Published: May 07, 2026 12:26 PM IST
1 minute Read
മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആര്‍സനൽ– പിഎസ്ജി പോരാട്ടം. തുടർച്ചയായ രണ്ടാം തവണയാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഫൈനലിലെത്തുന്നത്. ബയൺ മ്യൂണിക്കിനെതിരായ രണ്ടാം പാദ സെമി ഫൈനൽ 1–1ന് സമനിലയിൽ ആയെങ്കിലും ആദ്യ പാദ പോരാട്ടത്തിലെ വിജയത്തിന്റെ ബലത്തിൽ പിഎസ്ജി ഫൈനലിൽ കടക്കുകയായിരുന്നു. ആഗ്രഗേറ്റ് സ്കോർ– 5–6. ബയണിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയിൽ നടന്ന രണ്ടാം പാദ പോരാട്ടത്തില്‍ മൂന്നാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയിലൂടെ പിഎസ്ജി മുന്നിലെത്തി. ഖ്വിച്ച വാരത്സ്‍ലേഹിയ നൽകിയ പാസ് ഡെംബലെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
എന്നാൽ മത്സരത്തിന്റെ അധിക സമയത്ത് ഹാരി കെയ്നിലൂടെ ബയൺ മറുപടി ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും ബയൺ മുന്നിട്ടുനിന്നെങ്കിലും, ഗോൾ ശ്രമങ്ങളിൽ ഇരു ടീമുകളും തുല്യത പാലിച്ചു. കഴിഞ്ഞ ആഴ്ച നിലവിലെ ചാംപ്യൻമാരായ പിഎസ്ജിയുടെ മൈതാനത്തു നടന്ന ആദ്യ പാദ പോരാട്ടത്തിൽ 5–4നായിരുന്നു ആതിഥേയരുടെ വിജയം. ബുഡാപെസ്റ്റിൽ മേയ് 30നാണ് കലാശപ്പോരാട്ടം.
മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങൾ ബയണിന് എതിരായിരുന്നെന്ന് വന്‍ വിമർശനങ്ങൾ ഉയരുന്നുണ്ട്. ആദ്യ പകുതിയിൽ നുനോ മെൻഡസിനെതിരെയും ജാവോ നെവസിനെതിരെയും ബയൺ താരങ്ങൾ ഹാൻഡ് ബോൾ അപ്പീൽ ചെയ്തെങ്കിലും റഫറി അത് അംഗീകരിച്ചിരുന്നില്ല. ബയൺ താരങ്ങൾ ശക്തമായി വാദിച്ചെങ്കിലും ‘വാർ’ പരിശോധനയ്ക്കും റഫറി നിന്നിരുന്നില്ല. ഇതാണ് ബയൺ ആരാധകരെ ചൊടിപ്പിച്ചത്.
രണ്ടാംപാദ മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനെ തോൽപ്പിച്ചാണ് ഇംഗ്ലിഷ് ക്ലബ് ആർസനൽ ഫൈനലിൽ കടന്നത്. 20 വർഷത്തിന് ശേഷമാണ് ആർസനൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത്. ചൊവ്വാഴ്ച ആർസനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നടന്ന രണ്ടാംപാദം സെമിയിൽ 44-ാം മിനിറ്റിൽ ബുക്കായോ സാക്ക ആണ് ആർസനലിന്റെ ഏക ഗോൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡിന്റെ ഷോട്ട് അത്‌ലറ്റിക്കോ കീപ്പർ ജാൻ ഒബ്ലാക്ക് തടഞ്ഞെങ്കിലും, റീബൗണ്ടിൽ നിന്ന് സാക്ക പന്ത് വലയിലെത്തിച്ചു. കഴിഞ്ഞയാഴ്ച മഡ്രഡിൽ നടന്ന ആദ്യപാദ സെമി 1–1ന് സമനിലയിൽ അവസാനിച്ചിരുന്നു. ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ആർസനലിന്റെ ഫൈനൽപ്രവേശം.
English Summary:







English (US) ·