലയിലും ഒരു ഗ്രൂപ്പ് എന്ന നിലയിലും ഞങ്ങൾ നിരാശരാണ്. നമ്മൾ ഉത്തരങ്ങൾ തേടേണ്ടത് ഉള്ളിലാണ്, പുറത്തല്ല. ബാറ്റിങ്ങിൽ ഞങ്ങൾക്ക് കുറച്ചുകൂടി സമയം എടുക്കാമായിരുന്നു. ഒഴികഴിവുകളില്ല. ഞാൻ ഉൾപ്പെടെയുള്ളവർക്ക് കളി കുറച്ചുകൂടി ആഴത്തിൽ കൊണ്ടുപോകാമായിരുന്നു. ഒരു ബാറ്റിംഗ് ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണം.’’– പന്ത് പറഞ്ഞു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ലക്നൗ 18 ഓവറിൽ 119ന് ഓൾഔട്ടായി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6ന് 159. ലക്നൗ 18 ഓവറിൽ 119ന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ ആയുഷ് ബദോനിയെയും (0) ക്യാപ്റ്റൻ ഋഷഭ് പന്തിനെയും (0) നഷ്ടമായി. വൈകാതെ എയ്ഡൻ മാർക്രവും (0) വീണതോടെ ലക്നൗ പതറി. നാലാം വിക്കറ്റിൽ 43 റൺസ് ചേർത്ത മിച്ചൽ മാർഷ് (41 പന്തിൽ 55)– നിക്കൊളാസ് പുരാൻ (25 പന്തിൽ 22) സഖ്യം ലക്നൗവിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും പുരാനെ ജഡേജയും മാർഷിനെ നാന്ദ്രെ ബർഗറും വീഴ്ത്തിയതോടെ ലക്നൗ തോൽവി സമ്മതിച്ചു. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 12 പന്തിൽ 22 റൺസുമായി ആഞ്ഞടിച്ച യശസ്വി ജയ്സ്വാൾ മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ, ജയ്സ്വാളിനെയും ധ്രുവ് ജുറേലിനെയും (0) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ മുഹമ്മദ് ഷമി രാജസ്ഥാനെ ഞെട്ടിച്ചു. അടുത്ത ഓവറിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ (11 പന്തിൽ 8) മൊഹ്സിൻ ഖാനും പുറത്താക്കിയതോടെ രാജസ്ഥാൻ വിറച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 44 എന്ന നിലയിലായിരുന്നു സന്ദർശകർ. അധികം വൈകാതെ ക്യാപ്റ്റൻ റിയാൻ പരാഗും (19 പന്തിൽ 20) ഷിമ്രോൺ ഹെറ്റ്മെയറും (18 പന്തിൽ 22) കൂടി മടങ്ങിയതോടെ രാജസ്ഥാൻ പൂർണമായും പ്രതിരോധത്തിലായി. 5ന് 77 സ്കോറിൽ പതറിയ അവരെ ആറാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്ത രവീന്ദ്ര ജഡേജ– ഡോണവൻ ഫെരൈര ( 19 പന്തിൽ 20) സഖ്യമാണ് 100 കടത്തിയത്.
എന്നാൽ ഡോണവനെ പുറത്താക്കിയ ലക്നൗ തിരിച്ചടിച്ചു. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന ജഡേജയിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ. സിംഗിളും ഡബിളുമായി പതിയെ കളംപിടിച്ച ജഡേജ രാജസ്ഥാൻ സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. ഇംപാക്ട് പ്ലെയറായി എത്തിയ ശുഭം ദുബെയെ (11 പന്തിൽ 19 നോട്ടൗട്ട്) കൂട്ടുപിടിച്ച ജഡേജ രാജസ്ഥാൻ ടോട്ടൽ 150 കടക്കുമെന്ന് ഉറപ്പാക്കി. 25 പന്തിൽ 49 റൺസാണ് ഇരുവരും ചേർന്നു നേടിയത്. രാജസ്ഥാൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതുതന്നെ. മയാങ്ക് യാദവ് എറിഞ്ഞ അവസാന ഓവറിൽ 2 ഫോറും ഒരു സിക്സുമടക്കം 20 റൺസ് നേടിയ ജഡേജയാണ് സ്കോർ 159ൽ എത്തിച്ചത്. നേരിട്ട ആദ്യ 24 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാതിരുന്ന ജഡേജ, അവസാന ഓവറിലാണ് ആദ്യമായി പന്ത് ബൗണ്ടറി കടത്തിയത്.
English Summary:







English (US) ·