Published: March 26, 2026 08:17 AM IST
1 minute Read
ചെന്നൈ∙ പരുക്കേറ്റു പുറത്തായ നേഥൻ എല്ലിസിനു പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ച് ഐപിഎലിന്റെ ഭാഗമാകും. പരുക്കിൽനിന്നു മുക്തനാകുന്ന ജോണ്‍സണ് കുറച്ചു ദിവസങ്ങൾ കൂടി വിശ്രമം വേണ്ടിവരും. ഏപ്രിൽ 21ന് ശേഷം ഓസീസ് പേസർ ടീമിനൊപ്പം ചേരുമെന്നാണു പുറത്തുവരുന്ന വിവരം. ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യത്തെ നാലു മത്സരങ്ങൾ ജോൺസണു നഷ്ടമായേക്കും. ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണു താരം ഒടുവിൽ കളിച്ചത്. പരുക്കിനെ തുടർന്ന് താരത്തിന് ബിഗ് ബാഷ് ലീഗ് പൂർണമായും നഷ്ടപ്പെട്ടിരുന്നു.
1.50 കോടി രൂപയാണ് ഐപിഎലിൽ താരത്തിന്റെ പ്രതിഫലം. പാക്കിസ്ഥാൻ ലീഗിൽ 1.87 കോടിയായിരുന്നു താരത്തിന്റെ വില. എന്നാൽ കുറഞ്ഞ തുകയ്ക്ക് ഐപിഎൽ കളിക്കാന്‍ വേണ്ടി ജോൺസൺ തയാറെടുക്കുകയായിരുന്നു. 30 വയസ്സുകാരനായ ജോൺസൺ, ഓസ്ട്രേലിയയ്ക്കു വേണ്ടി അഞ്ച് ഏകദിനങ്ങളും എട്ട് ട്വന്റി20 മത്സരങ്ങളുമാണു കളിച്ചിട്ടുള്ളത്. 2024 താരലേലത്തിൽ 10 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസാണ് സ്പെൻസർ ജോൺസണെ ഐപിഎലിലേക്ക് എത്തിക്കുന്നത്. അഞ്ചു മത്സരങ്ങൾ കളിച്ച താരം നാലു വിക്കറ്റുകൾ വീഴ്ത്തി.
കഴിഞ്ഞ സീസണിൽ 2.80 കോടിക്ക് കൊൽക്കത്തയിലെത്തിയ ജോൺസന് നാലു മത്സരങ്ങളില്‍നിന്ന് ഒരു വിക്കറ്റാണു ലഭിച്ചത്. താരത്തെ കൊൽക്കത്ത റിലീസ് ചെയ്തെങ്കിലും, ലേലത്തിൽ ആരും വാങ്ങിയില്ല. ഇതോടെയാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൽ അവസരം ലഭിക്കുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനൊപ്പം ചേർന്നില്ല. ജോൺസണു പുറമേ, മാറ്റ് ഹെൻറി, ജെയ്മി ഓവർടൻ, സാക് ഫോക്സ് എന്നിവരും ചെന്നൈ നിരയിൽ വിദേശ പേസർമാരായുണ്ട്. ഇന്ത്യൻ പേസർമാരായ ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, ഗുർജൻ പ്രീത് സിങ്, മുകേഷ് ചൗധരി എന്നിവരും ചെന്നൈയ്ക്കു കരുത്താകും.
English Summary:








English (US) ·