‘ഫിറ്റ്‌നസ് ബാറ്ററി ടെസ്റ്റ്: കായികപ്രതിഭകളെ കണ്ടെത്താൻ എഐ’: 2036 ഒളിംപിക്സ് ലക്ഷ്യംവച്ച് വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

1 month ago 3

ഓൺലൈൻ ഡെസ്‍ക്

Published: August 15, 2026 11:22 AM IST

2 minute Read

 @narendramodi/YT via PTI Photo)
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു. (Photo: @narendramodi/YT via PTI Photo)

ന്യൂഡൽഹി ∙ 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാ കായികമേള സ്വന്തം രാജ്യത്ത് നടക്കുമ്പോൾ ശക്തമായ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കാൻ, 5 മുതൽ 15 വയസ്സ് വരെയുള്ള പ്രായത്തിലുള്ള പ്രതിഭകളെ കണ്ടെത്താനായി രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ 80–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കായികതാരങ്ങൾക്ക് പിന്തുണ നൽകുന്നതിന് 2014ൽ കേന്ദ്രസർക്കാർ ആരംഭിച്ച ‘ടാർഗെറ്റ് ഒളിംപിക് പോഡിയം സ്കീം’ (ടോപ്സ്) വൻ വിജയമാണെന്നും മോദി പറഞ്ഞു.

What you should work next

‘‘കായിക ലോകത്ത് ഇന്ത്യ സ്വന്തമായി ഒരിടം കണ്ടെത്തുകയാണ്. നമ്മുടെ ദേശീയ ഗാനം ഇടയ്ക്കിടെ കേൾക്കാനും നമ്മുടെ ത്രിവർണ്ണ പതാക പലപ്പോഴും ഉയർന്നു പറക്കുന്നതും നാം കാണുന്നുണ്ട്. ടോപ്സ്’ വലിയ വിജയം കൈവരിച്ചു. ഖേലോ ഇന്ത്യ ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ്, ബീച്ച് ഗെയിംസ്, വിന്റർ ഗെയിംസ് എന്നിവയിലും കായിക പരിശീലനം, സ്പോർട്സ് മെഡിസിൻ, കായിക പോഷകാഹാരം എന്നിവയിലും ഇന്ത്യ വലിയ വേഗതയിലാണ് മുന്നേറുന്നത്. ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുന്നുണ്ട്, 2036ൽ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2030ൽ നാം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നു.

ഒളിംപിക്‌സിൽ ഏകദേശം 350 ഇനങ്ങളിലായി 40ഓളം കായിക വിഭാഗങ്ങളുണ്ട്. യോഗ്യത നേടാൻ പോലും കഴിയാത്തതിനാൽ ഈ മത്സരങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭാഗത്തിലും നമ്മൾ മത്സരിക്കുന്നില്ല എന്നത് സങ്കടകരമാണ്. 2036ൽ കുറഞ്ഞത് നാലിൽ മൂന്ന് ഇനങ്ങളിലെങ്കിലും നമുക്ക് പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി ഞങ്ങൾ രാജ്യവ്യാപകമായി ഒരു ടാലന്റ് ഹണ്ട് ആരംഭിക്കുകയാണ്. രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളാകാൻ അവർക്ക് പ്രത്യേക പരിശീലനം ലഭിക്കും.’’– പ്രധാനമന്ത്രി പറഞ്ഞു.

2036 ഒളിംപിക്സിനു വേണ്ടിയുള്ള ബിഡ്ഡിന്റെ (ആതിഥേയത്വത്തിനുള്ള അവകാശവാദം) തീരുമാനം 2029ൽ മാത്രമേ അറിയാൻ കഴിയൂ എന്നാണ് സൂചന. അക്വാട്ടിക്‌സ്, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിൽ രാജ്യത്തിന് ശക്തമായ അടിത്തറ കണ്ടെത്താനായി 2036ലെ ഗെയിംസ് മുന്നിൽക്കണ്ട് ഒരു ടാലന്റ് ഹണ്ട് ആരംഭിക്കാനുള്ള പദ്ധതികൾ ആലോചന ഘട്ടത്തിലാണെന്ന് ഈ വർഷം ജനുവരിയിൽ റിപ്പോർട്ടുണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളും ചേർന്ന് നൂറിലധികം ഒളിംപിക് മെഡലുകൾക്ക് സാധ്യതയുണ്ടെങ്കിലും ഇന്ത്യയ്ക്ക് ഇതുവരെ ഒന്നുപോലും നേടാനായിട്ടില്ല.

2008ലെ ബെയ്ജിങ് ഒളിംപിക്‌സിനായി ചൈന സ്വീകരിച്ചതും ഇതേ സമീപനമായിരുന്നു. ബോക്സിങ്, കാനോയിങ്, ആർച്ചറി എന്നിങ്ങനെ മുൻപ് മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്ന കായിക ഇനങ്ങളിൽ അവർ തങ്ങളുടെ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തുകയും ആ ഒളിംപിക്സിൽ 100 മെഡലുകൾ എന്ന റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. ഇതു മുന്നിൽക്കണ്ടാണ് ഇന്ത്യയുടെയും നീക്കം. അക്വാട്ടിക്‌സ്, സൈക്ലിങ്, റോവിങ്, ജിംനാസ്റ്റിക്‌സ് എന്നിവയിലായിരിക്കും ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുക. നീന്തൽ, ഡൈവിങ്, വാട്ടർപോളോ, ആർട്ടിസ്റ്റിക് സ്വിമ്മിങ്, ഓപ്പൺ വാട്ടർ സ്വിമ്മിങ് എന്നിവ ഉൾപ്പെടുന്ന അക്വാട്ടിക്‌സിൽ 2028 ലൊസാഞ്ചലസ് ഒളിംപിക്‌സിൽ 55 മെഡുലകൾക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ഇതിലൊന്നും മെഡൽ പ്രതീക്ഷയില്ല. 2036 ആകുമ്പോഴേയ്ക്കും ഇതിൽ മാറ്റമുണ്ടാക്കാനാണ് ശ്രമം.

∙ ഫിറ്റ്‌നസ് ബാറ്ററി ടെസ്റ്റ്അഹമ്മദാബാദിലാണ് ഇന്ത്യ 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2036 ഒളിംപിക്സിനു വേണ്ടിയുള്ള മുന്നൊരുക്കമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. ടാലന്റ് ഹണ്ട് പ്രോഗ്രാമിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫിറ്റ്‌നസ് ബാറ്ററി ടെസ്റ്റുകൾക്കായി എഐ സംവിധാനം ഉപയോഗിക്കും. ഹൃദയധമനികളുടെ ശേഷി, പേശികളുടെ കരുത്ത്, വേഗത, ചടുലത, വഴക്കം, ശരീരതുലനാവസ്ഥ എന്നിവയും ചലനങ്ങളും അളക്കുന്നതിനുള്ള ഒരു കൂട്ടം വ്യായാമങ്ങളാണ് ഈ ടെസ്റ്റിൽ ഉൾപ്പെടുന്നത്. ‘‘സ്കൂളിൽ പോകുന്ന എല്ലാ കുട്ടികൾക്കും അവരുടെ കായികക്ഷമതയെക്കുറിച്ച് അറിയണമെന്നില്ല, അല്ലെങ്കിൽ അവർ സ്വാഭാവികമായി കായികരംഗത്തേക്ക് വരണമെന്നില്ല. എന്നാൽ വ്യക്തിഗത കഴിവുകൾ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന പരിശോധനകളിലൂടെ നമ്മുടെ ടാലന്റ് ഹണ്ട് രാജ്യവ്യാപകമാക്കാൻ കഴിഞ്ഞാൽ, കായികരംഗത്ത് മിടുക്കരായ, എന്നാൽ അതിനെക്കുറിച്ച് ഇതുവരെ അറിയാത്ത കുട്ടികളെ നമുക്ക് കണ്ടെത്താനായേക്കും.’’– ഒരു സർക്കാർ വൃത്തം ജനുവരിയിൽ പിടിഐയോട് പറഞ്ഞത് ഇങ്ങനെ.

നിലവിൽ, സർക്കാരിന്റെ '‘ഖേലോ ഇന്ത്യ ടാലന്റ് ഡെവലപ്‌മെന്റ്’ പദ്ധതി എല്ലാ തലങ്ങളിലുമുള്ള യുവ കായിക പ്രതിഭകളെ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രോഗ്രാം അടിസ്ഥാന പരിശീലനം നൽകുകയും ഖേലോ ഇന്ത്യ അക്കാദമികൾ, നാഷണൽ ക്യാപുകൾ, മറ്റ് പ്രമുഖ കായിക പദ്ധതികൾ എന്നിവയിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു. കായിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം ഇതിനായി 1067 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ ഉണ്ട്.
 

English Summary:

India is making a beardown bid to big the 2036 Olympics, aiming to importantly amended its information crossed assorted sports. A nationwide endowment hunt for children aged 5 to 15 volition beryllium launched to place and nurture promising athletes for planetary competitions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article