ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

6 days ago 2

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 14, 2026 11:18 AM IST Updated: July 15, 2026 02:32 AM IST

1 minute Read

 REUTERS/Omar Aziz)
മികേൽ ഒയർസബാൽ ഗോൾ നേടുന്നു. (Photo: REUTERS/Omar Aziz)

ഡാലസ് ∙ ആദിയോടന്തം ആവേശം നിറച്ച സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ ആദ്യ ലീഡ് പിടിച്ചത്. ഈ ലോകകപ്പിൽ ആദ്യമായി ഫ്രാൻസ് പിന്നിലായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പെ‍ഡ്രോ പോറോയാണ് സ്പെയിനിന്റെ ലീഡുയർത്തിയത്.

What you should work next

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസിന്റെ മുന്നേറ്റമാണ് കണ്ടത്. സ്പാനിഷ് ബോക്സിലേക്ക് തുടർച്ചയായി ഫ്രഞ്ച് പട കടന്നുകയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നാലെ പ്രത്യാക്രമണം നടത്തിയ ഫ്രാൻസ് സ്പാനിഷ് ബോക്സിൽ എത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. 20–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്ക് മാർക് കുക്കുറെല്ല നീട്ടി നൽകിയ ക്രോസ് സ്വീകരിക്കാൻ ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലാണ് മികേൽ ഒയർസബാൽ ഗോൾ നേടിയത്.

ലമീൻ യമാലിന്റെ ഷോട്ട് ഫ്രഞ്ച് വലയിലേക്ക്. എന്നാൽ ലൈൻസ്മാൻ ഓഫ് സൈഡ് വിളിച്ചതിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല. (Photo by David Ramos / Getty Images via AFP)

ലമീൻ യമാലിന്റെ ഷോട്ട് ഫ്രഞ്ച് വലയിലേക്ക്. എന്നാൽ ലൈൻസ്മാൻ ഓഫ് സൈഡ് വിളിച്ചതിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല. (Photo by David Ramos / Getty Images via AFP)

ഗോൾ നേടിയതോടെ സ്പെയിൻ ഫ്രഞ്ച് ബോക്സിലേക്ക് തുടരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ പരുക്കേറ്റ് ഫ്രാൻസ് താരം വില്യം സലിബ മൈതാനം വിട്ടതോടെ മാക്സെൻസ് ലക്രോയിസ് പകരക്കാരനായി ഇറങ്ങി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതിയിൽ സ്പെയിൻ 5 ഗോൾ ശ്രമങ്ങൾ നടത്തിയപ്പോൾ ഫ്രാൻസിന് രണ്ട് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്.

പെഡ്രോ പോറോ സ്പെയിനിന്റെ രണ്ടാം ഗോൾ നേടുന്നു. (Photo by MAURO PIMENTEL / AFP)

പെഡ്രോ പോറോ സ്പെയിനിന്റെ രണ്ടാം ഗോൾ നേടുന്നു. (Photo by MAURO PIMENTEL / AFP)

രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പെയിൻ വർധിതവീര്യത്തോടെ ആക്രമണം തുടർന്നു. 58 ാം മിനിറ്റിൽ പെഡ്രോ പോറോയുടെ ഗോളിൽ സ്പെയിൻ ലീഡ് രണ്ടാക്കി ഉയർത്തി. ഡാനി ഓല്‍മോയ്‌ക്ക് പാസ് നൽകി ബോക്സിലേക്ക് കുതിക്കുന്നതിനിടെ കാലിലേക്ക് തിരികെ ലഭിച്ച പാസ് സ്വീകരിച്ച് ഫ്രഞ്ച് ഗോൾ കീപ്പർ മിക് മൈഗ്നാനെ കാഴ്ചക്കാരനാക്കി പെഡ്രോ പോറോയുടെ ഗംഭീര ഷോട്ട് വലയിൽ (2–0). മൂന്നു മിനിറ്റിനകം ലമീൻ യമാൽ വീണ്ടും ഫ്രഞ്ച് വല ചലിപ്പിച്ചെങ്കിലും ലൈൻസ്മാൻ ഓഫ് സൈഡ് വിളിച്ചു.

രണ്ട് ഗോളുകൾ വഴങ്ങിയതോടെ ഫ്രഞ്ച് താരങ്ങൾ മാനസികമായി തകർന്നെന്ന് അവരുടെ ശരീരഭാഷയിൽ നിന്നു വ്യക്തമായിരുന്നു. അത് അവരുടെ നീക്കങ്ങളിലും പ്രതിഫലിച്ചു. അതിനിടെ ഗോളെന്നുറച്ച കിലിയന്‍ എംബപെയുടെ അതിശക്തമായ ഷോട്ട് മാർക് കുക്കുറെല്ലയുടെ കാലിൽ തട്ടി പോസ്റ്റിനു പുറത്തേക്ക്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിന് നിരാശയോടെ മടക്കം. പ്രതിരോധക്കരുത്തിനൊപ്പം ആക്രമണത്തിനും മുർച്ചകൂട്ടി ഫ്രഞ്ച് പടയെ നേരിട്ട സ്പെയിൻ ആധികാരിക ജയത്തോടെ ഫൈനലിലേക്ക്.

English Summary:

FIFA World Cup Football 2026 France vs Spain semi last lucifer unrecorded updates

Read Entire Article