ബഹിഷ്കരണ ഭീഷണിയിൽ പാക്കിസ്ഥാന്റെ ‘യു–ടേണ്‍’ ഉണ്ടാകുമോ? ശ്രീലങ്കയെ തള്ളാനാകില്ലെന്ന് പിസിബി

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: February 07, 2026 01:58 PM IST

1 minute Read

മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം 
(Photo by Sajjad HUSSAIN / AFP)
മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം (Photo by Sajjad HUSSAIN / AFP)

Follow Us

Facebook

WhatsApp

ലഹോർ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽനിന്നു പിന്നോട്ടുപോകുകയാണെന്ന സൂചനകൾ നൽകി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കൻ ബോർഡിന്റെ ഇടപെടലിനെ തുടർന്നാണ് പാക്കിസ്ഥാൻ ബഹിഷ്കരണ ഭീഷണിയിൽനിന്ന് ‘യു–ടേൺ’ അടിക്കാൻ ഒരുങ്ങുന്നതെന്നാണു വിവരം. ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക പാക്കിസ്ഥാനു കത്തയച്ചിരുന്നു. ശ്രീലങ്കയുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.

പിസിബി തലവനും പാക്കിസ്ഥാനിലെ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി വീണ്ടും ചർച്ച നടത്തുമെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിൽ ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ സർക്കാരാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ലോകകപ്പിൽനിന്നു പുറത്തായ ബംഗ്ലദേശിനു പിന്തുണ അറിയിച്ചായിരുന്നു പാക്കിസ്ഥാന്റെ ബഹിഷ്കരണ ഭീഷണി. എന്നാൽ ശ്രീലങ്ക ഇടപെട്ടതോടെ പാക്കിസ്ഥാൻ അയയുകയായിരുന്നു.

ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പാക്കിസ്ഥാനെ സഹായിച്ചതടക്കം പരാമർശിച്ചായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കത്തയച്ചത്. ‘‘മത്സരങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും ഞങ്ങൾ പാക്കിസ്ഥാനിൽ കളിക്കാൻ പോയിട്ടുണ്ട്. അതിൽ പലപ്പോഴും സുരക്ഷാ ഭീഷണിയുണ്ടായിട്ടുണ്ട്. ശ്രീലങ്കൻ ദേശീയ ടീം പാക്കിസ്ഥാനിൽ വച്ച് അക്രമിക്കപ്പെട്ടു, താരങ്ങൾക്കും സ്റ്റാഫുകൾക്കും പരുക്കേറ്റു. പലരും ഇപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. അതിനു ശേഷവും പാക്കിസ്ഥാനിൽ സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ, താരങ്ങൾ വലിയ സമ്മർദത്തിലാകുകയും മത്സരങ്ങൾ ഉപേക്ഷിച്ച് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും സർക്കാരും എന്നും പാക്കിസ്ഥാനൊപ്പം നിന്ന് മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുണ്ട്. മറ്റു പല ടീമുകളും പാക്കിസ്ഥാനിൽ  കളിക്കാൻ തയാറാകാതിരുന്നപ്പോഴായിരുന്നു ഇത്.’’– ശ്രീലങ്കൻ ബോർഡ് അയച്ച കത്തിൽ പ്രതികരിച്ചു.

2009 മാർച്ചിൽ ശ്രീലങ്കൻ ടീമിനെതിരെ അക്രമമുണ്ടായതിനു ശേഷം ദീർഘകാലം പാക്കിസ്ഥാനിൽ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നില്ല. പിന്നീട് പാക്കിസ്ഥാനിൽ കളിക്കാൻ പോയ ആദ്യത്തെ പ്രധാന ടീം ശ്രീലങ്കയായിരുന്നു. ഇന്ത്യ– പാക്ക് ലോകകപ്പ് മത്സരം നടന്നില്ലെങ്കിൽ ആതിഥേയരായ ശ്രീലങ്കയ്ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. മത്സരത്തിന്റെ ടിക്കറ്റ് വിൽപനയിലൂടെ ശ്രീലങ്ക വലിയ വരുമാനമാണു ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

English Summary:

The Pakistan Cricket Board is reportedly reconsidering its determination to boycott the T20 World Cup lucifer against India, pursuing involution from the Sri Lankan Cricket Board

Read Entire Article