Published: February 13, 2026 11:07 PM IST Updated: February 14, 2026 08:08 AM IST
1 minute Read
ചെന്നൈ ∙ ബാറ്റർ സായ്തേജ മുക്കാമല്ലയുടെ കരുത്തിൽ (51 പന്തിൽ 79) യുഎസ്എ കെട്ടിയുയർത്തിയ റൺമലയ്ക്കു മുന്നിൽ കിതച്ച നെതർലൻഡ്സിനു 93 റൺസിന്റെ കനത്ത തോൽവി. ബാറ്റിങ്, ബോളിങ് നിരകൾ ഒരു പോലെ തിളങ്ങിയതോടെ ഈ ട്വന്റി20 ലോകകപ്പിൽ യുഎസിനു കന്നിവിജയം. സ്കോർ: യുഎസ്എ 20 ഓവറിൽ 6ന് 196. നെതർലൻഡ്സ് 15.5 ഓവറിൽ 103ന് ഓൾ ഔട്ട്. 4 വിക്കറ്റു നേടിയ യുഎസ് ബോളർ ഹർമീത് സിങ്ങാണു പ്ലെയർ ഓഫ് ദ് മാച്ച്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നെതർലൻഡ്സിനെ കടുത്ത സമ്മർദത്തിലാക്കി യുഎസ് ക്യാപ്റ്റൻ മോനക് പട്ടേലും മൂന്നാമനായിറങ്ങിയ സായ്തേജ മുക്കാമല്ലയും ചേർന്നു തകർത്തടിക്കുകയായിരുന്നു. ഇവരുടെ കൂട്ടുകെട്ട് 37 പന്തുകളിൽ 55 റൺസ് അടിച്ചെടുത്തു. പിന്നാലെ മുക്കാമല്ലയും ശുഭം രഞ്ജനും ചേർന്നു നാലാം വിക്കറ്റിൽ 35 പന്തിൽ 54 നേടി. മധ്യ ഓവറുകളിൽ 100 റൺസാണു യുഎസ് അടിച്ചു കൂട്ടിയത്. ശുഭം രഞ്ജൻ 24 പന്തുകളിൽ നിന്നു 48 റൺസുമായി പുറത്താകാതെനിന്നു. നെതർലൻഡ്സിനു വേണ്ടി ബാസ് ദെ ലീഡ് 3 വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സ് ബാറ്റർമാരെ ഒരിക്കൽപോലും നിലയുറപ്പിക്കാൻ യുഎസ് അനുവദിച്ചില്ല. ഇടംകൈ സ്പിന്നർ ഹർമീത് സിങ്ങിന്റെ സ്പിൻ കെണിയാണ് നെതർലൻഡ്സിന്റെ വീഴ്ച വേഗത്തിലാക്കിയത്. യുഎസ് ബോളർ ഷാഡ്‌ലി വാൻ സ്കാൽക്‌വൈക് 3 വിക്കറ്റുകളും നേടി.വിജയത്തോടെ ഗ്രൂപ്പ് എയിൽ യുഎസ്എ മൂന്നാം സ്ഥാനത്തെത്തി. 18ന് ഇന്ത്യയ്ക്കെതിരെയാണ് നെതർലൻഡ്സിന്റെ അടുത്ത മത്സരം. യുഎസ്എ നാളെ നമീബിയയെ നേരിടും.
English Summary:







English (US) ·