ഹൈദരാബാദ്∙ അഭിഷേക് ശർമയ്ക്കു മറുപടി നൽകാൻ മറുവശത്ത് ‘സെഞ്ചറി പാരമ്പര്യം’ ഉള്ള കെ.എൽ.രാഹുൽ ഉണ്ടായിരുന്നിട്ടും ഡൽഹി ക്യാപിറ്റൽസിന് രക്ഷയുണ്ടായില്ല. അഭിഷേകിന്റെ സെഞ്ചറിക്കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചുകൂട്ടിയ റൺമലയ്ക്ക് 47 റൺസ് അകലെ അവർ വീണു. 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസിൽ അവസാനിച്ചു.
അർധസെഞ്ചറി നേടിയ നിതീഷ് റാണ (30 പന്തിൽ 57), സമീർ റിസ്‍വി (28 പന്തിൽ 41), കെ.എൽ.രാഹുൽ (23 പന്തിൽ 37) എന്നിവർ ഡൽഹിക്കായി പൊരുതിയെങ്കിലും ജയത്തിലേക്കു അതു മതിയാകുമായിരുന്നില്ല. സീസണിൽ മിന്നും ഫോമിലുള്ള ലങ്കൻ താരം ഈഷൻ മല്ലിംഗ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷ് ദുബെ മൂന്നും ദിൽഷൻ മധുശങ്ക, സാകിബ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ എട്ടു പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കു കയറി. ആറു പോയിന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ, മൂന്നാം ഓവറിൽ തന്നെ ഓപ്പണർ പാത്തും നിസ്സങ്കയെ (6 പന്തിൽ 8) ഡൽഹിക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ– നിതീഷ് റാണ സഖ്യം വിക്കറ്റു വീഴാതെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും കൂറ്റൻ ലക്ഷ്യത്തിലേക്കു വേണ്ട ‘മൊമന്റം’ ഒരിക്കൽ പോലും നൽകിയില്ല. 45 പന്തിൽ 86 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 10–ാം ഓവറിൽ രാഹുലിനെ അഭിഷേകിന്റെ കൈകളിൽ എത്തിച്ച് സാകിബ് ഹുസൈനാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ നിതീഷ് റാണയെയും ഡേവിഡ് മില്ലറിനെയും (0) ഈഷൻ മല്ലിംഗയും വീഴ്ത്തി.
ഇതോടെ വിജയത്തിലേക്ക് പൊരുതുന്നതിനു പകരം അവസാനം വരെ പിടിച്ചുനിൽക്കുക മാത്രമാണ് ഡൽഹിയും ലക്ഷ്യം. നാലാമനായി ഇറങ്ങിയ സമീർ റിസ്‍വിയുടെ ബാറ്റിങ്ങാണ് ഡൽഹി സ്കോർ 200ന് അടുത്തെത്തിച്ചത്. ട്രിസ്റ്റൻ സ്റ്റബ്സ് 16 പന്തിൽ 27 റൺസും അശുതോഷ് ശർമ 10 പന്തിൽ 14 റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ അക്ഷർ പട്ടേലിനും (3 പന്തിൽ 2) കാര്യമായി ഒന്നു ചെയ്യാൻ സാധിച്ചില്ല. അവസാന ഓവറിലാണ് ഹർഷ് ദുബെ മൂന്നു വിക്കറ്റും വീഴ്ത്തിയത്.
∙ അഭിഷേക് ‘വിളയാട്ടം’അഭിഷേക് ശര്‍മയുടെ സെഞ്ചറിക്കരുത്തിലാണ് ഹോം ഗ്രൗണ്ടിൽ ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 243 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 242 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണറായിറങ്ങി അവസാന പന്തുവരെ തകർത്തടിച്ച അഭിഷേക്, 68 പന്തുകൾ നേരിട്ട് 135 റൺസെടുത്തു. 10 സിക്സുകളും 10 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.
സീസണിൽ അഭിഷേകിന്റെ ആദ്യ സെഞ്ചറിയാണിത്. ട്രാവിസ് ഹെഡ് (26 പന്തിൽ 37), ഇഷാന്‍ കിഷൻ (13 പന്തിൽ 25) എന്നിവരാണ് സൺറൈസേഴ്സ് നിരയിൽ പുറത്തായ ബാറ്റര്‍മാർ. 13 പന്തുകളിൽനിന്ന് ഹെൻറിച് ക്ലാസൻ 37 റൺസെടുത്തു. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന ഓപ്പണിങ് സഖ്യം 97 റൺസാണ് നേടിയത്. ഒരു ഭാഗത്ത് അഭിഷേക് ബൗണ്ടറികൾ ലക്ഷ്യമിട്ടതോടെ പിന്തുണ നൽകാനായിരുന്നു ഹെഡിന്റെ ശ്രമം.
ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ എറിഞ്ഞ ഒൻപതാം ഓവറിൽ സമീർ റിസ്‍വി ക്യാച്ചെടുത്ത് ഹെഡിനെ പുറത്താക്കി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷനും അടിച്ചുതുടങ്ങിയതോടെ 13 ഓവറിൽ ഹൈദരാബാദ് 150 കടന്നു. നിതീഷ് റാണയാണ് ഇഷാനെ റൺഔട്ടാക്കിയത്. 47 പന്തുകളിൽ അഭിഷേക് സെഞ്ചറി പിന്നിട്ടു. തുടർന്നും അഭിഷേക് ബൗണ്ടറികൾ കണ്ടെത്തി. ഹെൻറിച് ക്ലാസൻ മൂന്നു വീതം സിക്സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. നാലോവറുകൾ പന്തെറിഞ്ഞ മുകേഷ് കുമാർ 53 റൺസും, നിതീഷ് റാണ 55 റൺസുമാണു വഴങ്ങിയത്.
English Summary:







English (US) ·