Published: February 08, 2026 04:10 PM IST Updated: February 08, 2026 08:17 PM IST
3 minute Read
സർവീസസിന്റെ പ്ലാൻ കൃത്യമായിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയത്ത് കേരളത്തെകൊണ്ട് ഗോളടിപ്പിക്കാതിരിക്കുക. ഗോൾമുഖത്ത് ‘ബസ് പാർക്ക്’ ചെയ്ത് സർവീസസ് അതു പിഴവുകളില്ലാതെ നടപ്പാക്കി. എക്സ്ട്രാ ടൈമിലേക്കു നീണ്ടപ്പോൾ അതുവരെ അടങ്ങിനിന്ന സർവീസസ് സകല അടവുകളും എടുത്തു തുടർച്ചയായി ആക്രമിച്ചു. ഫലം മത്സരത്തിന്റെ 109–ാം മിനിറ്റിൽ കേരളത്തിന്റെ നെഞ്ചുലച്ച വിജയ ഗോൾ. പിന്നീടുള്ള പത്തു മിനിറ്റിൽ കേരളം സമനിലയ്ക്കായി കുതിച്ചെങ്കിലും ഇടയ്ക്കിടെ വന്ന ബ്രേക്കുകളും സർവീസസിന്റെ കടുകട്ടി പ്രതിരോധവും തിരിച്ചടിയായി. ഒരു പക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടിരുന്നെങ്കില്‍ കേരളത്തിനു പിന്നെയും സാധ്യതയുണ്ടായിരുന്ന മത്സരമാണ്, അതുവരെ നീളാതെ സർവീസസ് പിടിച്ചെടുത്തത്. സന്തോഷ് ട്രോഫിയിൽ സർവീസസിന്റെ എട്ടാം കിരീടമാണിത്.
രണ്ടു ശ്രമങ്ങൾ പാഴായ ആദ്യ പകുതി, രക്ഷകനായ ഗോളി
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണത്തിന്റെ കെട്ടഴിച്ചു വിട്ടിട്ടും ആദ്യ പകുതിയിൽ കേരളത്തിനു ഗോളൊന്നും നേടാൻ സാധിച്ചിരുന്നില്ല. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ പരിശ്രമങ്ങൾ ആദ്യ പകുതിയിൽ കേരളത്തെ തടഞ്ഞു നിർത്തി. 27–ാം മിനിറ്റിൽ കേരള താരം അർജുൻ നഷ്ടമാക്കിയ ഗോൾ അവസരം ആദ്യ പകുതിയിലെ നിരാശയായി. അതേസമയം ആദ്യ പകുതിയിൽ സകല ശക്തിയും ഉപയോഗിച്ചു കേരളത്തെ പ്രതിരോധിക്കുകയെന്നതായിരുന്നു സർവീസസിന്റെ ലക്ഷ്യം. അത് അവർ ഭംഗിയായി നടപ്പാക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ താരം അജ്സാലിനെ കുന്തമുനയാക്കിയായിരുന്നു കേരളത്തിന്റെ നീക്കങ്ങൾ. രണ്ടാം മിനിറ്റിൽ തന്നെ കേരളത്തിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് സർവീസസ് ക്ലിയർ ചെയ്തു. അഞ്ചാം മിനിറ്റിൽ സർവീസസ് എടുത്ത ഫ്രീകിക്ക് കേരളം തടഞ്ഞുനിർത്തി. എട്ടാം മിനിറ്റിലായിരുന്നു മത്സരത്തിൽ കേരളത്തിന്റെ ലക്ഷണമൊത്തൊരു ആക്രമണമുണ്ടായത്. മധ്യത്തിൽനിന്നുള്ള ‘ബിൽഡ് അപ്’ സർവീസസ് ബോക്സ് വരെ കുതിച്ചെത്തിയെങ്കിലും ഗോൾ കീപ്പർ ഗഗൻദീപ് തടഞ്ഞുനിർത്തി.
കേരളം 4–4–2 എന്ന ആക്രമണ ഫോർമേഷനാണു തിരഞ്ഞെടുത്തതെങ്കില്‍ കൗണ്ടറുകളിൽ ഊന്നിയുള്ള 4–3–3 ആയിരുന്നു സർവീസസിന്റെ ഫോർമേഷൻ. 13–ാം മിനിറ്റില്‍ പന്തെടുത്ത അജ്സാൽ രണ്ട് സർവീസസ് താരങ്ങളെ ഡ്രിബിൾ ചെയ്ത് ബോക്സിലെത്തിയെങ്കിലും, കാര്യമുണ്ടായില്ല. 19–ാം മിനിറ്റിൽ കേരളം ഗോളെന്നുറപ്പിച്ച നീക്കം വന്നു. പെനാൽറ്റി ബോക്സിനു മുന്നിൽനിന്നു പന്ത് അർജുനു ലഭിച്ചു. അജ്സാലിന് ലക്ഷ്യം കാണാൻ പാകത്തിനു നൽകിയ പന്ത് സർവീസസ് പണിപ്പെട്ടാണു തടഞ്ഞത്. രണ്ടു കോർണറുകൾ തുടർന്ന് കേരളത്തിനു ലഭിച്ചെങ്കിലും നെറ്റ്സിനു മുകളിലൂടെ പുറത്തേക്കായിരുന്നു പന്തിന്റെ യാത്ര. 27–ാം മിനിറ്റില്‍ ബോക്സിനു വെളിയിൽനിന്ന് അർജുന്റെ പവര്‍ഫുൾ ഷോട്ട് ബാറിൽ തട്ടിതെറിച്ചത് കേരളത്തെ ഞെട്ടിച്ചു. അതേസമയം സർവീസസിന്റെ സ്ട്രൈക്കർ അഭിഷേക് പവാറിനെ സദാസമയവും കേരള ഡിഫൻഡർമാർ വളഞ്ഞിരിക്കുകയായിരുന്നു. 41–ാം മിനിറ്റിൽ വീണ്ടും കേരളത്തിന്റെ ഗോളെന്നുറപ്പിച്ച നിമിഷം. വലതു ഭാഗത്തുനിന്ന് ലഭിച്ച പന്ത് പ്രതിരോധ താരങ്ങളില്ലാതെ ഷിജിൻ ഹെഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്കുപോയി. വിസിൽ മുഴങ്ങിയതോടെ ആദ്യ പകുതി ഗോൾ രഹിതം.
കേരളത്തെ തടഞ്ഞ് ‘ബസ് പാർക്കിങ്’
മത്സരത്തിന്റെ 50–ാം മിനിറ്റിൽ സർവീസസിന് അനുകൂലമായ കോർണർ തടുത്ത് കേരളം കൗണ്ടർ അറ്റാക്കുമായി മുന്നോട്ടു പോയെങ്കിലും ഈ നീക്കം സർവീസസിന്റെ ഫ്രീകിക്കിലാണു കലാശിച്ചത്. പക്ഷേ കേരളത്തിനു ഭീഷണിയായില്ല. 52–ാം മിനിറ്റിൽ സർവീസസിന്റെ അഭിഷേക് പവാർ ഇടതു ഭാഗത്തുനിന്ന് സഹീർ ഖാന് പന്തു ക്രോസ് ചെയ്തു. പക്ഷേ കേരള പ്രതിരോധതാരം ജിജോ ജെറോൺ ഫലപ്രദമായി പ്രതിരോധിച്ചു. 55–ാം മിനിറ്റിൽ പന്തു തടയാനുള്ള ശ്രമത്തിൽ കേരള താരം ഷിജിനു പരുക്കേറ്റു. മെഡിക്കൽ സംഘമെത്തി പരിശോധിച്ച ശേഷമാണു മത്സരം വീണ്ടും ആരംഭിച്ചത്. 57–ാം മിനിറ്റിൽ ഷിജിനെ പിൻവലിച്ച കേരളം പഞ്ചാബിനെതിരായ സെമി ഫൈനലിൽ ഗോളടിച്ച വിഘ്നേഷിനെ ഇറക്കി. 61–ാം മിനിറ്റില്‍ ഫൈനൽ തേർഡിൽനിന്ന് പന്തെടുത്ത വിഘ്നേഷ് അർജുൻ വഴി അജ്സാലിലേക്കു പന്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും നിരാശ. സർവീസസ് പ്രതിരോധ നിര തടുത്തുനിർത്തി. മത്സരത്തിന്റെ 60 മിനിറ്റുകൾക്കു ശേഷം ഗോൾ പോസ്റ്റിനു മുന്നിൽ ‘ബസ് പാക്ക്’ ചെയ്തതു പോലെയായിരുന്നു സർവീസസ് താരങ്ങൾ നിരന്നത്. പല ഘട്ടത്തിലും ഒരു താരത്തെ പിന്നിലേക്കു വലിച്ച് ആറാം പ്രതിരോധതാരം ആക്കുന്ന തന്ത്രത്തിലേക്കു സർവീസസ് പോയി. 79–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് പന്തെടുത്ത് അജ്സാൽ ഷൂട്ട് ചെയ്തെങ്കിലും പന്ത് സർവീസസ് ഗോൾമുഖത്തിനു ഭീഷണിയാകാതെ പുറത്തേക്കു പോയി. രണ്ടാം പകുതിയിലും ഗോളില്ലാതെ പോയതോടെ മത്സരം എക്സട്രാ ടൈമിലേക്കു നീണ്ടു.
ഉള്ളുലച്ച അധിക സമയം, അഭിനയം എക്സ്ട്രാ
എസ്ട്രാ ടൈമിൽ സർവീസസിന്റെ നാടകീയ നീക്കങ്ങൾ. പന്തുമായി കേരള ബോക്സിലേക്കു കുതിച്ച സർവീസസിന്റെ അഭിഷേക് പവാർ വീണുപോയി. പെനൽറ്റി കിക്കിനായി അപ്പീൽ ചെയ്തെങ്കിലും രക്ഷയില്ല. റഫറി കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. അതുവരെ നിശബ്ദരായി നിന്നിരുന്ന സർവീസസ് താരങ്ങൾ, എക്സ്ട്രാ ടൈമിൽ പ്രതിരോധം വിട്ട് ഗോളിനായി പൊരുതി തുടങ്ങി. 94–ാം മിനിറ്റിൽ സെറ്റ് പീസുകളിലൂടെ ഗോൾ നേടാനും സർവീസസിന്റെ നീക്കം. പക്ഷേ ടാക്കിളുകളിലൂടെയാണ് കേരളം സർവീസസിനു മറുപടിയൊരുക്കിയത്. കേരളത്തിന്റെ മുഹമ്മദ് സിനാനെ, സർവീസസിന്റെ ബ്രിജേഷ് ഗിരി ഫൗൾ ചെയ്തപ്പോൾ, കേരളത്തിനു ലഭിച്ച ഫ്രീകിക്ക് സർവീസസ് തടഞ്ഞു. 105–ാം മിനിറ്റിൽ അർജുന്റെ കോർണറിൽ മുഹമ്മദ് റിയാസിന്റെ തകർപ്പനൊരു വോളി. പക്ഷേ ഗോൾകീപ്പർ ഗഗൻദീപ് ഒരിക്കൽകൂടി സർവീസസിന്റെ രക്ഷകനാകുകയായിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ നെഞ്ചുലച്ച് സർവീസസ് വല കുലുക്കി. കേരളത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് അഭിഷേക് പവാർ. സന്തോഷ് ട്രോഫിയിൽ നേരത്തേ ഏറ്റുമുട്ടിയപ്പോഴും കേരളത്തിനെതിരെ വിജയ ഗോൾ നേടിയത് അഭിഷേകായിരുന്നു. ടൂർണമെന്റിൽ താരം ആകെ അടിച്ചത് രണ്ടു ഗോളുകളാണ്, രണ്ടും കേരളത്തിനെതിരെ. ഗോൾ വഴങ്ങിയതോടെ സമനില മടക്കാനായി കേരളം തുടർച്ചയായി ആക്രമണങ്ങൾ ഒരുക്കിയെങ്കിലും സര്‍വീസസ് ഗോളി ഇടയ്ക്കിടെ പരുക്കേറ്റു ഗ്രൗണ്ടിൽ വീണത് കളിയുടെ താളം തെറ്റിച്ചു. 120 മിനിറ്റു നീണ്ട മത്സരത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ കേരളത്തിനു നിരാശ. തുടർച്ചയായ രണ്ടാം തവണയും കലാശപ്പോരിൽ തോൽവി. സന്തോഷ് ട്രോഫി ചരിത്രത്തിൽ ഒൻപതാം തവണയാണ് കേരളം ഫൈനലിൽ തോൽവി രുചിക്കുന്നത്.
English Summary:







English (US) ·