Published: June 07 , 2025 03:42 PM IST Updated: June 07, 2025 10:46 PM IST
2 minute Read
പാരിസ്∙ റൊളാങ് ഗാരോസിന്റെ കളിമൺ കോർട്ടിന് പുതിയ ചാംപ്യൻ. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ വീഴ്ത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം നേടി. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകൾ വിജയിച്ചാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയത്. സ്കോർ 7–6 (7–5), 2–6, 4–6. 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം സിംഗിൾസ് വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. യുഎസിന്റെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.2023 ൽ 21 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.
2015ൽ സെറീന വില്യംസിന്റെ കിരീടനേട്ടത്തിനു ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ യുഎസ് താരം കൂടിയാണ് കൊക്കോ ഗോഫ്. ലോക ഒന്നാം നമ്പരും രണ്ടാം നമ്പരുമുള്ള താരങ്ങൾ തമ്മിലുള്ള കലാശപ്പോരായിരുന്നു ഇത്തവണ വനിതാ സിംഗിൾസിൽ നടന്നത്. തുടക്കം മുതൽ ആധിപത്യത്തോടെ കളിച്ച ഒന്നാം സീഡ് സബലേങ്ക ആദ്യ സെറ്റിൽ 4–1ന് മുന്നിലായിരുന്നു. ഓപ്പണിങ് സെറ്റ് ഏഴു ഗെയിമുകൾ പിന്നിടുമ്പോൾ മുന്നേറിയ കൊക്കോ ഗോഫ് സ്കോർ 4–3ൽ എത്തിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം ടൈ ബ്രേക്കറിലേക്കു നീണ്ടു. ഒടുവിൽ 7–6 (7–5)ന് സബലേങ്ക ആദ്യ സെറ്റ് പിടിച്ചു. ഒരു മണിക്കൂര്‍ 17 മിനിറ്റാണ് ആദ്യ സെറ്റ് നീണ്ടത്.
ആദ്യ സെറ്റു നഷ്ടപ്പെട്ട കൊക്കോ ഗോഫ് രണ്ടാം സെറ്റിലെ ആദ്യ ഗെയിം തന്നെ സ്വന്തമാക്കി തിരിച്ചെത്തി. തുടർന്നും യുഎസ് താരത്തിന്റെ ആധിപത്യമായിരുന്നു കോർട്ടിൽ കണ്ടത്. 35 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റിൽ താരം 6–2ന് മുന്നിലെത്തി. മൂന്നാം സെറ്റിൽ അരീന സബലേങ്ക 2–1ന് മുന്നിലെത്തിയെങ്കിലും ശക്തമായ വെല്ലുവിളിയാണ് യുഎസ് താരം ഉയർത്തിയത്. മൂന്നാം സെറ്റിലും കൊക്കോ ഗോഫ് ലോക ഒന്നാം നമ്പർ താരത്തെ സമ്മർദത്തിലാക്കിയതോടെ കളി നാടകീയ അന്ത്യത്തിലേക്കു നീണ്ടു. തിരിച്ചടിച്ച യുഎസ് താരം 6–4ന് സെറ്റ് പിടിച്ച് വിജയാഘോഷം തുടങ്ങി.
രണ്ടു കൈകൾകൊണ്ടും മുഖമമർത്തി കളിമൺ കോർട്ടിൽ കിടന്ന കൊക്കോ ഗോഫ്, പിന്നീട് കരഞ്ഞുകൊണ്ട് കോർട്ടിനെ ചുംബിച്ചു. അരീന സബലേങ്കയെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത ശേഷമാണ് യുഎസ് താരം കോർട്ട് വിട്ടത്. ഫ്രഞ്ച് ഓപ്പണിൽ കൊക്കോ ഗോഫിന്റെ ആദ്യ കിരീടമാണിത്. കഴിഞ്ഞ വർഷം സെമി ഫൈനൽ വരെയെത്തിയ താരം ഇഗ സ്വാതെക്കിനോടു തോറ്റു പുറത്തായിരുന്നു. ഇത്തവണ ഇറ്റലിയുടെ ലൂയിസ് ബസണിനെ സെമിയിൽ അനായാസം തോൽപിച്ചായിരുന്നു ഗോഫിന്റെ മുന്നേറ്റം (6–1, 6–2).
2023 ൽ കൊക്കോ ഗോഫ് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം വിജയിക്കുമ്പോഴും അരീന സബലേങ്ക തന്നെയായിരുന്നു ഫൈനലിലെ എതിരാളി. ഇതോടെ സെറീന വില്യംസിനു ശേഷം യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ അമേരിക്കൻ കൗമാരതാരമെന്ന നേട്ടത്തിനുടമയായിരുന്നു. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. 2024 ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ കാതറീന സിനിയകോവയുമായി ചേർന്ന് കിരീടം വിജയിച്ചിരുന്നു. കലാശപ്പോരിൽ സാറ എറാനി–ജാസ്മിന്‍ പവോലിനി സഖ്യത്തെയാണു തോൽപിച്ചത്. ഈ വർഷം യുണൈറ്റഡ് കപ്പിൽ യുഎസിനൊപ്പം കിരീട വിജയം ആഘോഷിച്ച താരം തോൽവി അറിയാതെയാണ് മുന്നേറിയത്. ഫൈനലിൽ ഇഗ സ്വാതെകിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചു. ഓസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ വരെയെത്തിയെങ്കിലും പൗല ബഡോസയോടു തോറ്റു പുറത്തായി.
English Summary:








English (US) ·