Published: March 18, 2026 04:34 PM IST
1 minute Read
അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിനിടെയുണ്ടായ മോശം സംഭവങ്ങളുടെ പേരിൽ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനെ നേരിട്ടുകണ്ട് മാപ്പു പറഞ്ഞതായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫൈനൽ മത്സരത്തിനിടെ ഡാരിൽ മിച്ചലിനെതിരെ പന്ത് വലിച്ചെറിഞ്ഞതിന് അർഷ്ദീപ് സിങ്ങിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടപടിയെടുത്തിരുന്നു. അർഷ്ദീപ് സിങ്ങിന്റെ പ്രകോപനത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച ഡാരില്‍ മിച്ചലിനെ, സൂര്യകുമാർ യാദവും ഓൺഫീൽഡ് അംപയര്‍മാരും ചേർന്നാണു സമാധാനിപ്പിച്ചുവിട്ടത്. പിന്നാലെ ഗ്രൗണ്ടിൽ വച്ചുതന്നെ രണ്ടു താരങ്ങളും പിണക്കം മറന്ന് ഹസ്തദാനം നടത്തിയിരുന്നു. ഫൈനലിൽ ന്യൂസീലൻഡിനെതിരെ 96 റൺസ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പ് കിരീടമുയർത്തിയത്.
മത്സരത്തിനിടെ ഇത്തരം സംഭവങ്ങൾ സാധാരണ കാര്യമാണെന്ന് സൂര്യകുമാർ യാദവ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘‘സമ്മർദഘട്ടങ്ങളില്‍ ഇങ്ങനെ ചില കാര്യങ്ങൾ സംഭവിക്കും. ആ സമയത്ത് എന്താണു നടക്കുന്നതെന്ന് ചിലപ്പോൾ നിങ്ങൾക്കു മനസ്സിലാകില്ല. എന്റെ നിര്‍ദേശ പ്രകാരം അര്‍ഷ്ദീപ് ഡാരില്‍ മിച്ചലിനോടു സംസാരിച്ചിരുന്നു. പക്ഷേ ഒരു ക്യാപ്റ്റനെന്ന നിലയിൽ ഡാരിലിനോടു സംസാരിക്കേണ്ടത് എന്റെ കടമയായിരുന്നു. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അർഷ്ദീപ് സിങ് അതു ബോധപൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും ഞാൻ മാപ്പു പറയുന്നുവെന്ന് അദ്ദേഹത്തെ അറിയിച്ചു.’’– സൂര്യകുമാർ യാദവ്് പ്രതികരിച്ചു.
ഇന്ത്യൻ വിജയത്തിനു പിന്നാലെ ഡാരിൽ മിച്ചലിനോടു മാപ്പു പറയുന്നതായി അർഷ്ദീപ് സിങ്ങും പറഞ്ഞിരുന്നു. ബോധപൂര്‍വം ചെയ്തതല്ലെന്നും ഡാരില്‍ മിച്ചലിനുണ്ടായ ബുദ്ധിമുട്ടിൽ സങ്കടമുണ്ടെന്നുമായിരുന്നു അർഷ്ദീപിന്റെ പ്രതികരണം. ന്യൂസീലൻഡ് ഇന്നിങ്സിന്റെ 11–ാം ഓവറിലാണ് ഡാരിൽ മിച്ചൽ അർഷ്ദീപിനോടു തര്‍ക്കിച്ചത്. പന്തു നേരിട്ട ഡാരിൽ മിച്ചൽ അത് പ്രതിരോധിച്ചതോടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പന്തു പിടിച്ചെടുത്ത ഇന്ത്യൻ പേസർ റൺഔട്ട് ലക്ഷ്യമിട്ടെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. ന്യൂസീലൻഡ് ബാറ്ററുടെ കാലിലാണു പന്തു കൊണ്ടത്.
ഇതോടെ നിയന്ത്രണം നഷ്ടമായ ഡാരിൽ മിച്ചൽ അർഷ്ദീപ് സിങ്ങിന് അടുത്തേക്കെത്തി. ഡാരിൽ മിച്ചൽ സംസാരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്. ഇന്ത്യൻ ക്യാപറ്റൻ സൂര്യകുമാർ യാദവ് എത്തി ഡാരിൽ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. പിന്നാലെ അംപയർ അർഷ്ദീപിനെ വിളിച്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. വെറുതെനിന്നിരുന്ന ഡാരിൽ മിച്ചലുമായി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ച അർഷ്ദീപിനെതിരെ വൻ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മത്സരത്തിൽ നാലോവറുകള്‍ പന്തെറിഞ്ഞ അർഷ്ദീപ് 32 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
English Summary:







English (US) ·