Published: March 08, 2026 02:29 PM IST Updated: March 08, 2026 02:54 PM IST
2 minute Read
അഹമ്മദാബാദ് ∙ വീണ്ടും ബെഞ്ചിലായ തുടക്കത്തിൽനിന്ന് അവിസ്മരണീയമായ ഒരു ട്വന്റി20 ലോകകപ്പ് ടൂർണമെന്റാണ് മലയാളി താരം സഞ്ജു സാംസണ് കടന്നുപോകുന്നത്. പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലാതിരുന്ന ഒരു താരം, ടീമിനെ ഫൈനലിലെത്തിച്ച് ടൂർണമെന്റിന്റെ താരമാകാൻ ഒരുങ്ങുകയാണ്. വെസ്റ്റിൻഡീസിനെതിരായ നിർണായക സൂപ്പർ 8 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ഇന്ത്യൻ ബാറ്റിങ് നിരയുടെ നെടുംതൂണായത് സഞ്ജു സാംസൺ ആണ്. ഫൈനലിലും സഞ്ജു കസറും എന്നു തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ.
ട്വന്റി20 ലോകകപ്പിലെ നാലാം ഫൈനലിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം ഇന്ത്യ ഇറങ്ങുന്നത്. മുൻപ് കളിച്ച മൂന്നു ഫൈനലുകളിൽ രണ്ടിലും (2007, 2024) വിജയിച്ചപ്പോൾ 2014ൽ മാത്രമാണ് തോൽവിയറിഞ്ഞത്. തുടർച്ചയായ രണ്ടാം ഫൈനലിന് ന്യൂസീലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂര്യകുമാറും സംഘവും നിരാശപ്പെടുത്തില്ലെന്നു തന്നെയാണ് പ്രതീക്ഷ. അതേസമയം, ലോകകിരീടം നേടിയാലും ഇല്ലെങ്കിലും ടൂർണമെന്റിനു ശേഷം സൂര്യകുമാർ യാദവ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പകരം സഞ്ജു സാംസൺ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2024 ജൂണിൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനും രോഹിത് ശർമ വിരമിച്ചതിനും പിന്നാലെയാണ് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത്തിനു പിൻഗാമിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാർ അപ്രതീക്ഷിതമായി ടീമിന്റെ ട്വന്റി20 ക്യാപ്റ്റനായത്. 2024 ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിലാണ് സൂര്യ ക്യാപ്റ്റനായി അരങ്ങേറിയത്. ഇതുവരെ 51 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൂര്യ, 39 മത്സരങ്ങളിലും വിജയിച്ചു. സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ ഇതുവരെ ഒരു ട്വന്റി20 പരമ്പര പോലും തോറ്റിട്ടില്ല. ഏഷ്യാ കപ്പ് കിരീടം നേടുകയും ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുകയും ചെയ്തു.
എങ്കിലും ക്യാപ്റ്റനാകുന്നതു വരെ ട്വന്റി20യിൽ ഇന്ത്യയുടെ സൂപ്പർ ബാറ്ററായിരുന്ന സൂര്യ, അതിനുശേഷം നിറംമങ്ങി. 2025ൽ 21 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 13.62 ശരാശരിയിൽ വെറും 218 റൺസ് മാത്രമാണ് താരം നേടിയത്. ഈ വർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഫോമിലേക്ക് തിരിച്ചെത്തിയ താരം, ഈ വർഷം ഇതുവരെ 13 മത്സരങ്ങളിൽനിന്നു 48.40 ശരാശരിയിൽ 484 റൺസ് നേടിയിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ 84* റൺസ് നേടി മിന്നിയെങ്കിലും പിന്നീടങ്ങോട്ട് താളം കണ്ടെത്താനായിട്ടില്ല.
നിലവിൽ ട്വന്റി20 ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരത്തിന്, ഫോമിലായില്ലെങ്കിൽ ക്യാപ്റ്റൻസിയുടെ പേരു പറഞ്ഞ് പിടിച്ചുനിൽക്കാനാകില്ല. അതുകൊണ്ടു തന്നെ ഈ ലോകകപ്പിനു ശേഷം ബിസിസിഐ പുതിയ ക്യാപ്റ്റനെ തേടിയേക്കും. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടക്കുന്ന 2028 ട്വന്റി20 ലോകകപ്പിനായി പുതിയ ക്യാപ്റ്റന്റെ കീഴിൽ ടീമിനെ ഒരുക്കേണ്ടതുണ്ട്.
∙ ആരാകും സൂര്യയുടെ പിൻഗാമിസൂര്യകുമാർ സ്ഥാനമൊഴിഞ്ഞാൽ ആരാകും ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്റ്റൻ എന്നതിലാണ് ആകാംക്ഷ. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്‌മൻ ഗില്ലിനായിരുന്നു മുൻപ് ഏറ്റവും സാധ്യതയെങ്കിലും നിലവിൽ ടീമിന്റെ ഭാഗമല്ലാത്തിനാൽ ഉടൻ നായകസ്ഥാനത്തേയ്ക്ക് എത്തുക എന്നത് താരത്തിന് കഠിനമായിരിക്കും. ക്യാപ്റ്റനാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഏഷ്യ കപ്പിന് മുന്നോടിയായി വൈസ് ക്യാപ്റ്റനായി ഗില്ലിനെ ടീമിൽ തിരിച്ചെത്തിച്ചതെങ്കിലും മോശം ഫോം താരത്തിന് തിരിച്ചടിയായി. ലോകകപ്പിന് മുൻപ് ടീമിൽനിന്നു പുറത്താകുകയും ചെയ്തു.
ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ടീമിന്റെ അവിഭാജ്യഘടകമായ സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ടീമിലെ സീനിയർ താരങ്ങളിലൊരാളായ സഞ്ജുവിന്, എല്ലാം അംഗങ്ങളുമായും അടുത്ത ബന്ധമുണ്ട്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ 5 വർഷം നയിച്ച പരിചയവുമുണ്ട്. ഇതെല്ലാം സഞ്ജുവിന് അനുകൂല ഘടകമാണ്. നിലവിൽ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേൽ, ട്വന്റി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ എന്നിവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും സഞ്ജുവിനു തന്നെയാണ് നറുക്ക് വീഴുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
English Summary:







English (US) ·