Published: January 22, 2026 08:39 PM IST
1 minute Read
ധാക്ക∙ ട്വന്റി20 ലോകകപ്പിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബംഗ്ലദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ. ഐസിസിയുടെ നടപടിയെ അനീതിയെന്നാണ് ആസിഫ് വിശേഷിപ്പിച്ചത്. ‘‘ഐസിസി ഞങ്ങളോടു നീതിപൂർവം പെരുമാറിയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ശ്രീലങ്കയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കാനുള്ള ഞങ്ങളുടെ അവകാശം നടപ്പാക്കണം. ബംഗ്ലദേശിന് സുരക്ഷാ ആശങ്കയുണ്ടെന്നതു ശരിയായ കാര്യമാണ്.’’– ആസിഫ് അവകാശപ്പെട്ടു.
ബംഗ്ലദേശിന്റെ താരങ്ങൾക്കും ആരാധകർക്കും സുരക്ഷ ഉറപ്പു നൽകാൻ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടതായും ആസിഫ് ആരോപിച്ചു. ‘‘ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. മുസ്തഫിസുറിനെ പുറത്താക്കിയ കാര്യത്തിൽ ഖേദപ്രകടനമില്ല. ഞങ്ങളുടെ താരങ്ങളും ആരാധകരും മാധ്യമപ്രവർത്തകരും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പു ലഭിച്ചിട്ടില്ല. ഞങ്ങളുടെ തീരുമാനം മാറ്റേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഐസിസിയും ബംഗ്ലദേശിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ല.’’
‘‘ഐസിസിക്ക് 24 മണിക്കൂർ സമയം അനുവദിക്കാനാകില്ല. ഞങ്ങൾ പൊരുതുന്നതു തുടരും. ബംഗ്ലദേശിലെ കോടിക്കണക്കിന് ആളുകൾ ആരും ലോകകപ്പ് കാണില്ല. ഐസിസിക്ക് വലിയ നഷ്ടം ഉണ്ടാകും. ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് കളിക്കാം, പക്ഷേ ഇന്ത്യയിൽ വേണ്ട എന്നതു മാത്രമാണു ഞങ്ങളുടെ ആവശ്യം. ശ്രീലങ്കയിലാണെങ്കിൽ ടീമിനെ അയക്കാൻ തയാറാണ്.’’– ആസിഫ് നസ്റുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബംഗ്ലദേശ് സർക്കാരിന്റെ കടുത്ത സമ്മര്‍ദത്തെ തുടർന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ലോകകപ്പിൽനിന്നു പിന്നോട്ടുപോയത്. മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഐസിസി തള്ളിക്കളയുകയായിരുന്നു. ഇതോടെയാണു മറ്റു വഴികളില്ലാതെ ബംഗ്ലദേശ് ലോകകപ്പിൽനിന്നു പുറത്തുപോയത്. മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്നു പുറത്താക്കിയതിനു പിന്നാലെയാണ് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയെന്ന ആരോപണമുയർത്തി ബംഗ്ലദേശ് രംഗത്തെത്തിയത്.
English Summary:







English (US) ·