പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന ആൾ: ഗംഭീറിനെ പുകഴ്ത്തി ശശി തരൂർ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 22, 2026 03:31 PM IST Updated: January 22, 2026 04:11 PM IST

1 minute Read

 X@ShashiTharoor
ശശി തരൂ‍ർ ഗൗതം ഗംഭീറിനൊപ്പം. Photo: X@ShashiTharoor

മുംബൈ∙ ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന ആളെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ വിശേഷിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗംഭീറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ ചിത്രം പങ്കുവച്ചത്. ‘‘സുഹൃത്തായ ഗൗതം ഗംഭീറുമായി നാഗ്പുരിൽ വച്ച് സംസാരിക്കാൻ സാധിച്ചു. പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന വ്യക്തി. ദിവസവും ഒരുപാടു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരാള്‍. അപ്പോഴും ശാന്തനായി, നിര്‍ഭയം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും നേതൃമികവിനെയും അഭിനന്ദിക്കുന്നു.’’- ഗംഭീറുമൊത്തുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു.

അതേസമയം തരൂരിന് നന്ദി അറിയിച്ച ഗംഭീർ, ടീമിൽ താൻ സര്‍വാധികാരിയല്ലെന്നും പ്രതികരിച്ചു. ‘‘നന്ദിയുണ്ട്. പൊടിപടലങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ പരിശീലകനു സര്‍വാധികാരങ്ങളുണ്ടെന്ന തോന്നലിനു പിന്നിലെ സത്യവും വസ്തുതയും പുറത്തുവരും.’’– ഗംഭീർ എക്സിൽ കുറിച്ചു.

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി നാഗ്പുരിലെത്തിയതായിരുന്നു ഗംഭീർ. ആദ്യ പോരാട്ടത്തിൽ 48 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. ഏകദിന പരമ്പര കൈവിട്ടതോടെ വന്‍ വിമർശനങ്ങളാണ് ഗംഭീറിനെതിരെ ഉയർന്നത്. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിനു തോൽപിച്ച ന്യൂസീലൻഡ്, 2–1നാണ് പരമ്പര സ്വന്തമാക്കിയത്. ഇതാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിലൊരു ഏകദിന പരമ്പര ജയിക്കുന്നത്.

സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ന്യൂസീലന്‍ഡിന്‍റെ ബി ടീമിനു മുന്നിൽ ഇന്ത്യ പരമ്പര അടിയറവു വച്ചതോടെയാണ് ആരാധകർ രോഷം പ്രകടിപ്പിച്ചത്.രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി 2024ൽ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതു മുതൽ വമ്പൻ തോൽവികളാണ് ഇന്ത്യയ്ക്കു സംഭവിച്ചത്.

ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റതും ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പരയില്‍ ഓസ്ട്രേലിയയോട് തോറ്റതും നാട്ടില്‍ ദക്ഷിണാഫ്രിക്കയോടെ ടെസ്റ്റ് പരമ്പര തോറ്റതുമെല്ലാം ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമായിരുന്നു.

English Summary:

Shashi Tharoor Says Gautam Gambhir Has Hardest Job After PM

Read Entire Article