Published: July 05, 2026 05:17 AM IST Updated: July 05, 2026 05:23 AM IST
2 minute Read
ഈ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ആക്രമണനിരയുള്ള ഫ്രാൻസിനെ മത്സരത്തിന്റെ 90 മിനിറ്റും ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തുകയെന്നതായിരുന്നു പ്രീക്വാർട്ടറിൽ പാരഗ്വായുടെ തന്ത്രം. കിലിയൻ എംബപെയെ അടക്കം പ്രതിരോധപൂട്ടിട്ട് പൂട്ടിയ പാരഗ്വായ് 70–ാം മിനിറ്റുവരെ പിടിച്ചുനിന്നു. ഒടുവിൽ ഒരു പെനാൽറ്റി ഗോളിന്റെ ആനൂകൂല്യത്തിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്കു മാർച്ച് ചെയ്തു. അടുത്ത റൗണ്ടിൽ കാനഡയെ തോൽപിച്ചു വരുന്ന മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. അതായത് 2022 ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലില്‍ പോരാടിയ ടീമുകൾ ഇത്തവണ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നു. ഫ്രാൻസിനു പോരാട്ടം കടുക്കുമെന്നുറപ്പ്. പാരഗ്വായ്ക്കെതിരായ പെനാൽറ്റി ഗോളോടെ കിലിയൻ എംബപെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 19 ആയി. ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്താൻ താരത്തിന് വേണ്ടത് ഇനി ഒരു ഗോൾ മാത്രം.
What you should work next
ഈ ലോകകപ്പിലെ ഗോൾ സ്കോറര്‍മാരിൽ ഏഴു ഗോളുകൾ വീതം നേടി മെസ്സിയും എംബപെയും ഒപ്പത്തിനൊപ്പമാണ്. അസിസ്റ്റുകളുടെ കൂടി എണ്ണം നോക്കിയാൽ എംബപെയാണു മുന്നിൽ. 2026 ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും മൂന്നോ അതിൽ കൂടുതലോ ഗോളടിച്ചിട്ടുള്ള ടീമാണ് ഫ്രാൻസ്. അതുകൊണ്ടുതന്നെ പാരഗ്വായ്ക്കെതിരെ ഫ്രാൻസിന്റെ ഗോള്‍ മഴയായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ സംഭവിച്ചതു മറ്റൊന്ന്. ഫ്രാന്‍സ് ഒന്നിനു പുറകേ ഒന്നായി ആക്രമണങ്ങൾ നയിച്ചപ്പോഴും ആദ്യ പകുതിയിൽ പാരഗ്വായ് ഗോൾ വഴങ്ങിയില്ല. മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റുകളിൽ തന്നെ ഫ്രാൻസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മത്സരം 20 മിനിറ്റുകള്‍ പിന്നിടുമ്പോൾ 70 ശതമാനം ബോൾ പൊസഷനുമായി ഫ്രാൻസിന് ആധിപത്യമുണ്ടായിരുന്നു. എന്നാൽ പ്രതിരോധത്തിന് കരുത്തു കൂട്ടി പരമാവധി ഗോൾ വഴങ്ങാതിരിക്കുകയായിരുന്നു പാരഗ്വായുടെ തന്ത്രം.
22–ാം മിനിറ്റിലാണ് ഫ്രാൻസ് മത്സരത്തിലെ ആദ്യ ഷോട്ടെടുത്തത്. മനു കോനെയുടെ ഷോട്ട് പോസ്റ്റിനു ഭീഷണിയാകാതെ കടന്നുപോയി. 28–ാം മിനിറ്റിൽ പാരഗ്വായ്ക്കു വേണ്ടി ഡിയേഗോ ഗോമസിന്റെ ശ്രമവും പുറത്തേക്കുപോയി. 33–ാം മിനിറ്റിൽ ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയൻ റബിയോട്ടിന്റെ ലോങ് റേഞ്ചറും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുവരെ ഗോൾ അടിപ്പിക്കാതെ കിലിയൻ എംബപെ ഉള്‍പ്പടെയുള്ള ഫ്രഞ്ച് താരങ്ങളെ പിടിച്ചുനിർത്താൻ പാരഗ്വായ് പ്രതിരോധ നിരയ്ക്കു സാധിച്ചു. ആദ്യ പകുതിയിൽ അഞ്ച് ഗോൾ ശ്രമങ്ങൾ ഫ്രാന്‍സ് നടത്തിയപ്പോൾ ഓൺടാര്‍ഗറ്റ് ഷോട്ട് ഒന്നുപോലുമില്ലായിരുന്നു. അതേസമയം ഫ്രാൻസിന്റെ പാസുകളുടെ എണ്ണം 311 ഉം പാരഗ്വായുടേത് 81 ഉം മാത്രമായിരുന്നു.
പെനാൽറ്റിയിൽ പാരഗ്വായ് ‘പെട്ടു’
പ്രധാന താരങ്ങൾ അണിനിരന്നിട്ടും ആദ്യ പകുതിയിൽ ഫ്രാൻസിനെ സമനിലയിൽ പൂട്ടിയ പാരഗ്വായെ തകർക്കുകയായിരുന്നു രണ്ടാം പകുതിയിൽ പരിശീലകൻ ദിദിയെ ദെഷാമിന്റെ ലക്ഷ്യം. 49–ാം മിനിറ്റില്‍ അഡ്രിയൻ റാബിയോട്ടിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ആക്രമണങ്ങള്‍ക്കു തുടക്കമായത്. 52–ാം മിനിറ്റിൽ പന്തുമായി പാരഗ്വായ് ബോക്സിലേക്കു കുതിച്ച കിലിയൻ എംബപെയെ പാരഗ്വായ് പ്രതിരോധ താരം തടുത്തുനിര്‍ത്തി. ഹാൻഡ് ബോളിനായി പാരഗ്വായ് താരങ്ങൾ വാദിക്കുന്നതിനിടെ അനുവദിച്ച കോർണര്‍ എംബപെ പെട്ടെന്ന് എടുത്തു. സെറ്റ് പീസിൽനിന്ന് ഉസ്മാൻ ഡെംബലെയ്ക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
What you should work next
54–ാം മിനിറ്റിൽ ഫ്രഞ്ച് താരം മനു കോനെയുടെ ഗോൾ ശ്രമം ബാറിനു മുകളിലൂടെ തൊട്ടുരുമ്മി പുറത്തേക്കുപോയി. 61–ാം മിനിറ്റിൽ ഫ്രാൻസ് ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടപ്പാക്കി. ബ്രാഡ്‌ലി ബാർകോളയെ പിൻവലിച്ച ഫ്രാൻസ് ഡെസിറെ ഡുവോയെ കളിക്കാനിറക്കി. ഈ സബ്സ്റ്റിറ്റ്യൂഷനാണ് ഫ്രാൻസിന് ഗോളിലേക്കുള്ള വഴി തുറന്നത്. 66–ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കയറിയ ഡെസിറെ ഡുവോയെ പാരഗ്വായ് താരം ഡിയേഗോ ഗോമസ് വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. വാർ പരിശോധനകൾക്കു ശേഷമാണ് റഫറി തീരുമാനത്തിലെത്തിയത്. കിക്കെടുത്ത കിലിയൻ എംബപെ സമ്മർദങ്ങളില്ലാതെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്തെത്തിച്ചു. ലോകകപ്പ് 2026 സീസണിൽ എംബപെയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മെസ്സിക്കു മുന്നിലെത്താൻ എംബപെയ്ക്കു സാധിച്ചു.
87–ാം മിനിറ്റിൽ പാരഗ്വായ് താരം ജൂനിയർ അലോൻസോയുടെ ഗോൾ നീക്കം ഫ്രഞ്ച് പോസ്റ്റിനു ഭീഷണിയില്ലാതെ പുറത്തേക്കുപോയി. 89–ാം മിനിറ്റിൽ പന്തുമായി കുതിച്ച എംബപെയുടെ ഷോട്ട് പാരഗ്വായ് ഗോൾ കീപ്പർ ഗിൽ തകർപ്പൻ സേവിലൂടെ രക്ഷപെടുത്തി. പത്തു മിനിറ്റാണ് രണ്ടാം പകുതിയിൽ ഇന്‍ജറി ടൈമായി അനുവദിച്ചത്. ഈ സമയത്ത് സമനില ഗോളിനായി പാരഗ്വായ് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഫുൾ ടൈം വിസില്‍ മുഴങ്ങിയതോടെ 1–0ന് വിജയിച്ച് ഫ്രാൻസ് ക്വാർട്ടറിൽ കടന്നു.
English Summary:





English (US) ·