Published: February 26, 2026 09:25 AM IST
1 minute Read
മിലാൻ (ഇറ്റലി) ∙ ഭീമനായ ഗോലിയാത്തിന്റെ മുൻപിൽ ബാലനായ ദാവീദ് കല്ലും കവണയുമായി നിന്ന ബൈബിൾ കഥ പോലെയായിരുന്നു ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പൻമാരായ ഇന്റർ മിലാനും കുഞ്ഞൻ ക്ലബ്ബായ ബോഡോ ഗ്ലിംറ്റും തമ്മിലുള്ള മത്സരം. പലരും കീഴടക്കാൻ ശ്രമിച്ചിട്ടും കഴിയാതെപോയ ഗോലിയാത്തിനെ ദാവീദ് ഒറ്റയേറു കൊണ്ടു വീഴ്ത്തിയതു പോലെ, കഴിഞ്ഞവർഷത്തെ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിസ്റ്റുകളായ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ ഇത്തവണ പ്രീക്വാർട്ടറിന്റെ പടിക്കൽവച്ച് ബോഡോ വീഴ്ത്തി. പ്രീക്വാർട്ടറിലെത്താനുള്ള അവസാന കടമ്പയായ ഇരുപാദ പ്ലേ ഓഫിന്റെ രണ്ടാംപാദത്തിൽ, മിലാന്റ തട്ടകമായ സാൻസിറോയിൽ 2–1നാണ് ബോഡോയുടെ വിജയം.
നേരത്തേ, ആദ്യപാദ മത്സരത്തിൽ ബോഡോ 3–1നു ജയിച്ചതുകൂടി കണക്കാക്കുമ്പോൾ ഇരുപാദ സ്കോർ 5–2. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 58–ാം മിനിറ്റിൽ ജെൻസ് പീറ്റർ ഹ്യൂഗ് ബോഡോയ്ക്കായി ലക്ഷ്യം കണ്ടു. ഹാകണ്ഡ ഇവ്‌യെൻ (72) രണ്ടാം ഗോളും േനടി. അലക്‌സാന്ദ്രോ ബസ്റ്റോനിയാണ് (76) മിലാനായി ആശ്വാസഗോൾ നേടിയത്. മിലാന്റെ ഗോൾ മുന്നേറ്റം നിഷ്ഫലമാക്കിയ ബോഡോ കീപ്പർ നികിറ്റ ഹൈകിനാണു മത്സരത്തിലെ പ്രധാനി.
മറ്റു മത്സരങ്ങളിൽ അത്‌ലറ്റിക്കോ മഡ്രിഡ് 4–1ന് ബ്രൂഷിനെ തോൽപിച്ചു. ഇരുപാദ സ്കോർ 7–4. ന്യൂകാസിൽ യുണൈറ്റഡ് 3–2നു കരാബാഗിനെയും കീഴടക്കി (ഇരുപാദ സ്കോർ: 9–3). ബയേർ ലെവർക്യൂസനും ഒളിംപിയാക്കോസും തമ്മിലുള്ള 2–ാം പാദ മത്സരം ഗോൾരഹിത സമനിലയായെങ്കിലും ഒന്നാം പാദം 2–0ന് ജയിച്ച ലെവർക്യൂസൻ പ്രീക്വാർട്ടറിൽ കടന്നു.
English Summary:







English (US) ·