ഫ്രീകിക്ക് എടുക്കാനൊരുങ്ങി റൊണാള്‍‍‍ഡോ, കിക്കെടുത്തത് നൂനോ മെൻഡെസ്; ലോകകപ്പിൽ ക്രിസ്റ്റ്യാനോ ഷോ

3 weeks ago 4

മനോരമ ലേഖകൻ

Published: June 24, 2026 03:25 PM IST

2 minute Read

ഉസ്ബക്കിസ്ഥാനെതിരെ ആദ്യഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.
ഉസ്ബക്കിസ്ഥാനെതിരെ ആദ്യഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.

ഹൂസ്റ്റൻ∙ ചിതൽ എത്ര കയറിയാലും ചന്ദനം അതിന്റെ സുഗന്ധം കൈവിടില്ല. കാലമെത്ര കഴിഞ്ഞാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിമികവും കൈമോശം വരില്ല. ക്രൂശിച്ചവർക്കും കളിയാക്കിയവർക്കും മുന്നിലൂടെ, 6 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അവിസ്മരണീയ നേട്ടവുമായി നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോ തലയുയർത്തി നടന്നപ്പോൾ ഉസ്ബക്കിസ്ഥാനെതിരെ പോർച്ചുഗലിന് 5–0ന്റെ ആവേശ ജയം. ക്രിസ്റ്റ്യാനോയ്ക്കു (6, 39 മിനിറ്റുകൾ) പുറമേ, നൂനോ മെൻഡെസ് (17), റാഫയേൽ ലിയാവോ (87) എന്നിവർ പറങ്കിപ്പടയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ ഉസ്ബക്കിസ്ഥാൻ ഗോ‍ൾകീപ്പർ അബ്ദുവോകിദ് നെമറ്റോഫ് (60) സെൽഫ് ഗോൾ വഴങ്ങി.

ക്രിസ്റ്റ്യാനോ ഷോ

ആദ്യ മിനിറ്റ് മുതൽ ആക്രമണമായിരുന്നു പോർച്ചുഗലിന്റെ നയം. മൂന്നാം മിനിറ്റിൽത്തന്നെ അക്കൗണ്ട് തുറക്കാൻ പോർച്ചുഗലിന് അവസരം ലഭിച്ചതാണ്. ഇടതുവിങ്ങിലൂടെ മുന്നേറിയ നൂനോ മെൻഡെസിന്റെ ക്രോസ് ബോക്സിനുള്ളിലേക്ക് ചാഞ്ഞിറങ്ങിയെങ്കിലും കണക്ട് ചെയ്യാൻ ക്രിസ്റ്റ്യാനോയ്ക്കു സാധിച്ചില്ല. അതിന്റെ ക്ഷീണം മിനിറ്റുകൾക്കുള്ളിൽ ക്രിസ്റ്റ്യാനോ തീർത്തു. ഇത്തവണ ക്രോസ് വന്നത് ജോവ കാൻസലോയുടെ കാലിൽനിന്ന്. ഫസ്റ്റ് ടച്ചിൽ പന്തു വലയിലെത്തിച്ച ക്രിസ്റ്റ്യാനോ, 6 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡിലേക്ക് ഓടിക്കയറി. ആദ്യ ഗോൾ വഴങ്ങിയ അങ്കലാപ്പിൽ പ്രതിരോധത്തിലേക്കു വലിഞ്ഞ ഉസ്ബക്കിസ്ഥാന് മിനിറ്റുകൾക്കുള്ളിൽ പോർച്ചുഗലിന്റെ വക രണ്ടാം പ്രഹരം. 17–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തുവച്ച് പോർച്ചുഗൽ താരം പെദ്രോ നെറ്റോയെ ഫൗൾ ചെയ്ത ഒഡിൽജോൺ ഹാംറോബെകോഫിനു മഞ്ഞക്കാർ‍ഡ്. പോർച്ചുഗലിനു ലഭിച്ച ഫ്രീകിക്ക് എടുക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ. എന്നാൽ ഉസ്ബക്ക് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് കിക്കെടുത്തത് നൂനോ മെൻഡെസ്; ഗോൾ. പോർച്ചുഗൽ– 2, ഉസ്ബക്കിസ്ഥാൻ– 0.

ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ ആക്രമണത്തിലേക്കു തിരിഞ്ഞ ഉസ്ബക്കിസ്ഥാൻ താരങ്ങൾ 31–ാം മിനിറ്റിൽ ഗോൾ മടക്കിയിരുന്നു. എന്നാൽ, ഗോൾ ഷോട്ടിനു മുൻപ് ഫൗൾ നടന്നതായി കണ്ടെത്തിയ വിഎആർ, ഗോൾ നിഷേധിച്ചു. അതിനു മറുപടിയായി പോർച്ചുഗലിന്റെ തുടർ കൗണ്ടർ അറ്റാക്കുകൾ. ഇതിന്റെ ഫലം 39–ാം മിനിറ്റിൽ പറങ്കിപ്പടയ്ക്കു ലഭിച്ചു. മധ്യനിരയിൽ നിന്ന് പന്തുമായി കുതിച്ച ബ്രൂണോ ഫെർണാണ്ടസിന്റെ ത്രൂപാസ് വലതു വിങ്ങിൽ ക്രിസ്റ്റ്യാനോയുടെ കാലിലേക്ക്. ബോക്സിലേക്കു പന്തുമായി കുതിച്ച ക്രിസ്റ്റ്യാനോയുടെ ഷോട്ട് നേരേ പോസ്റ്റിലേക്ക്. പോർച്ചുഗൽ– 3, ഉസ്ബക്കിസ്ഥാൻ– 0. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ ഹാട‌്രിക് പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് അവസരമുണ്ടായിരുന്നു. ബോക്സിനുള്ളിൽനിന്ന് ക്രിസ്റ്റ്യാനോ ചിപ് ചെയ്ത പന്ത്, പോസ്റ്റിനു തൊട്ടുമുന്നിൽനിന്ന് ഉസ്ബക്ക് ഡിഫൻഡർ തട്ടിയകറ്റി. അതോടെ, ഹാട്രിക്കിനുള്ള ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പ് രണ്ടാം പകുതിയിലേക്ക്.

59–ാം മിനിറ്റിൽ ഉസ്ബക്ക് പോസ്റ്റിനു തൊട്ടുപുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ ഹാട്രിക് പൂർത്തിയാക്കാൻ വീണ്ടുമൊരു അവസരം ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചെങ്കിലും ഗോൾകീപ്പർ അബ്ദുവോകിദ് നെമറ്റോഫിന്റെ ഇടപെടൽ അവരെ രക്ഷിച്ചു. എന്നാൽ അതിനു പിന്നാലെ ലഭിച്ച കോർണർ കിക്കിൽ സെൽഫ് ഗോൾ വഴങ്ങിയ നെമറ്റോഫ് തന്നെ അവരുടെ വില്ലനായി. മത്സരത്തിൽ‍ ആധികാരിക ജയം ഉറപ്പിച്ചതോടെ, ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിനു വേണ്ടി ആയിരുന്നു പോർച്ചുഗൽ ആരാധകരുടെ പിന്നീടുള്ള കാത്തിരിപ്പ്. ഗോളെന്ന് ഉറപ്പിച്ച രണ്ട് അവസരങ്ങൾ കൂടി സൃഷ്ടിക്കാൻ സാധിച്ചെങ്കിലും ലക്ഷ്യം കാണാൻ മാത്രം ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചില്ല. ഇതിനിടെ പകരക്കാരനായി എത്തിയ റഫയേൽ ലിയാവോ കൂടി ലക്ഷ്യം കണ്ടതോടെ പോർച്ചുഗലിന്റെ ലീഡ് 5–0 ആയി ഉയർന്നു. ഫൈനൽ വിസിലിനു തൊട്ടുമുൻപ് ഒരവസരം കൂടി ലഭിച്ചെങ്കിലും ദൗർഭാഗ്യം ക്രിസ്റ്റ്യാനോയ്ക്കു ഹാട്രിക് നിഷേധിച്ചു.

English Summary:

Cristiano Ronaldo has achieved a historical feat by scoring successful his 6th World Cup, becoming the archetypal subordinate ever to bash so. This singular accomplishment came during Portugal's ascendant 5-0 triumph against Uzbekistan, showcasing Ronaldo's enduring accomplishment and interaction connected the game.

Read Entire Article