Published: May 17, 2026 05:38 PM IST Updated: May 17, 2026 08:00 PM IST
1 minute Read
ധരംശാല∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് 2026 സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ 23 റൺസ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ആർസിബി ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനാണു സാധിച്ചത്. സീസണിലെ ഒൻപതാം വിജയം നേടിയ ആർസിബിക്ക് പോയിന്റ് ടേബിളിൽ 18 പോയിന്റായി. തുടർച്ചയായ ആറാം തോൽവി വഴങ്ങിയെങ്കിലും പഞ്ചാബ് 13 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെങ്കിലും അടുത്ത മത്സരം ജയിച്ചാലും പഞ്ചാബിന് മറ്റു ടീമുകളുടെ ഫലങ്ങൾ കൂടി നിർണായകമാകും.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 27 പന്തുകള്‍ നേരിട്ട ശശാങ്ക് നാലു വീതം സിക്സുകളും ഫോറുകളും പറത്തി 56 റൺസെടുത്തു. മാർകസ് സ്റ്റോയ്നിസ് (25 പന്തിൽ 37), കൂപര്‍ കോണോലി (22 പന്തിൽ 37), സൂര്യാൻഷ് ഷെഡ്ഗെ (22 പന്തിൽ 35) എന്നിവരും പഞ്ചാബിനായി തിളങ്ങിയെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല. പവർപ്ലേയിൽ 19 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായതാണ് പഞ്ചാബിന്റെ സാധ്യതകൾക്കു തിരിച്ചടിയായത്. ഓപ്പണർമാരായ പ്രിയൻഷ് ആര്യ(പൂജ്യം), പ്രബ്സിമ്രൻ സിങ് (രണ്ട്) എന്നിവരെ ഭുവനേശ്വർ കുമാർ പുറത്താക്കിയപ്പോൾ, ഒരു റണ്‍ മാത്രമെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ റാസിഖ് സലാം വീഴ്ത്തി.
പഞ്ചാബിന്റെ വിജയ പ്രതീക്ഷയായിരുന്ന ശശാങ്ക് സിങ്ങിനെയും വീഴ്ത്തിയത് ഇന്ത്യൻ യുവ താരം റാസിഖ് സലാമായിരുന്നു. ഇതോടെ പഞ്ചാബ് ആറാം തോൽവിയിലേക്കു വീഴുകയായിരുന്നു. റാസിഖ് സലാം മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും സ്വന്തമാക്കി. ജോഷ് ഹെയ്സൽവുഡ്, സുയാഷ് ശർമ, റൊമാരിയോ ഷെഫേഡ് എന്നിവർ ഓരോ വിക്കറ്റുവീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. അർധ സെഞ്ചറികൾ നേടിയ വെങ്കടേഷ് അയ്യർ, വിരാട് കോലി എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിനെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത്. 40 പന്തുകൾ നേരിട്ട വെങ്കടേഷ് അയ്യർ നാലു സിക്സുകളും എട്ട് ഫോറുകളുമുൾപ്പടെ 73 റൺസടിച്ചു പുറത്താകാതെനിന്നു. 37 പന്തുകൾ നേരിട്ട കോലി 58 റൺസടിച്ചു.
മലയാളി താരം ദേവ്ദത്ത് പടിക്കൽ (25 പന്തിൽ 45), ടിം ഡേവിഡ് (12 പന്തിൽ 28) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. സ്കോർ 21 ൽ നിൽക്കെ 11 റൺസെടുത്ത ജേക്കബ് ബെതലിനെ നഷ്ടമായ ആർസിബി, വിരാട് കോലി– ദേവ്ദത്ത് സഖ്യം കൈകോർത്തതോടെയാണ് സ്കോർ ഉയർത്തിയത്. 41 പന്തുകൾ നേരിട്ട സഖ്യം 76 റൺസാണു കൂട്ടിച്ചേർത്തത്. സ്കോർ 97ൽ നിൽക്കെ ദേവ്ദത്തിനെ ഹർപ്രീത് ബ്രാർ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിൽ പ്രിയൻഷ് ആര്യ ക്യാച്ചെടുത്താണു കോലിയെ പുറത്താക്കുന്നത്.പിന്നാലെയെത്തിയ വെങ്കടേഷ് അയ്യരും തകർത്തടിച്ചപ്പോൾ, 17.5 ഓവറിൽ ബെംഗളൂരു 200 പിന്നിട്ടു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ടും, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
English Summary:







English (US) ·