Published: February 09, 2026 12:19 PM IST
1 minute Read
ലഹോർ∙ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാക്കിസ്ഥാൻ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഫെബ്രുവരി 15ന് കൊളംബോയിലാണ് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ഞായറാഴ്ച നാലു മണിക്കൂറിലേറെ നീണ്ട യോഗം അവസാനിച്ചിട്ടും ഇരു വിഭാഗങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയിട്ടില്ല. പാക്കിസ്ഥാൻ സർക്കാരിൽനിന്ന് അനുമതി ലഭിച്ച ശേഷം ഐസിസിയും പിസിബിയും വെവ്വേറെ പ്രസ്താവനകൾ ഇറക്കാനാണു സാധ്യത.
അതേസമയം പാക്കിസ്ഥാന്റെ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സ്വീകരിച്ചതെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലദേശിന് നഷ്ടപരിഹാരമായി പണമൊന്നും ലഭിക്കില്ലെന്നും, എന്നാൽ ഐസിസി റവന്യു മുടങ്ങില്ലെന്നുമാണു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിലപാട്. പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി ബംഗ്ലദേശിനു നൽകുന്ന തുക വർധിപ്പിക്കണം. ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവര്‍ക്കു കൃത്യമായി നൽകണം. ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം.– എന്നിവയാണു പാക്കിസ്ഥാന്റെ ആവശ്യങ്ങൾ.
ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ബംഗ്ലദേശിന് ഒരുക്കുമോയെന്നു വ്യക്തമല്ല. ടൂർണമെന്റിൽ കളിക്കാത്ത ടീമിന് എന്തിന് മാച്ച് ഫീ നൽകണം എന്ന ചോദ്യവും ഉയരുന്നുണ്ട്. ബംഗ്ലദേശിനു പകരം ലോകകപ്പ് കളിക്കാനെത്തിയ സ്കോട്‌ലൻഡിന് മറ്റു ടീമുകൾക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഐസിസി നൽകുന്നുണ്ട്. ഇന്ത്യയെ ബഹിഷ്കരിക്കുമോയെന്ന കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണു പുറത്തുവരുന്ന വിവരം.
ഐസിസി തലവൻ ജയ് ഷാ പാക്ക് ക്രിക്കറ്റ് ബോർഡിനോട് ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല. ഐസിസി ഡപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജയാണ് അനുനയ നീക്കങ്ങൾക്കു നേതൃത്വം നൽകുന്നത്. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൽ ഇസ്‍ലാമും കഴിഞ്ഞ ദിവസം ലഹോറിലെത്തിയിരുന്നു.
English Summary:







English (US) ·