അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവും കൂട്ടരും ട്വന്റി 20 ലോകകപ്പ് ഉയർത്തി കൃത്യം ഒരാഴ്ച പിന്നിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ മറ്റൊരു ഐതിഹാസിക വിജയത്തിന് ഇന്ന് കാൽനൂറ്റാണ്ട്. ലോക ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ തിരിച്ചുവരിന്റെ കഥ കൂടി പറയുന്ന ആ ‘കൊൽക്കത്ത ടെസ്റ്റ്’ കായികപ്രേമികൾക്ക് മറക്കാനാവില്ല. കരുത്തരായ ഓസ്ട്രേലിയയോട് ഫോളോ ഓൺ വഴങ്ങി തോറ്റുപോയി എന്ന് കരുതിയ സ്ഥാനത്തുനിന്ന് 171 റൺസിന്റെ മികച്ച വിജയവുമായി മുന്നേറിയ ഇന്ത്യയുടെ ആ മാസ്മരിക കുതിപ്പിന് ഇന്നും സമാനതകളില്ല. ആ ഓർമകൾക്ക് ഇന്ന് 25 വയസ്സ്.
∙ ഈഡനിലെ ലോകകപ്പ്ടെസ്റ്റ് ക്രിക്കറ്റിലെ പോരാട്ടവഴിയിൽ ഇന്ത്യയ്ക്കു മുന്നിലാണ് ഓസ്ട്രേലിയ എങ്കിലും ഇന്ത്യ– ഓസിസ് ടെസ്റ്റ് പരമ്പരകൾ വീറും വാശിയും നിറഞ്ഞ കായികയുദ്ധമാണ്. 2000–01ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനവും മറിച്ചായിരുന്നില്ല. സ്റ്റീവ് വോയുടെ ഓസിസ് ഇന്ത്യയിലേക്ക് പറന്നത് പരമ്പര വിജയം തന്നെ ലക്ഷ്യമാക്കിയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മൽസരത്തിൽ ഓസ്ട്രേലിയൻ വിജയം ആധികാരികമായിരുന്നു, 10 വിക്കറ്റ് നേട്ടവുമായി. നായകൻ സൗരവ് ഗാംഗുലിയടക്കം നിറം മങ്ങിയ ബാറ്റിങ്ങായിരുന്നു വാങ്കഡെ ടെസ്റ്റിൽ പുറത്തെടുത്തത്. ഇന്ത്യൻ നിരയിൽ കാര്യമായി പിടിച്ചുനിന്നത് സച്ചിൻ തെൻഡുൽക്കർ മാത്രമായിരുന്നു (76, 65). മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും അടിച്ചു തകർത്തപ്പോൾ ഓസ്ട്രേലിയയുടെ ജയം 10 വിക്കറ്റിന്.
രണ്ടാം ടെസ്റ്റിന് വേദിയായത് കൊൽക്കത്ത ഈഡൻ ഗാർഡൻസ്. 2001 മാർച്ച് 11. ക്യാപ്റ്റൻ ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ ഈഡനിലേക്ക് ഒഴുകിയെത്തിയിട്ടും ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ തലവര മാറിയില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ്, നായകൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചറിയിലും (110) മാത്യു ഹെയ്ഡന്റെ 97 റൺസ് മികവിലും കുറിച്ചത് 445 റൺസ്. ആ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ആശ്വാസമായത് ഒന്നുമാത്രം: ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ഗ്ലെൻ മഗ്രോയുടെ മൂർച്ചയേറിയ പന്തുകളിൽ ഇന്ത്യ തകർന്നടിഞ്ഞു. 171നു എല്ലാവരും പുറത്ത്. ആറാമനായി ഇറങ്ങി 83 പന്തുകളിൽനിന്ന് 59 റൺസ് നേടിയ വി.വി.എസ്. ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോർ. മൂന്നാം ദിനം 274 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യയെ വോ വീണ്ടും ബാറ്റിങ്ങിനയച്ചു. ഫോളോ ഓൺ എന്ന ക്രിക്കറ്റിലെ കടുപ്പമേറിയ വഴിയിലായിരുന്നു അപ്പോൾ ഇന്ത്യ.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനു മുൻപ് ക്യാപ്റ്റൻ ഗാംഗുലിയും കോച്ച് ജോൺ റൈറ്റും ലക്ഷ്മണിനെ കണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു. അടുത്ത ഇന്നിങ്സിൽ വൺഡൗൺ ആയി ഇറങ്ങണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഓപ്പണർ സദഗോപൻ രമേശ് (30) പുറത്തായതിനു ശേഷമാണു ലക്ഷ്മൺ ഇറങ്ങുന്നത്. ശിവ് സുന്ദർ ദാസും (39) സച്ചിൻ തെൻഡുൽക്കറും (10) പക്ഷേ പെട്ടെന്നു മടങ്ങി. ഗാംഗുലിയും (48) ലക്ഷ്മണും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ 200 കടത്തിയത്. എന്നാൽ ഗാംഗുലിയും പോയി ആറാമനായി ദ്രാവിഡ് ക്രീസിലെത്തിയതോടെ കളിയുടെ കാറ്റു മാറി. ആദ്യം ഓരോ പന്ത്, ഓരോ ഓവർ, ഓരോ സെഷൻ.....’ ഇങ്ങനെപോയി ലക്ഷ്മൺ– ദ്രാവിഡ് കൂട്ടുകെട്ട്. ഓസിസ് ബോളിങ്ങിന്റെ കുന്തമുന സ്പിന്നർ ഷെയ്ൻ വോണിനെ ലക്ഷ്മണും ദ്രാവിഡും കടന്നാക്രമിച്ചത് ദാക്ഷണ്യമില്ലാതെ. നാലാം ദിനം ബാറ്റിങ് അവസാനിപ്പിച്ച് കയറിയപ്പോഴേയ്ക്കും ഇന്ത്യ മത്സരഫലത്തിൽ കണ്ണുവച്ച് തുടങ്ങി.
452 പന്തുകൾ നേരിട്ട ലക്ഷ്മണും (281) 353 പന്തുകൾ നേരിട്ട ദ്രാവിഡും (180) പുറത്തായതിനുശേഷം സഹീർ ഖാന്റെ മിന്നലടി (15 പന്തുകളിൽനിന്ന് 23 റൺസ്). ഏഴിന് 657 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഈഡൻ ഗാർഡനിൽ പിറന്ന ഏറ്റവും ഉയർന്ന ടോട്ടലായിരുന്നു അന്നത്. ഓസ്ട്രേലിയയ്ക്കു ലക്ഷ്യം 384 റൺസ്. ഓപ്പണർമാരായി ഹെയ്ഡനും (67) മൈക്കൽ സ്ലേറ്ററും (43) മികച്ച തുടക്കം നൽകിയെങ്കിലും ഹർഭജൻ ഒരിക്കൽ കൂടി ഓസീസിനെ വട്ടം കറക്കി – 6 വിക്കറ്റുകൾ! ഹെയ്ഡനെയും ഗിൽക്രിസ്റ്റിനെയും വോണിനെയും നിരുപദ്രവമെന്നു തോന്നിപ്പിച്ച പന്തുകളിൽ വിക്കറ്റിനു മുന്നിൽ കുരുക്കി സച്ചിൻ ‘സപ്പോർട്ടിങ് റോൾ’ മികവുറ്റതാക്കി. ഒടുവിൽ മാർച്ച് 15നു ഹൂഗ്ലി നദിക്കു മേലെ സൂര്യൻ ചായും മുൻപ് ഹർഭജൻ ഗ്ലെൻ മഗ്രോയെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്ത്യയ്ക്ക് 171 റൺസ് ജയം! ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ പിറന്നതും 171 റൺസ് എന്നത് യാദൃശ്ചികം! ആവേശത്തിൽ മുങ്ങിയ ഈഡനിൽ കാണികളുടെ ആഘോഷം. താൻ കേട്ടതിൽവച്ച് ഏറ്റവും ഉയർന്ന ശബ്ദതരംഗം എന്ന് ഗാംഗുലി പിന്നീട് വിശേഷിപ്പിച്ചത് ഈഡൻ ഗാർഡൻസിലെ ഈ ആരവമായിരുന്നു.
ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിൽ ഈഡൻ ഗാർഡൻസിലിറങ്ങിയ ഓസ്ട്രേലിയയെ തകർത്തത് ഇന്ത്യയുടെ വി.വി.എസ്.ലക്ഷ്മണും രാഹുൽ ദ്രാവിഡും ചേർന്നുള്ള അദ്ഭുത കൂട്ടുകെട്ട്! മത്സരത്തിൽ 2 ഇന്നിങ്സുകളിലായി ഹർഭജൻ 13 വിക്കറ്റുകൾ വീഴ്ത്തി. ലക്ഷ്മണായിരുന്നു കളിയിലെ കേമൻ. ഫോളോ ഓൺ വഴങ്ങിയ ശേഷം വിജയം പുൽകുന്ന മൂന്നാമത്തെ ടെസ്റ്റ് മൽസരമായിരുന്നു അത്. ആദ്യ രണ്ടു തവണയും ഇംഗ്ലണ്ടായിരുന്ന ജേതാക്കളെങ്കിൽ (1894, 1981) ഇക്കുറി അത് ഇന്ത്യയായിരുന്നു. മൂന്നു തവണയും തോൽവി ഏറ്റുവാങ്ങിയത് ഓസ്ട്രേലിയ. 10 റൺസിനും 18 റൺസിനുമായിരുന്നു ഇംഗ്ലിഷ് ജയങ്ങളെങ്കിൽ ഇന്ത്യൻ ജയത്തിന് 171 റൺസിന്റെ കഥയുണ്ടായിരുന്നു പറയാൻ.
∙ ചാരത്തിൽനിന്ന് ചരിത്രത്തിലേക്ക്2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി. വി. എസ് ലക്ഷ്മൺ– രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ഓസീസിന്റെ ലോക റെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മത്സരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000–2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ വി. വി. എസ് ലക്ഷ്മണിനോടും രാഹുൽ ദ്രാവിഡിനോടും. ലക്ഷ്ണൻ കുറിച്ച 281 റൺസ് അന്ന് ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു. ഈഡനിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതായിരുന്നു.
∙ തോൽവി ലോകകപ്പ് ഏറ്റുവാങ്ങിയ മണ്ണിൽതങ്ങളുടെ ആദ്യ ലോകകപ്പ് ഏറ്റവാങ്ങിയ അതേ മണ്ണിലായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. സ്റ്റീവ് വോ അടങ്ങിയ അലൻ ബോഡറുടെ ടീം 1987ൽ ഈഡനിലായിരുന്നു ഇംഗ്ലണ്ടിനെ തോൽപിച്ച് ലോകകപ്പ് ഉയർത്തിയത് എന്നത് യാദൃശ്ചികം.
∙ പരമ്പര സ്വന്തമാക്കി ഇന്ത്യഈഡനിലെ ജയവുമായി മൂന്നാം ടെസ്റ്റിന് ചെന്നൈയിലെത്തിയ ആതിഥേയർ അവിടെയും വിജയക്കൊടി പാറിച്ചു. രണ്ട് വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപിച്ച ഇന്ത്യ 2–1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
English Summary:







English (US) ·