Published: August 07, 2026 10:35 AM IST
1 minute Read
അറിബാത്(മൊറോക്കോ) ∙ ലോകകപ്പ് സ്വകാര്യ നിക്ഷേപ തീരുമാനം വിവാദമായതോടെ വലിയ വിമർശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്ക് ആശ്വാസം. അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഇൻഫന്റിനോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. ‘‘സുതാര്യമായ ഭരണത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ വളര്‍ത്തിക്കൊണ്ടുവരാനും ഫിഫയുടെ കരുത്തുവർധിപ്പിക്കാനും സാധിച്ചതിൽ ഇൻഫന്റിനോയുടെ പങ്ക് വളരെ വലുതാണ്. അതിനെ അർജന്റീന ഫുട്ബോൾ അസോസിയേഷനും അതിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയും പിന്തുണയ്ക്കുന്നു.’’– അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
What you should work next
അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ച നീക്കത്തിൽനിന്നു പിന്നോട്ടുപോകാനുള്ള ഫിഫയുടെ തീരുമാനത്തെ തെറ്റു തിരുത്തലെന്നാണ് അര്‍ജന്റീന വിശേഷിപ്പിച്ചത്. ഇൻഫന്റിനോയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അർജന്റീന വാഗ്ദാനം ചെയ്തു. കഴിഞ്ഞദിവസം മൊറോക്കോയിൽ ചേർന്ന അടിയന്തരയോഗത്തിൽ ഫിഫ നേതൃത്വത്തിലെ പ്രമുഖരുടെ പിന്തുണ ഇൻഫന്റീനോ ഉറപ്പാക്കിയിരുന്നു. യോഗത്തിനുശേഷം ഫിഫയിലെ 211 അംഗരാജ്യങ്ങളോട് ലോകകപ്പിലെ സ്വകാര്യ നിക്ഷേപ വിവാദങ്ങളിൽ നേതൃത്വം ക്ഷമ ചോദിച്ചു. വിവാദങ്ങളിലേക്കു നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുമെന്നും നേതൃത്വം ഉറപ്പുനൽകി.
നേരത്തേ ഇൻഫന്റീനോയെ പരസ്യമായി പിന്തുണയ്ക്കാതിരുന്ന ഫിഫ മാനേജ്മെന്റ് ബോർഡും സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്റ്റോമും അടക്കമുള്ളവർ, യോഗത്തിനുശേഷം തങ്ങൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണ് ശ്രമിച്ചത്. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്‍ഫന്റിനോയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ളത് ആഫ്രിക്കൻ കോൺഫെഡറേഷനാണ്.
What you should work next
യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ യൂണിയൻ (യുവേഫ), അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനുകളുടെ സംഘടനയായ കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) എന്നിവരാണ് ഇൻഫന്റിനോയ്ക്ക് എതിരു നില്‍ക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ ഫിഫയുമായുള്ള സഹകരണം ഉപേക്ഷിച്ച്, സ്വന്തം ടൂർണമെന്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള ഇൻഫന്റീനോയുടെ ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയാകും.
യുഎസിൽ നടന്ന ലോകകപ്പിന് പിന്നാലെയാണ്, ലോകകപ്പ് നടത്തിപ്പിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ആലോചന തുടങ്ങുന്നത്. ഇത് വലിയ വിവാദമായതോടെ പിൻവലിച്ചു. എന്നാൽ യുവേഫ ഇൻഫന്റീനോയുടെ മാപ്പപേക്ഷയും തള്ളി. ഫിഫയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ച യുവേഫ, ഇൻഫൻ്റീനോയുടെ തീരുമാനങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. പിന്നാലെയാണ് കോൺകകാഫും എഎഫ്സിയും ഇൻഫന്റീനോയെ പുറത്താക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
2027–31 കാലഘട്ടത്തിലേക്കുള്ള ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇൻഫന്റീനോ. എന്നാൽ വിവാദത്തിന് പിന്നാലെ ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ ആദ്യം പിന്തുണ പിൻവലിച്ചു. തുടർന്ന് 5 യൂറോപ്യൻ അസോസിയേഷനുകളും ഡെൻമാർക്കും പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. ഇൻഫന്റീനോ മത്സരിച്ചാൽ യുവേഫ എതിർ സ്ഥാനാർഥിയെ നിർത്താനും തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടർച്ചയായ 10 വർഷം ഫിഫ പ്രസിഡന്റായിരുന്ന ഇൻഫന്റീനോ, സ്ഥാനം നിലനിർത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായവും ഇതിനിടെ തേടി.
English Summary:
Infantino Receives Crucial Support Amidst FIFA World Cup Investment Controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·