Published: July 21, 2026 03:30 PM IST
1 minute Read
കൊച്ചി∙ ലോകകിരീടം നേടിയ ഗോളുമായി സ്പാനിഷ് താരം ഫെറാൻ ടോറസ് ലോക ഫുട്ബോളിന്റെ അമരക്കാരനാകുമ്പോൾ കലൂർ സ്റ്റേഡിയത്തിലെ പുൽനാമ്പുകൾക്കും ഒരു കഥ പറയാനുണ്ട്. ഒൻപതു വർഷം മുൻപ് ഈ മണ്ണിൽ ചവിട്ടി ഫുട്ബോളിന്റെ ലോകവേദിയിലേക്കു ബൂട്ടുകെട്ടിയിറങ്ങിയ പയ്യനാണ് ന്യൂജഴ്സി സ്റ്റേഡിയത്തിൽ അർജന്റീനയുടെ കഥ കഴിച്ച ഗോളടിവീരൻ.
2017ൽ കൊച്ചി ഉൾപ്പെടെ വേദിയായ ഫിഫ അണ്ടർ –17 ലോകകപ്പിൽ കളിച്ച സ്പെയിൻ ടീമിലെ മുന്നണിപ്പോരാളിയായിരുന്നു ടോറസ്. ആ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി കളം നിറഞ്ഞ സ്പെയിൻ നിരയിലെ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളിലൊരാൾ. ഒടുവിൽ കൊൽക്കത്തയിലെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കിരീടം കൈവിട്ടെങ്കിലും ഫെറാൻ ടോറസ് അന്നും ഇന്നും നിരാശപ്പെടുത്തിയിട്ടില്ല. വേഗച്ചിറകുകൾ ഘടിപ്പിച്ചൊരു വിങ്ങറായും പ്രതിബന്ധങ്ങളെ വെട്ടിയൊഴിയാൻ പ്രാപ്തിയുള്ളൊരു പ്ലേമേക്കറായുമെല്ലാം കസറിക്കളിച്ചാണ് അന്നും ഏഴാം നമ്പർ കുപ്പായം ധരിച്ചിറങ്ങിയ സ്പാനിഷ് താരം കൊച്ചിയുടെ മനം കവർന്നത്.
ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കാലുകളും സ്വപ്നങ്ങളും പൂട്ടിയതിനു സമാനമായൊരു പ്രകടനം കൊച്ചി സ്റ്റേഡിയത്തിലും സ്പെയിനിന്റെ കുട്ടികൾ പുറത്തെടുത്തിട്ടുണ്ട്. അണ്ടർ–17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ. എതിരാളികൾ ഇറാൻ. ജർമനിയെയും മെക്സിക്കോയെയും തൂത്തെറിഞ്ഞ ഫോമിലായിരുന്നു ഇറാൻ സംഘം.
പക്ഷേ, ഇരച്ചുകയറാൻ കൊതിച്ച ഇറാനിയൻ പടയെ പന്തിന്റെ അവകാശം പാടേ നിഷേധിച്ചു ശ്വാസം മുട്ടിച്ചു വരിഞ്ഞു സ്പെയിൻ. അന്നു സ്പെയിനെ സെമിയിലേക്ക് ആനയിച്ച നായകന്റെ റോളിലായിരുന്നു ടോറസ്. ടീം അടിച്ച 3 ഗോളിലും ടോറസിന്റെ കാൽ പതിഞ്ഞു. മധ്യപാർശ്വത്തിൽ നിന്നു പന്തു കാലിൽകുരുക്കി എതിരാളികളെ മറികടന്നു ഗോൾരേഖ വരെ പറന്നു ടോറസ് തൊടുത്ത ക്രോസിലാണ് സ്പെയിൻ ആദ്യഗോൾ കുറിച്ചത്. ഇറാന്റെ തിരിച്ചുവരവ് ഇല്ലാതാക്കിയ രണ്ടാം ഗോളിന്റെയും സൂത്രധാരൻ ടോറസ് ആയിരുന്നു. എതിരാളികളെ വെട്ടിച്ചു ടോറസ് ഒരുക്കി നൽകിയ പന്തിൽ സ്കോർ ചെയ്യേണ്ട ജോലി മാത്രമേ സഹതാരത്തിനു വേണ്ടിവന്നുള്ളൂ. ഗോളടിക്കാനുള്ള പണിയും വശമുണ്ടെന്നു തെളിയിച്ചൊരു മിന്നൽ ഗോളും കുറിച്ചാണു പയ്യൻ അന്നു കളം വിട്ടത്.
ഇന്ത്യൻ ലോകകപ്പിലെ തിളക്കം നേരെ സ്പാനിഷ് ലാലിഗയിലേക്കാണ് ടോറസിനെ കൊണ്ടെത്തിച്ചത്. വാലൻസിയയുടെ സീനിയർ ടീമിന്റെ ഭാഗമായ കൗമാരതാരം രണ്ടു സീസണിനപ്പുറം മാഞ്ചസ്റ്റർ സിറ്റിയുടെ താരസംഘത്തിലെ സാന്നിധ്യമായി. ഇന്നു സ്പാനിഷ് ലാലിഗ ജേതാക്കളായ ബാർസിലോനയുടെ കുന്തമുനകളിലൊരാളാണ് ഇരുപത്തിയാറുകാരൻ. ന്യൂജഴ്സി സ്റ്റേഡിയത്തിൽ അർജന്റീനയുടെ വലയിലേക്കു ടോറസിന്റെ ഇടംകാൽ പ്രഹരം ഇടിച്ചുകയറുമ്പോൾ ആഘോഷിക്കാൻ ഓടിയെത്തിയൊരു സഹതാരത്തെയും കേരളം അടുത്തറിയും. സ്പെയിനിന്റെയും ബാർസയുടെയും പ്രതിരോധക്കാരൻ എറിക് ഗാർഷ്യ. ലോകകപ്പിന്റെ തട്ടകത്തിലേക്കു ടോറസിനൊപ്പം കൊച്ചിയിൽ പിച്ചവച്ച താരമാണു ഗാർഷ്യയും.
English Summary:






English (US) ·