Published: March 03, 2026 02:18 PM IST
1 minute Read
കൊൽക്കത്ത ∙ തോൽവികളാണു വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് ആവർത്തിച്ച് സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിലെ മാച്ച് വിന്നിങ് ബാറ്റിങ് പ്രകടനത്തിനു ശേഷം പാർഥിവ് പട്ടേലുമായി നടത്തിയ സംഭാഷണത്തിലാണ് സഞ്ജു ഇങ്ങനെ പറഞ്ഞത്. തോൽവികളിൽനിന്നു പഠിച്ച പാഠമാണ് ടീം ഇന്ത്യയെ വിജയത്തിലേക്കു നയിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്നു സഞ്ജു പറഞ്ഞു.
196 റൺസ് വിജയലക്ഷ്യം വെല്ലുവിളിയായി തോന്നിയോ?അന്തരീക്ഷത്തിൽ മഞ്ഞുള്ളതിനാൽ റൺ ചേസ് എളുപ്പമാകുമെന്നാണു കരുതിയത്. പക്ഷേ അപ്രതീക്ഷിതമായി വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കളി കൈവിട്ടു പോകുമെന്നായി. പക്ഷേ അവിടെ എന്റെ മുൻപരിചയം ടീമിനു ഗുണമായി. നല്ല തുടക്കം ലഭിച്ചാൽ ആക്രമിച്ചു കളിക്കുക എന്നതാണ് എന്റെ രീതി. പക്ഷേ, വിക്കറ്റുകൾ നഷ്ടമായതോടെ അവസാനം വരെ പൊരുതി വിജയം നേടുകയെന്നതായി എന്റെ ലക്ഷ്യം.
സാധാരണ സഞ്ജുവിന്റെ ഇന്നിങ്സിൽ സിക്സറുകളാണ് കൂടുതൽ. ഇത്തവണ ബാറ്റിങ് രീതി മാറാൻ കാരണമെന്താണ്?ആദ്യം ബാറ്റ് ചെയ്യുമ്പോൾ ടീമിനു കൂടുതൽ റൺസ് നൽകാനായി സിക്സറടിക്കാറുണ്ട്. എന്നാൽ സമ്മർദം കൂടുതലുള്ള ഇത്തരം മത്സരങ്ങളിൽ, പ്രത്യേകിച്ച് ചേസിങ് കൂടിയാകുമ്പോൾ, പന്ത് താഴ്ത്തി അടിച്ച് ബൗണ്ടറി കടത്താനാണു ശ്രമിച്ചത്.
വിജയ റൺസ് നേടിയ ശേഷം മൈതാനത്തു മുട്ടുകുത്തി ആകാശത്തേക്കു നോക്കി നന്ദി പറഞ്ഞല്ലോ. ആ രംഗത്തെക്കുറിച്ച്?ഞാനൊരു ഭക്തനാണ്. അത്തരം കാര്യങ്ങളെല്ലാം സ്വകാര്യമായി വയ്ക്കാനാണ് എനിക്കിഷ്ടവും. പക്ഷേ ഇതൊരു വലിയ ഇന്നിങ്സ് ആയിരുന്നു...
പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങാൻ നേരത്ത്, മുൻപു സഞ്ജു നേരിട്ട മാനസിക സമ്മർദത്തെക്കുറിച്ച് പറഞ്ഞിരുന്നു. എങ്ങനെയാണ് അതിനെയെല്ലാം നേരിട്ടത്?മനുഷ്യർ പൊതുവേ എല്ലാ കാര്യങ്ങളും നെഗറ്റീവ് ആയി കാണുന്നവരാണല്ലോ. ‘ഇതു നടക്കുമോ? ഇല്ല, ഒരിക്കലും നടക്കില്ല...’ ഇങ്ങനെയാണു നമ്മൾ പൊതുവേ ചിന്തിക്കുക. ഞാനും അങ്ങനെയാണ്. പക്ഷേ, ഇത്തവണ അത്തരം നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകൾ ഉപയോഗിച്ചു നേരിട്ടു. ഒട്ടേറെ പരാജയങ്ങളെ നേരിട്ടവനാണ് ഞാൻ. എന്റെ പോരായ്മകൾ എന്തൊക്കെയാണെന്നു ഓരോ പ്രാവശ്യവും ഞാൻ ചിന്തിക്കുമായിരുന്നു. അത് എങ്ങനെ മാറ്റാമെന്നും. ചുരുക്കത്തിൽ എന്റെ പരാജയങ്ങൾ തന്നെയാണ് എന്നെ സഹായിച്ചതും എന്റെ ശക്തിയായി മാറിയതും.
@IamSanjuSamson reflects connected however self-doubt is portion of each cricketer’s journey, however setbacks fuelled his growth, and however staying mentally beardown helped him present erstwhile India needed it most.
From pugnacious phases to steering the squad into the semi-final - a communicative of resilience,… pic.twitter.com/eVgjO6Tdxq
ബാക്ക് ഫൂട്ടിലേക്കു വലിയുന്ന സ്ഥിരം ബാറ്റിങ് ശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്താൻ ശ്രമിച്ചിരുന്നോ?എന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങൾ പല ഭാഗത്തുനിന്ന് ഉയർന്നു വന്നിട്ടുണ്ട്. അവയെല്ലാം ഞാൻ സ്വീകരിച്ചിട്ടുമുണ്ട്. പക്ഷേ, ഇതേ ബാറ്റിങ് വഴിയാണു ഞാൻ രാജ്യാന്തര മത്സരങ്ങളിൽ സെഞ്ചറി നേടിയിട്ടുള്ളത്. അതുകൊണ്ടു ശൈലി മാറ്റാതെ പുതിയ ഷോട്ടുകൾ പരീക്ഷിക്കാൻ തീരുമാനിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ദിവസങ്ങളോളം സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചില്ല. എന്നെത്തന്നെ പൂർണമായി വിശ്വസിച്ചു.
എത്രമാത്രം സ്പെഷലാണ് ഈ ഇന്നിങ്സ്?തീർച്ചയായും, സെഞ്ചറിയെക്കാളും സ്പെഷലാണിത്. എല്ലാ ക്രിക്കറ്റർമാരും ഇത്തരമൊരു മുഹൂർത്തമാണ് ആഗ്രഹിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം എന്ന സ്ഥലത്തുനിന്ന് ഇന്ത്യൻ ടീമിൽ എത്തുമ്പോൾ രാജ്യത്തിനു വേണ്ടി കളിക്കണമെന്നും മത്സരങ്ങൾ വിജയിപ്പിക്കണമെന്നും മാത്രമായിരുന്നു ആഗ്രഹം. അതു സഫലമായിരിക്കുന്നു.
English Summary:







English (US) ·